ശ്രേഷ്ഠ പദവിക്കായി കേരള കമ്മിറ്റി വ്യാജവാദങ്ങളുന്നയിച്ചു -എം.ജി.എസ്

തിരുവനന്തപുരം: മലയാളത്തിന് ശ്രേഷ്ഠ പദവിക്കുവേണ്ടിയുള്ള റിപ്പോര്‍ട്ട് തയാറാക്കിയ കേരള അംഗങ്ങള്‍ വ്യാജവാദങ്ങളുന്നയിച്ചതായി കേന്ദ്ര സാഹിത്യ അക്കാദമി നിയോഗിച്ച കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവ് എം.ജി.എസ്. നാരായണന്‍. 

മലയാളത്തിന് ശ്രേഷ്ഠ പദവിക്കായി പൊരുതിയ കേന്ദ്രസമിതി അംഗം ഡോ.ശ്രീനാഥിനോട് നാട് നന്ദികേട് കാട്ടിയെന്ന ‘മാധ്യമം’ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  
ഡോ.ശ്രീനാഥനോട് സംസ്ഥാന സര്‍ക്കാര്‍ നന്ദികേട് കാട്ടിയത് വിവരക്കേടാണ്. മലയാളത്തിന് ശ്രേഷ്ഠ പദവി കിട്ടാന്‍ ഒരുപാട് സഹായിച്ചയാളാണ് അദ്ദേഹം. കേരള സര്‍ക്കാറിന് അത് തിരിച്ചറിയാന്‍ കഴിയാതെ പോയത് വേദനാജനകമാണ്. കേരള അംഗങ്ങള്‍ പറയുന്നതുപോലെ അവരുടെ കഴിവോ റിപ്പോര്‍ട്ടിന്‍െറ മഹിമയോ കൊണ്ടല്ല മലയാളത്തിന് ശ്രേഷ്ഠ പദവി ലഭിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി കമ്മിറ്റിയില്‍ ഡോ.ശ്രീനാഥനും താനും കെ.ജയകുമാറും അടക്കമുള്ളവര്‍ മലയാളത്തിന്‍െറയും തമിഴിന്‍െറയും പൂര്‍വ ഭാഷ ഒന്നാണെന്ന വസ്തുത മറ്റ് കേന്ദ്ര അംഗങ്ങളെ ബോധ്യപ്പെടുത്തിയത്കൊണ്ടാണ്. കേരള അംഗങ്ങള്‍ ഹാജരാക്കിയ തെളിവുകളും വിലയിരുത്തലുകളും വായിച്ചാല്‍ ചിരിച്ചുപോകും. അത്രക്ക് വിഡ്ഡിത്തങ്ങള്‍ അതില്‍ നിറച്ചിട്ടുണ്ട്. യാതൊരുവിധ ചരിത്ര ബോധവുമില്ലാത്ത തരത്തില്‍ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിലെ പല വാദങ്ങളും ഭാഷാ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും തള്ളിക്കളഞ്ഞതാണെന്നും എം.ജി.എസ് പറഞ്ഞു.
അശോകന്‍െറ ശാസനങ്ങളില്‍  ഉള്ള ‘കേരള പുതോ’എന്ന പദം കേരളരാജ്യവുമായി ബന്ധപ്പെട്ടുള്ളതാണെന്ന നിഗമനം കേരള കമ്മിറ്റി ഹാജരാക്കിയ റിപ്പോര്‍ട്ടിലെ ബാലിശ വാദങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തൃശിനാപ്പള്ളി റെയില്‍വേ സ്റ്റേഷനടുത്തുള്ള കരൂര്‍ എന്ന സ്ഥലത്തുണ്ടായിരുന്ന  ആദി ചേരന്മാരുടെ ആസ്ഥാനവുമായി ബന്ധപ്പെട്ട വിശേഷണമായിരുന്നു ഈ പദം. 
 ശാസനങ്ങളില്‍ പറയുന്ന കാലത്ത് കേരളരാജ്യം ഉണ്ടായിരുന്നെന്ന അബദ്ധം അവര്‍ കമ്മിറ്റിയിലും ആവര്‍ത്തിച്ചപ്പോള്‍ വിലപ്പോയില്ല. ഇടക്കല്‍ ഗുഹയില്‍ കണ്ടത്തെിയ ശിലാലിഖിതങ്ങളിലെ ഭാഷക്ക് മലയാളവുമായി സാമ്യം ഉണ്ടെന്നതായിരുന്നു മറ്റൊരുവാദം. ഇടക്കല്‍ ഗുഹയില്‍ ഉള്ളത് ബ്രാഹ്മി ലിപിയാണ്. ഇതിന് മലയാളവുമായി യാതൊരു സാമ്യവുമില്ല. എന്നാല്‍  അവര്‍ ചൂണ്ടിക്കാട്ടിയത്’ പര്‍പ്പുലി’ എന്ന പദം പുലി എന്ന മലയാള പദത്തോട് സാദൃശ്യം കാട്ടുന്നുവെന്നായിരുന്നു. എന്നാല്‍ പുലിക്ക് ദക്ഷിണ ഭാഷകളിലെല്ലാം പുലി എന്നുതന്നെയാണ് പറയുന്നത്. ഇതുപോലും അറിയാതെയാണ് നടുവട്ടം ഗോപാലകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ വാദമുന്നയിച്ച് പരിഹാസ്യരായത്. 
കേരളത്തില്‍നിന്ന് നല്‍കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വെല്ലുവിളിക്കുന്നതായും എം.ജി.എസ്  പറഞ്ഞു. അങ്ങനെ പ്രസിദ്ധീകരിച്ചാല്‍ പൂച്ച് വെളിയിലാകും.  കഴിഞ്ഞ ഡിസംബറില്‍ നടന്ന കമ്മിറ്റിയില്‍ കേരള അംഗങ്ങളായ മൂന്നുപേരും കേന്ദ്ര സാഹിത്യ അക്കാദമി ക്ഷണിതാവായി താനും കേന്ദ്ര സമിതി അംഗമായി ഡോ.ശ്രീനാഥനും ഒപ്പം കെ.ജയകുമാറും പങ്കെടുത്തു. കമ്മിറ്റിയില്‍ നടന്ന കാര്യങ്ങള്‍ പത്രക്കുറിപ്പായി പുറത്തിറക്കാന്‍ കെ. ജയകുമാറിനെ ചുമതലപ്പെടുത്തി. മലയാളത്തിന്‍െറയും തമിഴിന്‍െറയും  മൂലഭാഷ ഒന്നുതന്നെയാണെന്ന് തങ്ങള്‍ കമ്മിറ്റിയില്‍ തെളിയിച്ചെന്നാണ് നല്‍കേണ്ടതെന്നും തീരുമാനിച്ചു. എന്നാല്‍ പിറ്റേന്ന് നടുവട്ടം ഗോപാലകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള മൂന്ന് അംഗങ്ങളുടെ പത്രക്കുറിപ്പാണ് പുറത്തുവന്നത്. ഇതില്‍ അവരുടെ വാദങ്ങള്‍ വിജയിച്ചെന്ന അസത്യമായിരുന്നു. ഇതിനാലാണ് താന്‍ പിറ്റേന്ന് ഒരു ദിനപത്രത്തില്‍ എതിരായി ലേഖനം എഴുതിയതെന്നും എം.ജി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT