കവിയും കവിതയുമില്ലാതെ കവി ഡി. വിനയചന്ദ്രന്‍റ ജന്മദിനാഘോഷം

തിരുവനന്തപുരം: കവിയും കവിതയുമില്ലാതെ ഒരു ജന്മദിനാഘോഷം. കവി ഡി. വിനയചന്ദ്രന്‍റ സ്മരണകള്‍ നിറച്ചാണ് സഹൃദയര്‍ മാഷിന്‍െറ ജന്മദിനം കൊണ്ടാടിയത്. കവി ജീവിച്ചിരുന്നെങ്കില്‍ 67 വയസ്സ് തികയുമായിരുന്നു. 
പക്ഷേ, വിനയചന്ദ്രന്‍ പിറന്നാളൊന്നും ആഘോഷിച്ചിരുന്നില്ല; ഓര്‍മിക്കാറുമില്ല. ആ യാഥാര്‍ഥ്യം ഒത്തുകൂടിയവര്‍ പങ്കുവെക്കുകയും ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പരിചയക്കാരും സുഹൃത്തുക്കളും ജന്മദിനത്തിന്  ഒത്തുചേര്‍ന്നത്. 
‘ഈ പുതുമഴ നനയാന്‍ നീ കൂടെയുണ്ടായിരുന്നെങ്കില്‍ 
ഓരോ തുള്ളിയേയും ഞാന്‍നിന്‍െറ പേരിട്ടു വിളിക്കുന്നു 
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു 
ഒടുവില്‍ നാം ഒരു മഴയാകും വരെ...’ 
കവിതയും ഓര്‍മകളും പലരുടേയും കണ്ണുകളെ ഈറനണിയിച്ചു. കവിയുടെ സഹോദരി ശ്രീദേവി പൊട്ടിക്കരഞ്ഞു. സുഗതകുമാരി അവരെ ആശ്വസിപ്പിച്ചു. ഗൗരി ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ജന്മദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചത്. സ്വയം നശിക്കുകയായിരുന്നു ആ മനുഷ്യന്‍. കാടുകളിലും മേടുകളിലും ക്ഷേത്രങ്ങളിലുമൊക്കെ കറങ്ങിനടന്ന് അവിടെയൊക്കെ ഇരുന്ന് ഭ്രാന്തമായി കവിതകള്‍ ചൊല്ലി -സുഗതകുമാരി ഓര്‍മിച്ചു. പ്രഫ. ഹൃദയകുമാരി, പ്രഫ.വി. മധുസൂദനന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, സി.പി.നായര്‍, വിനയചന്ദ്രന്‍റ സഹോദരന്‍ വേണുഗോപാല്‍ തുടങ്ങിയവരും പങ്കെടുത്തു. കവിയെക്കുറിച്ച ‘ഐ ആം ദാറ്റ്’ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT