ശ്രേഷ്ഠ ഭാഷാപദവി പുരസ്കാരങ്ങള്‍ക്ക് അക്കിത്തത്തെയും എം.ടി യെയും പരിഗണിക്കണം -പെരുമ്പടവം

തിരുവനന്തപുരം: മലയാളത്തില്‍ ശ്രേഷ്ഠഭാഷാപദവിയുമായി ബന്ധപ്പെട്ട പുരസ്കാരങ്ങള്‍ക്ക് കവി അക്കിത്തം, എം.ടി എന്നിവരെയാണ് പരിഗണിക്കേണ്ടതെന്ന് കേരള സാഹിത്യഅക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍.പുരസ്കാരങ്ങള്‍ വീതിച്ചെടുക്കാന്‍ രാഷ്ട്രീയ ചരടുവലികള്‍ നടക്കുന്നു എന്ന ‘മാധ്യമം’  വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  
മലയാളത്തില്‍ ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ കവിയാണ് അക്കിത്തം. കവിത്രയങ്ങള്‍ക്ക് ശേഷമുള്ള അവതാരം സാക്ഷാല്‍ ചങ്ങമ്പുഴയാണ്. എന്നാല്‍ ചങ്ങമ്പുഴ കഴിഞ്ഞുള്ള  മലയാളത്തിലെ  എക്കാലത്തെയും അവതാരം അക്കിത്തമാണ്. അദ്ദേഹത്തിന്‍െറ രാഷ്ട്രീയം ചര്‍ച്ചക്കെടുക്കേണ്ട വിഷയമല്ളെന്നും പെരുമ്പടവം അഭിപ്രായപ്പെട്ടു. 
മലയാളികളുടെ മനോവ്യാപാരങ്ങളെ അതിസൂക്ഷ്മമായി ആവിഷ്കരിച്ച എഴുത്തുകാരനാണ് എം.ടി. അദ്ദേഹം എഴുതുമ്പോള്‍ നമ്മള്‍ വായിക്കുന്നത് നമ്മുടെ തന്നെ ജീവിതമാണ്.
എന്നാല്‍ മറ്റുള്ള ആര്‍ക്കും താന്‍ എതിരല്ളെന്നും  പെരുമ്പടവം ചൂണ്ടിക്കാട്ടി. മലയാളത്തിന് ശ്രേഷ്ഠ പദവിയുമായി ബന്ധപ്പെട്ട്  സംസ്ഥാന സര്‍ക്കാറിന്‍െറ എല്ലാ തുടര്‍പരിപാടികള്‍ക്കും സാഹിത്യഅക്കാദമി സമ്പൂര്‍ണപിന്തുണ നല്‍കും.  
ശ്രേഷ്ഠഭാഷാപദവിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ,വരുന്ന ചിങ്ങം ഒന്നിന് മലയാളസമ്മേളനം നടത്തുമെന്നും പെരുമ്പടവം പറഞ്ഞു.  
പുരസ്കാരങ്ങള്‍ പങ്കുവെക്കാന്‍ രാഷ്ട്രീയചരടുവലികള്‍ നടക്കുന്നെന്ന വാര്‍ത്ത ‘മാധ്യമം’ പുറത്തുവിട്ടതോടെ ഇതനുവദിച്ചുകൂടെന്ന അഭിപ്രായം ഭാഷാസ്നേഹികളില്‍ ഉയര്‍ന്നിട്ടുണ്ട്.
2007  നവംബര്‍ 14ന് ഇറങ്ങിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനപ്രകാരം പദവി കിട്ടുന്ന ഭാഷയിലെ ഒരു പ്രമുഖ പണ്ഡിതന് ആജീവനാന്ത പുരസ്കാരം ലഭിക്കുമെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  രാഷ്ട്രപതി വിതരണം ചെയ്യുന്ന ഈ പുരസ്കാരം അഞ്ച്ലക്ഷം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ്. ഇതിനൊപ്പം ഭാഷക്കുവേണ്ടി സേവനം നടത്തിയ രണ്ടുപേര്‍ക്ക്  അഞ്ചുലക്ഷം രൂപ വീതിച്ചുനല്‍കും. 
ഭാഷക്കായി വിലപ്പെട്ട സേവനം നടത്തിയ  ഇന്ത്യക്കകത്തോ പുറത്തോ ഉള്ള എഴുത്തുകാര്‍ക്കാണ് തുക നല്‍കുക. രണ്ട് അവാര്‍ഡുകള്‍ക്ക് പുറമെ മുപ്പതിനും നാല്‍പതിനും മധ്യേ പ്രായമുള്ള അഞ്ച് ഗവേഷകര്‍ക്ക് ഓരോ ലക്ഷം രൂപയുടെ അവാര്‍ഡുകളുമുണ്ട്.
 ഈ പുരസ്കാരങ്ങള്‍ നിശ്ചിത കാലങ്ങള്‍ക്കിടയില്‍ ആവര്‍ത്തിക്കപ്പെടുന്നത് അല്ല . തിരുവനന്തപുരത്ത് താമസിക്കുന്ന രണ്ട് കവികള്‍ക്കും ഇംഗ്ളണ്ടില്‍ നിന്നുള്ള വിവര്‍ത്തകനും  പുരസ്കാരങ്ങള്‍ നല്‍കാനാണ് അണിയറ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT