കവിത പിന്‍വലിച്ചത് അധാര്‍മികമെന്ന് സാംസ്കാരിക ലോകം

കോഴിക്കോട്: അല്‍ഖാഇദ തീവ്രവാദിയെന്നാരോപിച്ച് അറബ് കവി ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്‍െറ കവിത പാഠപുസ്തകത്തില്‍നിന്ന് പിന്‍വലിക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ സാംസ്കാരിക ലോകത്തുനിന്നും പ്രതിഷേധമുയരുന്നു.
 ബിരുദ മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ‘ലിറ്ററേച്ചര്‍ ആന്‍ഡ് കണ്ടംപററി ഇഷ്യൂസ്’ എന്ന പുസ്തകത്തിലാണ് റുബായിഷിന്‍െറ ‘ഓഡ് റ്റു ദ സീ’ എന്ന കവിത പഠിക്കാനുള്ളത്. അമേരിക്കയുടെ മേല്‍നോട്ടത്തിലുള്ള കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയില്‍ കഴിഞ്ഞിരുന്ന കാലത്ത് റുബായിഷ് കരിക്കട്ട കൊണ്ട് ജയില്‍ ഭിത്തികളില്‍ എഴുതിയ കവിതയാണിത്.
ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷ് അല്‍ഖാഇദക്കാരനാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് നിരൂപകനും സിംഗപ്പൂര്‍ യൂനിവേഴ്സിറ്റി അധ്യാപകനുമായ ടി.ടി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. അല്‍ഖാഇദക്കാരനായിരുന്നെങ്കില്‍ അയാള്‍ ഒരിക്കലും ഗ്വണ്ടാനമോ തടവറയില്‍നിന്ന് പുറത്തുവരുമായിരുന്നില്ല. ജീവിതത്തിന്‍െറ പ്രത്യാശകള്‍ നശിച്ച് സോവിയറ്റ് യൂനിയനിലെ തടവറകളിലും നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും അടക്കപ്പെട്ട മനുഷ്യര്‍ കരി കൊണ്ടും പേസ്റ്റുകൊണ്ടും ഭിത്തികളില്‍ എഴുതിയ കവിതകളും കുറിപ്പുകളും പില്‍ക്കാലത്ത് ലോകം ആവേശത്തോടെ അംഗീകരിച്ചിട്ടുണ്ട്.
അതുപോലെ ഗ്വണ്ടാനമോ തടവറയില്‍ അടക്കപ്പെട്ടവര്‍ എഴുതിയ കവിതകളുടെ സമാഹാരമായ ‘പോയംസ് ഫ്രം ഗ്വണ്ടാനമോ’ എന്ന സമാഹാരത്തിലെ ഒരു കവിതയാണിത്. പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച മാര്‍ക് ഡി. ഫാല്‍കോഫ് അമേരിക്കയിലെ നോര്‍തേണ്‍ ഇലനോയി സര്‍വകലാശാലയിലെ നിയമവിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറാണ്.സാമ്രാജ്യത്വ സില്‍ബന്ധികളെ അസ്വസ്ഥപ്പെടുത്തുന്നതായതുകൊണ്ടായിരിക്കാം സര്‍വകലാശാല കവിത നിരോധിച്ചതെന്ന് കെ.ഇ.എന്‍ പ്രതികരിച്ചു. ഒരു കവിതയും കവിയുടെ ആത്കഥയുടെ അനുബന്ധമായി ചുരുക്കാന്‍ കഴിയില്ല. കവി നിരോധിക്കപ്പെട്ട സംഘടനയില്‍ പെട്ട ആളാണെങ്കില്‍ പോലും ആ കവിത നിരോധിക്കപ്പെടേണ്ടതില്ല.
ഗ്വണ്ടാനമോകള്‍ അടക്കമുള്ള ഭീകരതകള്‍ നിരന്തരം ലോകത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് സാമ്രാജ്യത്വമാണ്. അവര്‍ തന്നെയാണ് അതിനെതിരെ പ്രതികരിക്കുന്നവരെ പ്രതികളാക്കുന്നത്. അക്കാദമിക പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത കവിതയാണിത്. കമീഷനെ നിയമിച്ച് കവിത നിരോധിക്കേണ്ട. എന്താണ് അതിലുള്ളതെന്നും എന്ത് സാഹചര്യമാണ് കേരളത്തില്‍നിലനില്‍ക്കുന്നതെന്ന് സര്‍വകലാശാല വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഴുത്തുകാരന്‍െറ ജീവിത പശ്ചാത്തലമോ സ്വഭാവ സര്‍ട്ടിഫിക്കറ്റോ നോക്കി കൃതികളെ വിലയിരുത്തുകയാണെങ്കില്‍ ലോക പ്രശസ്തരായ പല എഴുത്തുകാരുടെയും കൃതികള്‍ പഠിപ്പിക്കാന്‍ കഴിയില്ളെന്ന് നോവലിസ്റ്റും കവിയുമായ ടി.പി. രാജീവന്‍ പറഞ്ഞു. ഹിറ്റ്ലറുടെ മൊഗാഫോണായി പ്രവര്‍ത്തിച്ചയാളാണ് ലോക പ്രശസ്ത കവിയായ എസ്രാ പൗണ്ട്. ഷെനെ എന്ന എഴുത്തുകാരന്‍ തെരുവുഗുണ്ടയും വ്യഭിചാരിയുമായിരുന്നു. റില്‍കെ എന്ന കവി അടിമക്കച്ചവടം നടത്തിയിരുന്നയാളാണ്. അവരുടെ ഒക്കെ കവിതകള്‍ ലോകത്തെങ്ങും പഠിപ്പിക്കുന്നതിന് തടസ്സമില്ളെന്നിരിക്കെ റുബായിഷിന്‍െറ കവിതയെ സംശയത്തിന്‍െറ പേരില്‍ സര്‍വകലാശാല വിലക്കിയത് ശരിയായില്ളെന്ന് അദ്ദേഹം പറഞ്ഞു.

കവിത വന്നവഴി അന്വേഷിക്കണം -പി.കെ. കൃഷ്ണദാസ്
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പാഠപുസ്തകത്തില്‍ അല്‍ഖാഇദ ഭീകരന്‍െറ കവിത ഉള്‍പ്പെടുത്തിയതിനു പിന്നില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് ഭീകര വിരുദ്ധ സ്ക്വാഡ് അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. വിവാദം ഉയര്‍ന്നശേഷം കവിത പിന്‍വലിച്ച് പ്രശ്നത്തില്‍നിന്ന് തലയൂരാനാണ് സര്‍വകലാശാല ശ്രമിക്കുന്നത്.  കേരളത്തിലെ സര്‍വകലാശാലകളിലും ഭീകരവാദ സ്വാധീനം ഉണ്ടെന്നതിന്‍െറ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.