വയലാര്‍ അവാര്‍ഡ് കൃതിക്കെതിരെ അവഹേളനം; കെ.പി. രാമനുണ്ണി കോടതിയില്‍

കോഴിക്കോട്: വയലാര്‍ അവാര്‍ഡ് നേടിയ തന്‍െറ കൃതിയെ ആഭാസകരമായി ചിത്രീകരിച്ചതിനും മാനഹാനി ഉണ്ടാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനുമെതിരെ കെ.പി. രാമനുണ്ണി, ‘സാഹിത്യവിമര്‍ശം’ ദൈ്വമാസികക്കും ഡോ. എം.എം. ബഷീറിനുമെതിരെ കോടതിയെ സമീപിച്ചു. മാസികയുടെ എഡിറ്റര്‍ സി.കെ. ആനന്ദന്‍പിള്ളയെയും ബഷീറിനെയും പ്രതിചേര്‍ത്ത് അഡ്വ. പി.വി. ഹരി, അഡ്വ. എം. സുഷമ എന്നിവര്‍ മുഖേന കോഴിക്കോട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. മജിസ്ട്രേറ്റ് പി.ടി. പ്രകാശന്‍ ഹരജി ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടു.
തൃശൂരില്‍നിന്നിറങ്ങുന്ന മാസികയുടെ ഏപ്രില്‍-മേയ് ലക്കം കവര്‍ പേജില്‍ വയലാര്‍ അവാര്‍ഡ് നേടിയ ‘ജീവിതത്തിന്‍െറ പുസ്തകം’ എന്ന തന്‍െറ കൃതിയെ ആഭാസകരമായി ചിത്രീകരിച്ചുവെന്ന് രാമനുണ്ണി പറഞ്ഞു. നോവലിലെ ഭാഗങ്ങള്‍ വളച്ചൊടിച്ച് അത് അശ്ളീലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡോ. എം.എം. ബഷീര്‍ ലേഖനത്തിലൂടെ ശ്രമിച്ചു. നോവലിസ്റ്റ് അസാന്മാര്‍ഗികനാണെന്നും വളഞ്ഞ മാര്‍ഗത്തിലൂടെ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുന്നവനാണെന്നും അടിസ്ഥാനരഹിതമായി ലേഖനത്തില്‍ ആരോപിച്ചെന്നും രാമനുണ്ണി ചൂണ്ടിക്കാട്ടി.
തന്‍െറ സാഹിത്യജീവിതത്തില്‍ ഇങ്ങനെ അപമാനവും വേദനയും അനുഭവിച്ച സന്ദര്‍ഭമുണ്ടായിട്ടില്ല. ഒരു പുസ്തകത്തിന്‍െറ മുഖം വെട്ടി വികൃതമാക്കി അതിന്മേല്‍ ‘തെറിപ്പുസ്തകം’ എന്നെഴുതിവെച്ച സംഭവം കേരളത്തില്‍ ആദ്യമായാണ്. ഇങ്ങനെ എഴുത്തിനെയും എഴുത്തുകാരനെയും അപമാനിക്കുന്നതിന് റിട്ട. പ്രഫസറായ എം.എം. ബഷീര്‍ കൂട്ടുനിന്നത് സങ്കടകരമാണ്. മലയാറ്റൂര്‍ അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷത്ത് അവാര്‍ഡ് എന്നിവ ലഭിച്ച കൃതിയെക്കുറിച്ച് നല്ലതു പറഞ്ഞ നിരൂപകരെയും അംഗീകാരങ്ങള്‍ നല്‍കിയ ഉന്നതരെയും മാസികയില്‍ നിന്ദിച്ചിട്ടുണ്ട്. പ്രഫ. എം.കെ. സാനുവിനെയും പി. രാജീവനെയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്.
തനിക്ക് അങ്ങേയറ്റം മാനഹാനി ഉണ്ടാക്കി എന്നതിനുപുറമെ എഴുത്തിനെയും എഴുത്തുകാരെയും വിലയിടിച്ചുകാണിക്കുന്ന ഇത്തരം പ്രവണത നമ്മുടെ സാഹിത്യപാരമ്പര്യത്തെ കൊഞ്ഞനംകുത്തുന്നതാണെന്നും അതിനാല്‍ പൊതുപ്രശ്നമായി നേരിടണമെന്നും രാമനുണ്ണി കൂട്ടിച്ചേര്‍ത്തു.

പുസ്തകം നിറയെ പച്ചത്തെറി; കോടതിയെ അറിയിക്കും -എം.എം. ബഷീര്‍
കോഴിക്കോട്: കെ.പി. രാമനുണ്ണിയുടെ ‘ജീവിതത്തിന്‍െറ പുസ്തകം’ എന്ന കൃതിയില്‍ നിറയെ പച്ചത്തെറിയാണെന്നും ഇത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുമെന്നും ഡോ. എം.എം. ബഷീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേസ് നടത്താന്‍ തയാറാണ്. സാഹിത്യത്തിന്‍െറ പേരില്‍ നടത്തുന്ന അശ്ളീലമെഴുത്തിനെക്കുറിച്ചും അപഥസഞ്ചാരത്തെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തും. പുസ്തകം വായിക്കാന്‍ കോടതി തയാറാവണം.
അശ്ളീലമെന്ന് മുദ്രകുത്തി ലോകത്ത് നിരോധിക്കപ്പെട്ട നിരവധി പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ട്. അതിനക്കോള്‍ എത്രയോ കടുത്ത അശ്ളീലമാണ് രാമനുണ്ണിയുടെ പുസ്തകത്തിലുള്ളത്. പുസ്തകത്തിലെ ഒരു അധ്യായമെങ്കിലും കോടതിയില്‍ വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചാല്‍ കോടതിക്കുമത് ബോധ്യപ്പെടും -എം.എം. ബഷീര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT