ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു; നമ്പാടന്‍െറ ആത്മകഥക്കും പുരസ്കാരം

തിരുവനന്തപുരം: അബൂദബി ശക്തി തിയറ്റേഴ്സിന്‍െറ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇടപ്പള്ളി കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവനുഭവിച്ച പയ്യപ്പള്ളി ബാലന്‍ ടി.കെ. രാമകൃഷ്ണന്‍ പുരസ്കാരത്തിനര്‍ഹനായി. ഇതര സാഹിത്യ വിഭാഗത്തില്‍ ലോനമ്പന്‍ നമ്പാടന്‍െറ സഞ്ചരിക്കുന്ന വിശ്വാസിയെന്ന ആത്മകഥയും അവാര്‍ഡ് നേടിയതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം.പി, കണ്‍വീനര്‍ എരുമേലി പരമേശ്വരന്‍ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നോവല്‍ വിഭാഗത്തില്‍ ആര്‍. ഉണ്ണിമാധവന്‍െറ ‘ശിരസി’, ചെറുകഥയില്‍ സുമേഷ് ചന്ദ്രോത്തിന്‍െറ ‘ബാര്‍കോഡ്’, കവിതയില്‍ വി.ജി. തമ്പിയുടെ ‘നഗ്നന്‍’, നാടകത്തില്‍ എം.എന്‍. വിനയകുമാറിന്‍െറ ‘മറിമാന്‍കണ്ണി’എന്നിവര്‍ പുരസ്കാരംനേടി. വിജ്ഞാന സാഹിത്യത്തില്‍ ഡോ.എം.ആര്‍. രാഘവന്‍ വാര്യരുടെ ജൈനമതം കേരളത്തില്‍ എന്ന പുസ്തകവും ബാലസാഹിത്യത്തില്‍ പത്രം പത്രം കുട്ടികളെ എന്ന ആര്‍.പാര്‍വതിദേവിയുടെ കൃതിയും അവാര്‍ഡ് നേടി. സാഹിത്യ നിരൂപണത്തിനുള്ള തായാട്ട് അവാര്‍ഡ് ഡോ.വി.ലിസി മാത്യുവിനാണ്. ആഗസ്റ്റ് മൂന്നാംവാരം ചെങ്ങന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.ടി.കെ. രാമകൃഷ്ണന്‍ പുരസ്കാരമായി 25,000 രൂപയും ബാലസാഹിത്യത്തിന് 10,000 രൂപയും നല്‍കും. മറ്റ് അവാര്‍ഡുകള്‍ക്ക് 15,000 രൂപയും സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT