മലയാളി ബാല്യത്തെ കഥപറഞ്ഞുണര്‍ത്തിയ എഴുത്തുകാരി

വടക്കാഞ്ചേരി: മലയാളി ബാല്യത്തിന്‍െറ എക്കാലത്തെയും പ്രിയ കഥപറച്ചിലുകാരിയാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിന് അര്‍ഹയായ സുമംഗല. ഈ പുരസ്കാരം മലയാളത്തിന്‍െറ ബാലസാഹിത്യമേഖലക്ക് ഉണര്‍വുപകരുന്നു.
1979ലും 2005ലും ബാലസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി യ സുaംഗലക്ക് കേരള സാമൂഹിക ക്ഷേമവകുപ്പിന്‍െറ അവാര്‍ഡും കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കഥ, നോവല്‍ എന്നിവക്ക് പുറമെ കുട്ടികള്‍ക്കുവേണ്ടി അമ്പതിലേറെ കഥകളും ചെറുനോവലുകളും രചിച്ചു. വിഷ്ണുശര്‍മയുടെ പഞ്ചതന്ത്രം, ശുകസപ്തതിയുടെ തത്തപറഞ്ഞ കഥകള്‍ എന്നിവ പുനരാഖ്യാനം ചെയ്തു. സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ആശ്ചര്യചൂഢാമണിയും കൂടിയാട്ടത്തിന്‍െറ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു.
കുറിഞ്ഞിയും കൂട്ടുകാരും, നെയ്പ്പായസം, മഞ്ചാടിക്കുരു, മിഠായിപ്പൊതി, നാടോടി ചൊല്‍ക്കഥകള്‍, രഹസ്യം, കുടമണികള്‍ എന്നിവ കുട്ടികളുടെ മനസ്സ് കവര്‍ന്ന കൃതികളാണ്.
കലാമണ്ഡലം പബ്ളിസിറ്റി വിഭാഗം ജീവനക്കാരിയായിരുന്നു. 1934 മേയ് 16ന് പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ എം.ഒ.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്‍െറയും ഉമ അന്തര്‍ജനത്തിന്‍െറയും മകളായി ജനിച്ചു. ദേശമംഗലം മനക്കല്‍ ഡി.എ. നമ്പൂതിരിപ്പാടാണ് ഭര്‍ത്താവ്. ഇദ്ദേഹം മൂന്നുമാസം മുമ്പ് മരിച്ചു. മക്കള്‍: ഉഷ നമ്പൂതിരിപ്പാട്, ഡി. നാരായണന്‍ നമ്പൂതിരിപ്പാട്, ഡി. അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട്. മകന്‍ കുമരനെല്ലൂര്‍ മനക്കലെ നാരായണന്‍ നമ്പൂതിരിപ്പാടിനോപ്പമാണ് ഇപ്പോള്‍ താമസം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT