ഡിസംബറിന്‍െറ തുടക്കം. തണുപ്പ് അരിച്ചിറങ്ങേണ്ട കാലം. പക്ഷേ മലയാളത്തിന്‍െറ നെഞ്ചകങ്ങളില്‍ പതിവു തണുപ്പില്ല. പകരം ഭീതിയുടെ തീപ്പൊട്ടുകള്‍. കോഴിക്കോട്ടെ ആ മാന്‍ഹോളും ഒഴുകിപ്പരന്ന അഴുകിയ ദുര്‍ഗന്ധത്തെ തോല്‍പ്പിക്കുന്ന വിഷംപുരണ്ട വാക്കുകളും. ഈ മരവിപ്പുകള്‍ക്കിടയിലാണ് രണ്ടു പേര്‍  ചേര്‍ന്ന് എറണാകുളത്ത് ‘സൂഫിയാനാ കലാം’ നടത്തുന്നതറിഞ്ഞത്. പരമ്പരാഗത സൂഫി സംഗീത രംഗത്തെ അപൂര്‍വഗായകരെ കേള്‍ക്കണമെന്നുതോന്നി. പോയി. സദസ്സിലേക്കുള്ള നടവഴി പാതി പിന്നിട്ടപ്പോള്‍ കേട്ടു, ഒഴുകിയത്തെുന്ന അറബിമലയാളവും ഉറുദുവും പേര്‍ഷ്യനും സംസ്കൃതവും കലര്‍ന്ന നാദധാര. കയറിച്ചെല്ലുമ്പോള്‍ കണ്ടു, തറയിലിരുന്നു നീട്ടിപ്പാടുകയാണ് രണ്ടു ചെറുപ്പക്കാര്‍.
‘ഇച്ച പച്ചയില്‍ കച്ചോടം ചെയ്യന്നീലാ...
മെച്ച സ്വര്‍ഗത്തില്‍ ആശ്ചര്യം കൂറുന്നില്ലാ...
അച്ചരൂപ നരകത്തെ പേടിയില്ലാ...
ഉച്ചനേരം ലിഖാ എന്നില്‍ കാട്ടിടല്ലാഹ്...’
ഉച്ചസ്ഥായിയില്‍ ഉയരുന്നത് ഇച്ചാമസ്താന്‍. ഒപ്പം  റാബിയാ അല്‍ ബസരിയ. കവിതയും കഥകളും വ്യാഖ്യാനങ്ങളുമായി നാരായണഗുരുവും ഹല്ലാജ് മന്‍സൂറും നിത്യചൈതന്യ യതിയും ജലാലുദ്ദീന്‍ റൂമിയുമെല്ലാം. നട്ടുച്ചക്ക് ദര്‍ശനം കിട്ടിയപോലെ സദസ്സില്‍ സ്വയം മറന്നിരിക്കുന്ന സ്വാമിമാര്‍, മതപണ്ഡിതര്‍, സ്ത്രീകള്‍, കുരുന്നുകള്‍. ഡിസംബര്‍ മറന്ന തണുപ്പു മുഴുവനും വാരിപ്പുതച്ചു നില്‍ക്കുന്ന സദസ്സ്...! ആത്മാവിന്‍െറ വാതില്‍ക്കല്‍ മുട്ടിവിളിച്ച് മനുഷ്യ സ്നേഹത്തിന്‍െറ ശീലുകള്‍ പാടുന്ന ഈ ഗായകര്‍ മലപ്പുറത്തുകാരാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളി ഖവ്വാലി ഗായകരില്‍ വേറിട്ട പാതതെളിച്ച സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും.

മെഹഫില്‍ എന്ന ഉര്‍ദു വാക്കിനര്‍ഥം ഒരുമിച്ചിരുന്നു പാടുക എന്നാണ്. ഉച്ചസ്ഥായിയില്‍ നീട്ടിപ്പാടും. ഇടക്കിടെ കഥപറയും. വീണ്ടും പാടിനീട്ടും. സമയവും കാലവും ദേശാന്തരങ്ങളും മായുന്ന ഒരു യാത്രയാണത്. കുറെ പച്ചമനുഷ്യരുടെ ജീവിതങ്ങളും ദര്‍ശനങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള സംഗീതയാത്ര. അക്ഷരാര്‍ഥത്തില്‍ അത്തരമൊരു മെഹ്ഫില്‍ പോലെയായിരുന്നു സമീറിന്‍െറയും മജ്ബൂറിന്‍െറയും ജീവിതഭാഷണം.

ഖൗല്‍ എന്നാല്‍ വചനം. ഖൗലില്‍ നിന്നും ഖവാലി പിറന്നു. എഴുന്നൂറിലധികം വര്‍ഷത്തെ പഴക്കം. സൂഫിയാനാ കലാം എന്നാല്‍ സൂഫികളുടെ സംസാരങ്ങള്‍; പാടിപ്പറച്ചില്‍; സൂഫിയാനാ ഗസല്‍, ഖവ്വാലി തുടങ്ങിയ സൂഫി രചനകളുടെ സംഗ്രഹം.
ദേശസഞ്ചാരികളായ സൂഫിസന്യാസികളില്‍ നിന്നാവണം ഖവ്വാലി വിത്തുകള്‍ കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ മുളപൊട്ടിയത്.  ഭജനും ഖവ്വാലിയും  തമ്മില്‍ സാമ്യങ്ങളേറെ. ഹംദ്്, നാത്ത് തുടങ്ങിയവ വകഭേദങ്ങള്‍.
സംഗീതത്തില്‍ വലിയ ശാസ്ത്രീയ പരിശീലനമൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല സമീര്‍ ബിന്‍സിക്ക്. നാടക നടനായിരുന്നു പിതാവ് കുഞ്ഞിമുഹമ്മദ്. പക്ഷേ ജീവിതവേഷം പഴക്കച്ചവടക്കാരന്‍െറത്. കല്യാണവീടുകളില്‍ ഒപ്പനപ്പാട്ടു പാടിയിരുന്ന വല്യുമ്മയുടെ ശീലുകള്‍ മാത്രം ബിന്‍സിക്ക് കൈമുതല്‍. ഇമാം മജ്ബൂര്‍ മലപ്പുറത്തെ അറിയപ്പെടുന്ന സംഗീത കുടുംബത്തിലെ അംഗം. ഹിന്ദുസ്ഥാനി ഗായകന്‍ അസീസ് ഭായിയുടെ മകന്‍. ഇമാമിന്‍െറ ജ്യേഷ്ഠന്‍ അക്ബറും സമീറും കളിക്കൂട്ടുകാര്‍. അക്ബറുമായുള്ള സൗഹൃദം ബിന്‍സിയിലെ ഗായകനെ വിളിച്ചുണര്‍ത്തി. വിശ്വാസത്തിന്‍്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള യാത്രകളുടെ തുടക്കവും ഇക്കാലത്താണ്. ഒടുവില്‍ മതാത്മകതയുടെ സംഗീതവും സംഗീതത്തിന്‍െറ മതാത്മകതയും എന്തെന്നുള്ള തിരിച്ചറിവ്. സൂഫിസത്തിലേക്കുള്ള പരാവര്‍ത്തനം അഥവാ തസവ്വുഫ്. കൂട്ടായ്മയിലേക്ക് മജ്ബൂറും വന്നതോടെ സംഘം പാടിപ്പറച്ചിലിനു തുടക്കം കുറിച്ചു. അഞ്ചു വര്‍ഷം മുമ്പ് സമായുമായി ഊരുചുറ്റാനിറങ്ങി.

റാബിയ മുതല്‍ ഇച്ച വരെ
അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഹിന്ദി ഭാഷകളിലെ സൂഫി രചനകളുടെ ആലാപനമാണ് ഇരുവരെയും കേരളത്തിലെ മറ്റ് ഖവ്വാലി ഗായകരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഗസലുകളും ഒപ്പം കേരളത്തിലെ മസ്താന്മാരുടെ ഖവ്വാലികളും ഖുര്‍ആന്‍, ഉപനിഷത്ത് സൂക്തങ്ങളും പൗരാണിക നാടന്‍ശീലുകളും കൂട്ടിയോജിപ്പിച്ചുള്ള ശൈലി.
മന്‍സൂര്‍ ഹല്ലാജ്, റാബിയ അല്‍ബസരിയ, ഇമാം ഗസാലി, അമീര്‍ ഖുസ്രു, ബാബാ ഭുല്ലഷോ തുടങ്ങിയവരുടെ പേര്‍ഷ്യന്‍, ഉര്‍ദു, അറബി രചനകളാണ് കൂടുതലും പാടുന്നത്. റൂമി കൃതികളും മോയിന്‍കുട്ടി വൈദ്യരുടെ ദാര്‍ശനിക ഗാനങ്ങളും മുഹ്യിദ്ദീന്‍ മാലയും കുഞ്ഞായന്‍ മുസ്ലിയാരുമൊക്കെ തബലക്കും ഹാര്‍മോണിയത്തിനുമൊപ്പം ഇഴചേര്‍ത്തുവെക്കും. നാരായണ ഗുരുവിന്‍െറ ആത്മോപദേശ ശതകവും നിത്യചൈതന്യ യതിയുടെ കവിതകളും മേമ്പൊടിയാകും.  മസ്താന്‍ രചനകള്‍ തേടിപ്പിടിച്ചെടുത്ത് സ്വന്തമായി ഈണമൊരുക്കും.
നുസ്രത്ത് ഫത്തേഹ് അലിഖാന്‍, ആബിദ പര്‍വീണ്‍, അസീസ് മിയാന്‍ തുടങ്ങിയ ജനപ്രിയ സൂഫി ഗായകരുടെ ഗാനങ്ങളും തനതുശൈലിയില്‍ അവതരിപ്പിക്കും. പഞ്ചാബി കവി ഹസ്രത്ത് ഷെഹീന്‍ ഷാ സാജി എഴുതിയ ആബിദാ പര്‍വീണിന്‍്റെ ഹിറ്റ് ഗാനം ‘ഹൈരാന്‍ ഹുവാ’ ബിന്‍സിയുടെയും മജ്ബൂറിന്‍െറയും മാസ്റ്റര്‍പീസാണ്. പാകിസ്താനില്‍നിന്നും ആബിദ ഫോണില്‍ വിളിച്ചഭിനന്ദിച്ചപ്പോള്‍ ഷെഹീന്‍ ഷാ സാജി പാട്ടില്‍ കുറിച്ചതുപോലെ ഇരുവരും പരവശരായിപ്പോയത് മറ്റൊരു കഥ.

പണ്ട് ശിഷ്യന്മാര്‍ ജ്ഞാനത്തിന്‍െറ പരമോന്നതിയില്‍ എത്തുമ്പോള്‍  മാത്രമേ ഗുരുക്കന്മാര്‍ സംഗീത സദസ്സുകള്‍ നടത്തിയിരുന്നുള്ളൂ. ജ്ഞാനമില്ലാത്ത വെറും സംഗീതം ജീവിതത്തിന്‍െറ അച്ചടക്കം നഷ്ടമാക്കുമെന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി, നിസാമുദ്ദീന്‍ ഒൗലിയ്യ തുടങ്ങിയവരൊക്കെ കരുതിയിരുന്നു. എന്നാല്‍ ഇന്ന് പാടാതിരുന്നിട്ട് കാര്യമില്ല. പാടിയില്ളെങ്കിലും രചനകളെല്ലാം ജനങ്ങളിലത്തെും. പിന്നെ പലരുടെയും മനോധര്‍മത്തിനനുസരിച്ചാവും വ്യാഖ്യാനങ്ങള്‍. ഉദാഹരണത്തിന് ‘എന്നെ കുടിപ്പിക്കുവിന്‍... എന്നെ മദോന്മത്തനാക്കുവിന്‍’ എന്നൊരു സൂഫി വാക്യമുണ്ട്. മദ്യമല്ല ഗുരു ഉദ്ദേശിച്ചത് ആത്മീയപാനമാണ്. ബാഹ്യാര്‍ഥമല്ല ആന്തരികാര്‍ഥങ്ങളാണ് സൂഫി രചനകളുടെ പ്രത്യേകത. ഈ അര്‍ഥാന്തരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പാട്ടുമായുള്ള ഊരുചുറ്റല്‍. കടപ്പുറമെന്നും ആള്‍ക്കൂട്ടമെന്നും ഭേദമില്ലാതെ എണ്ണമറ്റ വേദികള്‍. കേള്‍ക്കാന്‍ ആരുമില്ളെങ്കിലും പാടും.
സകല സൂഫി കവികളുടെയും ദക്ഷിണേന്ത്യന്‍ മസ്താന്മാരുടെയും രചനകളും റൂമി കൃതികളും മുഹ്യിദ്ദീന്‍ മാലയും അല്ലഫല്‍ അലീഫും കപ്പപ്പാട്ടുമൊക്കെ കോര്‍ത്തിണക്കി അലിഫ് ദ ഇന്‍ഫിനിറ്റി എന്ന ആല്‍ബത്തിന്‍െറ പണിപ്പുരയിലാണ് ബിന്‍സിയും മജ്ബൂറും ഇപ്പോള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.