‘ലാസ്റ്റ് ​​പ്ലേ ഇൻ ഗസ്സ’ സംവിധായിക എയ്നാത്ത് വെയ്സ്മാൻ ഇസ്രായേലിലെ ഇന്ത്യൻ എംബസിക്കുമുന്നിൽ

കലക്കുവേണ്ടിയുള്ളതാണീ കാത്തിരിപ്പ്; വിഫലമെന്നാകിലും...

തൃശൂർ: കഴിഞ്ഞ ഒരു ദിവസം മുഴുവൻ ലോകപ്രശസ്ത നാടക സംവിധായിക ഏയ്നാത്ത് വെയ്സ്മാൻ ഇസ്രായേലിലെ ഇന്ത്യൻ എംബസിക്കുമുന്നിൽ ഒരേനിൽപുനിന്നു. ഒന്നിനും വേണ്ടിയല്ലായിരുന്നു. ഒരു നാടകം അവതരിപ്പിക്കാൻ. ഒരു അധികാര കേന്ദ്രങ്ങളും അവരുടെ ശബ്ദം കേട്ടില്ല. കേരള സംഗീത നാടക അക്കാദമി അവതരിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ ‘ലാസ്റ്റ് ​​പ്ലേ ഇൻ ഗസ്സ’ എന്ന നാടകം അവതരി​പ്പിക്കേണ്ടിയിരുന്ന ഫലസ്തീൻ സംഘത്തിനാണ് ഇസ്രയേലിലെ ഇന്ത്യൻ എംബസി വിസ നിഷേധിച്ചതിനെ തുടർന്ന് നാടകാവതരണത്തിന് എത്താനാകാതെ വന്നത്. ഒരുതരത്തിൽ പറഞ്ഞാൽ, നാടകത്തിന്റെ പ്രമേയമായ തുടച്ചുമാറ്റലിന്റെ ഉദാഹരണം സ്വന്തം ജീവിതത്തിൽ തന്നെ സംവിധായികക്ക് അനുഭവിക്കേണ്ടിവന്നു എന്നതിന്റെ നേർസാക്ഷ്യമാണ് എംബസിക്കുമുന്നിലെ അവരുടെ കാത്തിരിപ്പ്.


‘‘നാടകം എന്തിനെക്കുറിച്ച് സംസാരിക്കുന്നോ, അതേ ‘മായ്ച്ചുകളയൽ’ തന്നെയാണിത്. ഗസ്സ ഇല്ലാതാക്കി. പിന്നെ ഗസ്സയെക്കുറിച്ച് സംസാരിക്കുന്ന ശബ്ദങ്ങൾ ഇല്ലാതാക്കി. ഒടുവിൽ, ഈ ഇല്ലാതാക്കലിനെക്കുറിച്ച് പറയുന്ന നാടകവും ഇല്ലാതാക്കാനുള്ള ശ്രമം. ​ഇസ്രായേൽ-ഫലസ്തീനിൽ ഞങ്ങൾക്ക് ഇത് ഒരിക്കലും അവതരിപ്പിക്കാൻ കഴിയില്ല. ഇപ്പോൾ സയണിസ്റ്റ് ശക്തികളുടെ പങ്കാളിയായ ഇന്ത്യയിലും അതിന് കഴിയുന്നില്ല. ​എന്നാൽ മായ്ച്ചുകളയാൻ കഴിയാത്ത ചിലതുണ്ട്. കൂടെ നിൽക്കുന്ന മനുഷ്യർ. വരാൻ കഴിയാതെ പോയ ഒരു നാടകത്തിന് വേണ്ടി ഒരു സായാഹ്നം മുഴുവൻ മാറ്റിവെച്ച ഒരു ഫെസ്റ്റിവൽ. ഒരാളുടെ അഭാവം പോലും ഒരു പ്രതിഷേധമാണെന്ന് മനസ്സിലാക്കുന്ന ഒരു ജനത. ​രണ്ടുമാസം മുമ്പാണ് നാടകം കേരളത്തിൽ അവതരിപ്പിക്കാൻ ഞങ്ങൾക്ക് ക്ഷണം ലഭിച്ചത്. ​ഞങ്ങൾ വിസക്ക് അപേക്ഷിച്ചു. ഡൽഹിയിലെ അധികൃതർ നാടകത്തിന്റെ സിനോപ്സിസ് ആവശ്യപ്പെട്ടു. ഞങ്ങൾ അത് അയച്ചുകൊടുത്തു. ഞങ്ങൾ കാത്തിരുന്നു. ​പക്ഷേ വിസ നിഷേധിക്കപ്പെട്ടു. ​ഞങ്ങൾ അപ്പീൽ നൽകി. തത്വത്തിൽ അംഗീകാരം ലഭിച്ചെങ്കിലും വിസ മാത്രം വന്നില്ല. ഇന്ന് രാവിലെ ഞാൻ എംബസിക്ക് മുന്നിൽ ഒരു മണിക്കൂറോളം കാത്തുനിന്നു, പക്ഷേ അവർ എന്നെ അകത്തേക്ക് കടത്തിവിട്ടില്ല. എനിക്ക് വലിയ അത്ഭുതം തോന്നി. കാരണം, ഈ സാഹചര്യത്തെക്കുറിച്ച് തന്നെയാണ് ഞങ്ങളുടെ നാടകവും പറയുന്നത്’’; എംബസിക്ക് മുന്നിൽനിന്ന് എയ്നാത്ത് വെയ്സ്മാൻ പറയുന്നു.

നാടകം എന്തു പറയുന്നുവോ അതിന്റെ ജീവിക്കുന്ന തെളിവായി എയ്നാത്ത് ആ എംബസി വാതിലിനുമുന്നിൽ നിൽക്കുകയാണ്, കലക്ക് കാവലായി.

Tags:    
News Summary - Indian Embassy in Israel denied visa for Einat Weitzman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.