?????????????? ??????????? ????????

കടമനിട്ടയുടെ തിലകക്കുറി

മലയാള കവിതയുടെ ഇടിമിന്നലായിരുന്ന കവി കടമ്മനിട്ട രാമകൃഷ്ണന്‍െറ കവിതകളുടെ ശില്‍പാവിഷ്കാരം കടമ്മനിട്ട ഗ്രാമത്തിന്‍െറ തിലകക്കുറിയാണ്. കവിയുടെ ജന്മംകൊണ്ട് അനുഗൃഹീതമായ കടമ്മനിട്ട ഗ്രാമത്തിലെ ഗവ. ഹൈസ്കൂളിന് മുന്നിലുള്ള കുന്നിന്‍പുറത്താണ് മനോഹരമായ ശില്‍പാവിഷ്കാര സമുച്ചയം.
കടമ്മനിട്ടയുടെ പ്രസിദ്ധ കൃതികളായ കുറത്തി, കാട്ടാളന്‍, കോഴി, കിരാതവൃത്തം, ശാന്ത തുടങ്ങിയ കവിതകളാണ് ടെറാക്കോട്ട, സിമന്‍റ്, ഇഷ്ടിക, മണല്‍ എന്നിവ ഉപയോഗിച്ച് ശില്‍പകാവ്യമാക്കിയിരിക്കുന്നത്. പ്രസിദ്ധ ശില്‍പി കോട്ടയം സ്വദേശി കെ.പി. സോമനാണ് ശില്‍പങ്ങള്‍ നിര്‍മിച്ചത്. ശില്‍പകല ജനകീയവത്കരിക്കുന്നതിന്‍െറ ഭാഗമായിരുന്നു വ്യത്യസ്തമായ ഈ പദ്ധതി അദ്ദേഹം തെരഞ്ഞെടുത്തത്. 1993 ഒക്ടോബര്‍ 18ന് ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ശില്‍പ സമുച്ചയത്തിന് തറക്കല്ലിട്ടിത്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷമെടുത്തു. 2006 ഒക്ടോബര്‍ നാലിന് ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ ചാറ്റര്‍ജിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കടമ്മനിട്ട ജങ്ഷനില്‍ നാരങ്ങാനം ഗ്രാമപഞ്ചായത്ത് നല്‍കിയ ഏഴ് സെന്‍റ് സ്ഥലത്താണ് ശില്‍പസമുച്ചയം നിര്‍മിച്ചിട്ടുള്ളത്.
70 അടി നീളവും 40 അടി വീതിയും ഉണ്ട്. അടിത്തറയില്‍നിന്ന് മുകളിലേക്കുള്ള പടവുകളില്‍ ഓരോ തട്ടിലായാണ് ശില്‍പങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
കവിതകളിലെ പ്രധാന വരികള്‍ ശില്‍പങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുറന്ന ഒരു രംഗവേദിയില്‍നിന്നുമാണ് പടവുകള്‍ ആരംഭിക്കുന്നത്. രംഗവേദി ആരംഭിക്കുന്ന ഭാഗത്ത് ഒരു ജലാശയവും നിര്‍മിച്ചിട്ടുണ്ട്. ഒരു ഉദ്യാനത്തില്‍ കഴിയുന്ന പ്രതീതിയാണ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാവുക.
തുമ്പിയെക്കൊണ്ട് കല്ളെടുപ്പിക്കാന്‍ ശ്രമിക്കുന്ന കടിഞ്ഞൂല്‍പൊട്ടനോട് ‘അരുതേ’യെന്ന് പറയുന്ന അമ്മയുടെ ദൃശ്യാവിഷ്കാരത്തോടെയാണ് ശില്‍പം ആരംഭിക്കുന്നത്. കരിനാഗപ്പുറ്റുകളും കാട്ടുമരങ്ങളും ശില്‍പങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. കിടാങ്ങളുടെ ഭാവിയോര്‍ത്ത് തേങ്ങുന്ന കാട്ടാളനെയും നെഞ്ചത്ത് പന്തം കുത്തി നില്‍ക്കുന്ന കാട്ടാളനെയും മനോഹര ശില്‍പങ്ങളാക്കി മാറ്റിയിരിക്കുന്നു.
കൈതപൂത്ത വനത്തിനുള്ളില്‍ കൊത്തിവലിക്കാന്‍ പത്തിയുയര്‍ത്തി നില്‍ക്കുന്ന സര്‍പ്പവും ഇതുകണ്ട് പേടിച്ചരണ്ട് നില്‍ക്കുന്ന തള്ളക്കോഴിയുമൊക്കെ വിസ്മയ കാഴ്ചയൊരുക്കുന്നു. കാടിളക്കി മലയിളക്കി കലങ്ങിമറിഞ്ഞത്തെുന്ന രോഷ പ്രവാഹത്തിന്‍െറ ശക്തി സ്വരൂപിണിയായ കുറത്തി ഒരു ഗോപുരം കണക്കെ തലയുയര്‍ത്തി നില്‍ക്കുന്നു.
ഓരോ കാവ്യബിംബങ്ങളും കണ്ട് പടിയിറങ്ങുന്ന കലാസ്വാദകരുടെ മനസ്സില്‍നിന്ന് ഇതിന്‍െറ മനോഹാരിത ഒരിക്കലും മാഞ്ഞുപോകില്ല.
മുംബൈയിലെ വിക്രം സാരാഭായി ആര്‍ട്സ് ഫൗണ്ടേഷനാണ് പദ്ധതി അംഗീകരിച്ച് ശില്‍പിയെ സ്പോണ്‍സര്‍ ചെയ്തത്. ഏകദേശം 20 ലക്ഷത്തോളം രൂപ ശില്‍പ നിര്‍മാണത്തിനായി ചെലവായിരുന്നു. ഇതില്‍ ചെറിയൊരു തുക സര്‍ക്കാര്‍ ഗ്രാന്‍റും ബാക്കി നാട്ടുകാരുടെ സംഭാവനയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.