ഇറോം ശര്‍മ്മിളയ്ക്ക്...

നിന്‍െറ ആവേശം പടര്‍ന്നു കയറിയത്
നിന്‍െറ ആത്മാവിലായിരുന്നു.
അതുകണ്ട്, അവര്‍ പരിഹസിച്ചു.
'ആത്മാവില്ലാത്തവള്‍!'

പേ പിടിച്ച തലച്ചോറിനെ പിശാച് ബാധിക്കുന്നതുകണ്ട്
അടക്കിപ്പിടിക്കാതെ ചിരിക്കുന്നവരാണ്, അവര്‍.

നിരാഹാരം, നീരാഹാരവും നിത്യാഹാരവുമാകുമ്പോള്‍
അവര്‍ക്കിടയില്‍ 'നീ' മാത്രം ഏകാകിയായി.

പതിനാല് സംവത്സരത്തിന്‍െറ നിശബ്ദതയില്‍
ഭയത്തെ നീ തടവിലാക്കി.

ചിറകുവിടര്‍ത്തി പറക്കേണ്ട യൗവനദിനങ്ങള്‍ തിരിച്ചുനല്‍കാന്‍
ഏതു ദൈവത്തിനാകും?

നിന്‍െറ വരണ്ട തൊണ്ടയില്‍ നിന്ന്
വിറകൊള്ളാത്ത ശബ്ദം പ്രവഹിച്ചുകൊണ്ടേയിരുന്നു....
ആ ശബ്ദത്തേക്കാള്‍ കരുത്താര്‍ന്ന
സ്ത്രീശബ്ദത്തിന്,
കാലമിനിയെത്ര കാത്തിരിക്കേണ്ടിവരും?

അധികാരവര്‍ഗത്തിന്‍െറ അപരാധത്തില്‍
മുക്കിയെടുത്ത നിന്‍െറ ’ആഭരണം'
ഓര്‍മ്മയില്‍ തങ്ങാത്തവര്‍ ആരുണ്ട്?

എത്രപേര്‍ സത്യമായോ, വ്യാജമായോ,
നിന്‍െറ ആവേശത്തെ പ്രകീര്‍ത്തിച്ചു.
എങ്കിലും, ഏതു ശക്തിക്കാണ്
നിന്‍െറ ആത്മാവിനെ ഭ്രമിപ്പിക്കാനാവുക?

നിന്‍െറ ഹൃദയവെളിച്ചത്തിന്‍െറ നൈര്‍മല്യം
ഞരമ്പുകളില്‍ കനലുണര്‍ത്തും, തീര്‍ച്ച.

കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ
ഇനിയും എത്രനാള്‍?

നന്ദിയില്ലാത്ത നരജന്മം, അവസാനം
കുറ്റബോധശിരസ്സുമായി നിന്നെ നമിക്കും.
മുറിവേറ്റ നിന്‍െറ മനസ്സിന് ആശ്വാസമായ്,
ഞങ്ങള്‍ നിന്നോടൊപ്പമുണ്ട്, മനസ്സുകൊണ്ട്.

നമ്മുടെ കാലങ്ങളിലും...
അതീതമായ്...മുഴുവന്‍ കാലങ്ങളിലും...
ആവേശത്തിന്‍െറ വിത്തുകള്‍ ചിതറിച്ചുകൊണ്ട്......................

(ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ ഉപജില്ലയിലെ അധ്യാപകര്‍ക്കായി നടത്തിയ കവിതാരചനാമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കവിത)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT