ഞാന്‍ ദൈവമാണ്,ഉയിര്‍ത്തെഴുന്നേല്‍ക്കും

കണ്ണുതെറ്റിയാല്‍ അഗാധഗര്‍ത്തങ്ങളായി നിപതിക്കാന്‍ കാക്കുന്ന തിരുച്ചെങ്കോട്ടെ കുന്നുകള്‍. നിമിഷാര്‍ധത്തില്‍  ചാവുനിലങ്ങളായി തീരാവുന്ന നാടിന്‍െറ നല്ല മണ്ണ്. എപ്പോഴും പിന്‍വാങ്ങാന്‍ സാധ്യതയുള്ള സ്വപ്നസുഭഗമായ അന്തരീക്ഷം. ഭൂതത്താന്‍ ബാധ പേടിച്ചുനില്‍ക്കുന്ന സ്വന്തക്കാരും ബന്ധക്കാരും. ‘വേണ്ടാ, വേണ്ടാ... എനിക്കെന്‍െറ നാടിനെ തൊലയ്ക്കുന്ന യാതൊരു കഥൈകളും വേണ്ടാ. മാതൊരു ഭാഗനിലെ നശൂലം പിടിച്ച വാക്കുകള്‍ മുഴുവന്‍ ഞാന്‍ വെട്ടിവെട്ടിക്കളയുന്നു.’ തലക്ക് അടിച്ചടിച്ച് പെരുമാള്‍ മുരുകന്‍ അലറി.
തേരട്ടകളായി പരിണമിക്കുന്ന പ്രണയിനിയുടെ ചുണ്ടുകള്‍. കനല്‍മുഖം വലിച്ചെറിയുന്ന ചുട്ടുപഴുത്ത ദണ്ഡുകള്‍. അഗ്നിപര്‍വതങ്ങളായി പൊട്ടിക്കൊണ്ടിരിക്കുന്ന മുഴുത്ത മുലകള്‍. നരകപാതാളങ്ങളായി വാ പിളര്‍ക്കുന്ന ഗുഹ്യഭാഗങ്ങള്‍. ‘വേണ്ടാ, വേണ്ടാ, വേണ്ടാ. അക്ഷരസംബന്ധിയായ ഒന്നും തന്നെ എനിക്ക് വേണ്ടാ. എന്‍െറ നെടും കഥൈകള്‍ ഞാന്‍ പിന്‍വലിക്കുന്നു. കുറുങ്കഥൈകള്‍ ഞാന്‍ പിന്‍വലിക്കുന്നു. കട്ടുറൈക്കൂട്ടങ്ങളും പിന്‍വലിക്കുന്നു.’ അടുത്ത നിമിഷം കൂടുതല്‍ പരിഭ്രാന്തനായിക്കൊണ്ട് പെരുമാള്‍ മുരുകന്‍ അലറി.
അതോടെ തിരുച്ചെങ്കോട്ടെ ആര്‍.ഡി.ഒ ഓഫിസിലെ ചുമരുകള്‍ വെളുക്കനെ ഇളിച്ചു. അട്ടവും വിട്ടവും കണ്ണിറുക്കി. അന്തരീക്ഷം കീഴ്ശ്വാസമയച്ചു. ആര്‍.ഡി.ഒ സ്ഥാനത്ത് വിരാജിതയായിരിക്കുന്ന യക്ഷിപ്പാറു തന്‍െറ നീരാളിക്കൈകളാല്‍ ആലിംഗനം ചെയ്ത് പെരുമാള്‍ മുരുകനൊരു വായ്നാറ്റമുത്തം നല്‍കി.ഓക്കാനപ്പെട്ട് പുറത്തുകടന്ന എഴുത്തുകാരന്‍ താമസിയാതെ കലക്ടറേറ്റ് മുക്കിലുള്ള ഇന്‍റര്‍നെറ്റ് ബൂത്തില്‍ ചെന്ന് പെരുമാള്‍ മുരുകനെന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നുവെന്നും, ഇനി പി. മുരുകനെന്ന സാദാ മാഷ് മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂവെന്നും ഫേസ്ബുക്കില്‍ അടിച്ച് കയറ്റുകയാണ് ചെയ്തത്. കറന്‍റ് പോക്കിയും നെറ്ററുത്തും യന്ത്രപ്രപഞ്ചം പോലും പ്രതിബന്ധം തീര്‍ത്തെങ്കിലും അയാള്‍ തന്‍െറ മരണത്തിന്‍െറ മുഖപുസ്തകം കിണഞ്ഞിരുന്ന് രചിക്കുക തന്നെ ചെയ്തു.   ഹാവൂ, അങ്ങനെ തിരുച്ചെങ്കോട്ടെ കൈലാസനാഥപുത്രന്‍, ജീവിതസ്നേഹി നെടുനീളത്തില്‍ നിശ്വസിച്ചു. ഹാവൂ, ചെറുപ്പം മുതല്‍ തന്നെ പാരവെച്ചു കൊണ്ടിരിക്കുന്ന ആ ചെകുത്താന്‍െറ, തന്‍െറ തായ് നാടുമായുള്ള ബന്ധം ഇല്ലാതാക്കാനുള്ള പാഴ്ശ്രമം താന്‍ തകര്‍ത്തുകളഞ്ഞല്ളോ. ഹാവൂ, ഹാവൂ, ഹാവൂ.എന്നാല്‍, നാടിന്‍െറ കണ്‍മണിയും അരുമയുമാകാന്‍ പാഞ്ഞുചെന്ന പെരുമാള്‍ മുരുകനെ എതിരേറ്റത് വല്ലാത്തൊരു തിരുച്ചെങ്കോടായിരുന്നു. അയാളെ ആരും തന്നെ കാണുന്നില്ല, കേള്‍ക്കുന്നില്ല, മണം പിടിക്കുന്നുപോലുമില്ല. കാരണം, അദൃശ്യനെങ്കിലും എങ്ങും നിറഞ്ഞുനില്‍ക്കുന്ന പഴയ ചെകുത്താനെ ആഘോഷിക്കാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും.
എവിടെയാണ്, എവിടെയാണ് അവന്‍? ‘മണ്ണില്‍ നോക്കുമ്പോള്‍ വിണ്ണിലും, കാട്ടില്‍ നോക്കുമ്പോള്‍ കായലിലും, കുപ്പയില്‍ നോക്കുമ്പോള്‍ കുഴിയിലും മാറി മാറി പ്രത്യക്ഷപ്പെടുന്ന നിന്നെ ഞാന്‍...’പെരുമാള്‍ മുരുകന് പെരുത്തു കയറി. വീട്ടില്‍ ഓടിയത്തെി മുതുമുത്തച്ഛന്‍െറ കടപ്പാരൈ തലക്കുചുറ്റും വട്ടം കറക്കി നോക്കിയപ്പോള്‍ ചെകുത്താന്‍ തന്‍െറ സ്വത്വത്തില്‍ തന്നെയാണോ ചുറ്റിപ്പറ്റുന്നതെന്ന് സംശയം. അടിച്ചാല്‍ അടി തനിക്കുമേല്‍ക്കില്ളേ എന്ന വൃത്തികെട്ട ഭൗതികവാദം ഉയര്‍ന്നുവരാഞ്ഞിട്ടല്ല. എന്നിട്ടും, ഞാന്‍ ദൈവമാണ്, ഉയിര്‍ത്തെഴുന്നേല്‍ക്കും.’‘ഞാന്‍ ദൈവമാണ്, ഉയിര്‍ത്തെഴുന്നേല്‍ക്കും.’    അതികഠിനം ആക്രോശിച്ചുകൊണ്ടയാള്‍ ചെകുത്താനെ ലക്ഷ്യമാക്കി കടപ്പാരൈ തന്‍െറ നെറുംതലക്കുതന്നെ ആഞ്ഞടിച്ചു.

ചിത്രീകരണം: എന്‍.എന്‍. റിംസണ്‍

 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT