ശങ്കരമംഗലത്ത് വരുന്നവരെ മുറികള്‍ തുറന്നു കാണിച്ചുകൊടുക്കുന്ന പ്രായംചെന്ന ആ സ്ത്രീക്കും എവിടെയോ കാത്തച്ചേച്ചിയുടെ ഛായയുണ്ട്.
‘ദാ, ആ മുറിയിലാണ് തകഴി ചേട്ടനും കാത്ത ചേച്ചിയും കഴിഞ്ഞിരുന്നത്...’
അപ്പോള്‍ കുടഞ്ഞ് വിരിച്ച മട്ടില്‍ ഒരു കട്ടില്‍ ചൂണ്ടി അവര്‍ പറഞ്ഞു. തൊട്ടടുത്ത മേശപ്പുറത്ത് ഒരു പഴഞ്ചന്‍ ടൈപ്റൈറ്റര്‍. ചുമരിലെ ഷോകേസില്‍ തകഴി ശിവശങ്കരപ്പിള്ളയെന്ന എഴുത്തുകാരന്‍െറ വാര്‍ധക്യം താങ്ങിനടന്ന ഊന്നുവടികള്‍ ചില്ലിട്ട് വെച്ചിരിക്കുന്നു. ധരിച്ചിരുന്ന ഉടുപ്പും മഫ്ളറും മുറുക്കിത്തുപ്പിയ കോളാമ്പിയുമെല്ലാം വെടിപ്പില്‍ അടുക്കിവെച്ച ആ മുറിക്കുള്ളില്‍ ഇപ്പോഴുമുണ്ട് തകഴിയെന്ന് തോന്നിപ്പോകും.
അപ്പുറത്തെ മുറിയില്‍ ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ നീളന്‍ നിര. ആ മുറിയിലിരുന്നാണ് 1994 ജൂലൈ അഞ്ചിലെ രാവിലെ തകഴിച്ചേട്ടന്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞത്. ദൂരദര്‍ശന്‍ ഒഴികെ മറ്റൊരു ചാനലുമില്ലാത്ത ആ കാലത്ത് വൈക്കം മുഹമ്മദ് ബഷീര്‍ മരിച്ചതറിഞ്ഞപ്പോള്‍ എല്ലാവരും ഓടിക്കൂടിയത് ശങ്കരമംഗലത്തെ വീട്ടുമുറ്റത്തായിരുന്നു. കോളജില്‍നിന്ന് ഞങ്ങള്‍ ആ വീട്ടിലത്തെുമ്പോള്‍ മരണവീട് ശങ്കരമംഗലമാണെന്ന് തോന്നിപ്പോയി. അവിടുത്തെ മുറിയിലെവിടെയോ ബഷീര്‍ മരിച്ചുകിടക്കുന്നുണ്ടെന്ന പോലെ.
കോഴിക്കോട്ടുനിന്ന് വരുന്നവരോട് ‘ആ മത്തേന്‍ അവിടെ സുഖമായിരിക്കുന്നോ.?’ എന്ന് തകഴി ബഷീറിനെക്കുറിച്ച് അന്വേഷിക്കുമ്പോഴും, ‘ഫാബിയേ, നായന്മാരെ തല്ലുന്ന ആ വടിയിങ്ങെടുത്തേ, ഒരു കിരയാത്ത് നായര് വരുന്നുണ്ട്’ എന്ന് ബഷീര്‍ പറയുമ്പോഴും അതില്‍ അതിര്‍വരമ്പുകളില്ലാതെ നിറഞ്ഞുകിടന്നത് സ്നേഹത്തിന്‍െറ നീര്‍ച്ചോലകളായിരുന്നു. ഇന്നെങ്ങാനും അങ്ങനെ വിളിച്ചാല്‍ ഉണ്ടാകാനിടയുള്ള സാംസ്കാരിക സംഘര്‍ഷം എന്താകുമെന്ന് ഊഹിക്കാവുന്നതാണ്.
ശങ്കരമംഗലത്തെ മുറ്റത്ത് ഒരിക്കല്‍കൂടി ഞങ്ങള്‍ ഒത്തുകൂടി. തകഴിച്ചേട്ടനെ ആദരിക്കാന്‍ കാവാലം നാരയാണപ്പണിക്കരും കൂട്ടരും സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷകന്‍.
‘ബഷീര്‍ മരിച്ച വിവരമറിയുമ്പോള്‍ ഞാന്‍ കാഞ്ഞിരപ്പള്ളിയിലായിരുന്നു...’ അഴീക്കോട് പറഞ്ഞുതുടങ്ങി.
‘... വിവരമറിഞ്ഞയുടനെ പൊന്‍കുന്നത്തേക്ക് പോയി. ഒന്നും മിണ്ടാതെ വര്‍ക്കിച്ചേട്ടന്‍ വീട്ടുകോലായയില്‍ ഇരിപ്പുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മൂന്നേ മൂന്ന് വാചകം മാത്രം പറഞ്ഞ് ചേട്ടന്‍ അകത്തേക്ക് കയറിപ്പോയി. അവനെപ്പോലെ പട്ടിണികിടന്ന മറ്റൊരാളുണ്ടാവില്ല. പട്ടിണി കിടന്നാല്‍ അവന്‍ ആരോടും പറയില്ല. ചക്കാത്ത് ചായ അവന്‍ കുടിക്കില്ല. ആ മൂന്ന് വാചകം ചില്ലിട്ട് ഫ്രെയിം ചെയ്ത് സൂക്ഷിക്കേണ്ടതാണ്...’
ഊന്നുവടിയില്‍ തല താങ്ങി കീഴ്പ്പോട്ടു നോക്കി അപ്പോള്‍ തകഴിച്ചേട്ടന്‍ കരയുന്നുണ്ടായിരുന്നു.
‘എല്ലാവര്‍ക്കും ഓരോ ഗ്ളാസ് ചായ തരണമെന്നുണ്ട്... പക്ഷേ, എന്‍െറ കൈയില്‍ ഒന്നുമില്ല...’ എന്ന് തകഴി തമാശ പറഞ്ഞു. അത്രമേല്‍ പേരുകേട്ട തകഴിപ്പിശുക്കിനെ അദ്ദേഹം അപനിര്‍മിക്കുകയായിരുന്നു അപ്പോള്‍.
കാത്തച്ചേച്ചി മരിച്ചപ്പോള്‍ പത്രത്തിലേക്ക് എം.ടിയുടെ പ്രതികരണം വേണമെന്ന് എഡിറ്റര്‍ വിളിച്ചുപറഞ്ഞു. കൊട്ടാരം റോഡിലെ വീട്ടിലേക്ക് ഒട്ടൊന്ന് പേടിച്ചാണ് കയറിച്ചെന്നത്. എം.ടി പറഞ്ഞത് തകഴിയിലെ ഉദാരനായ കുട്ടനാടന്‍ കര്‍ഷകനെക്കുറിച്ച്.
ഓരോ തവണ തകഴിയെ കാണാന്‍ ചെല്ലുമ്പോഴും മടക്കയാത്രയില്‍ കാറിന്‍െറ ഡിക്കിയില്‍ നെല്ലും ചേമ്പും ചേനയും കാച്ചിലുമൊക്കെ നിറച്ചുകൊടുത്തുവിടുന്ന തകഴിയും കാത്തച്ചേച്ചിയും. തകഴിച്ചേട്ടനെക്കുറിച്ച് ഡോക്യുമെന്‍്ററി ചെയ്യാന്‍ എം.ടി വന്ന കാലത്ത് കാത്ത ചേച്ചി എം.ടിയോട് മാത്രമായി ഒരു സ്വകാര്യം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.