ശ്രൂതി താക്കൂർ ജോലിക്കിടെ

ദുർഘടപാതയിലെ സന്ദേശവാഹകർ: ഹിമാലയത്തിലെ തപാൽ സേവനത്തിന്റെ കഥ

രാവിലെ ജോലിക്കിറങ്ങും മുമ്പ് ദുർഗ്ഗാ ക്ഷേത്രം സന്ദർശിക്കുന്നത് ശ്രുതിയുടെ ദിനചര്യയാണ്. റോഡുകളിലൂടേയോ തിരക്കേറിയ നിരത്തുകളിലൂടേയോ അല്ല അവളുടെ യാത്ര. ഒരു പോസ്റ്റ് വുമണായതുകൊണ്ട് ഹിമാലയത്തിലെ ദുർഘടമായ പാതകളും വനങ്ങളും അരുവികളും ഒറ്റപ്പെട്ട ഗ്രാമങ്ങളും താണ്ടി വേണം കത്തുകൾ ലക്ഷ‍്യസ്ഥാനങ്ങളിലെത്തിക്കാന്‍. ഇങ്ങനെ ദുർഘടമായ പാതകൾ താണ്ടി വെറും കത്തുകൾ മാത്രമല്ല അവൾ നൽകുന്നത് ഒരുപാടാളുകളുടെ മുഖത്തെ പുഞ്ചിരി കൂടിയാണ്. `ദുർഗ്ഗാ ക്ഷേത്രത്തിലെ പ്രാർഥനയോടെയാണ് എന്റെ ദിവസം തുടങ്ങുന്നത്. പലരുടെയും ജീവിതത്തിൽ സന്തോഷമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ നടക്കുന്നത്' അവൾ പറയുന്നു.



 

ഹിമാചൽ പ്രദേശിലെ രാംപുർ ഡിവിഷന് കീഴിലുള്ള ഫഞ്ച എന്ന വിദൂര ഗ്രാമത്തിലെ ഗ്രാമീൺ ഡാക് സേവക് അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് വുമൺ ആണ് ശ്രുതി താക്കൂർ. ശ്രീഖണ്ഡ് മഹാദേവിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് ശ്രുതി വെറുമൊരു പോസ്റ്റ് വുമൺ മാത്രമല്ല മറിച്ച് പെൻഷൻ, മരുന്നുകൾ, തിരിച്ചറിയൽ രേഖകൾ, സർക്കാർ ആനുകൂല്യങ്ങൾ എന്നിവ എത്തിച്ചു നൽകുന്ന സഹായഹസ്തം കൂടിയാണ്.

ഫഞ്ച, കാണ്ടി, ടിക്കാർ, നന്ദി തുടങ്ങി നിരവധി ഗ്രാമങ്ങൾക്കാണ് ഈ ബ്രാഞ്ച് പോസ്റ്റ് ഓഫിസ് സേവനം നൽകുന്നത്. കത്തുകൾ, പാഴ്സലുകൾ, മരുന്നുകൾ, സർക്കാർ രേഖകൾ എന്നിവ തരംതിരിച്ചാണ് ശ്രുതിയുടെ ദിവസാരംഭം. വയോധികർക്ക് പെൻഷൻ നൽകുക, മരുന്നുകൾ എത്തിച്ചുനൽകുക, ഗ്രാമത്തലവന് ഔദ്യോഗിക കത്തുകൾ നൽകുക എന്നിങ്ങനെ പലതും ഇവിടെ വലിയ പ്രാധാന്യമുള്ള ഒരു സേവനമാണ്. ഇവിടുത്തെ ജനങ്ങൾക്കാകട്ടെ സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് ഫലപ്രദമായ മാർഗം പോസ്റ്റ് ഓഫിസാണ്.

വെറും കത്തുകൾ വിതരണം ചെയ്യുന്നതിലുമപ്പുറമാണ് വീടുകൾ തോറും കയറിയിറങ്ങുന്ന ശ്രുതിയുടെ ജോലി. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് പെൻഷൻ തുക പിന്‍വലിക്കാന്‍ സഹായിക്കുക, വിദൂര നഗരങ്ങളിൽ നിന്ന് ഓർഡർ ചെയ്യുന്ന മരുന്നുകൾ എത്തിക്കുക, യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ഉറപ്പാക്കുക തുടങ്ങി നിരവധി സേവനങ്ങളാണ് പോസ്റ്റ്മാസ്റ്ററെന്നതിനപ്പുറം ശ്രുതി ഈ ഗ്രാമങ്ങളിലുള്ളവർക്ക് ചെയ്തു നൽകുന്നത്. 200 കിലോമീറ്റർ വരെ യാത്ര ചെയ്ത് മരുന്ന് വാങ്ങിക്കേണ്ടിയിരുന്ന തനിക്ക് വീട്ടുപടിക്കൽ എത്തിച്ചതിന് ഒരു ഗ്രാമീണൻ അവളോട് നന്ദി പറയുമ്പോൾ തന്റെ ജോലി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അവൾ തിരിച്ചറിയുന്നു.



 

താൽക്കാലികമായി നിർമിച്ച ഒരു തടിപ്പാലം കടന്നുവേണം നന്ദി ഗ്രാമത്തിലേക്ക് പോകാന്‍. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിലാണ് പ്രദേശത്തെ ഈ പ്രധാന പാലം തകർന്നത്. അന്ന് 101 വീടുകൾ ഒലിച്ചുപോവുകയും നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തു. താൽക്കാലിക പാലമാണെങ്കിലും ഗ്രാമീണരുടെ അവശ‍്യസേവനങ്ങൾ മുടങ്ങാതിരിക്കാന്‍ എന്നും അവൾക്ക് ഈ ദുർഘടപാത താണ്ടണം.

ജോലി തിരക്കിനിടയിലും തന്റെ ഗ്രാമത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കാൻ ശ്രുതിക്ക് വലിയ ഇഷ്ടമാണ്. ഹിമാലയൻ താഴ്‌വരകളിൽ കാണപ്പെടുന്ന ഔഷധഗുണമുള്ള 'ബുരാൻഷ്' പൂക്കളെക്കുറിച്ചും 'ഘരാത്' എന്ന പരമ്പരാഗത ധാന്യ മില്ലിനെക്കുറിച്ചും അവൾ അഭിമാനത്തോടെ സംസാരിക്കുന്നു.

മഞ്ഞുവീഴ്ച തുടങ്ങുന്നതോടെയാണ് ജോലി കൂടുതൽ ദുഷ്കരമാകുന്നത്. ഏപ്രിൽ മാസം വരെ മൂന്നോ നാലോ അടി ഉയരത്തിലാണ് ഫഞ്ചയിൽ മഞ്ഞ് മൂടിയിരുന്നത്. ഇത്തരം പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് സേവനം എത്തിക്കാൻ ശ്രുതി താക്കൂർ വിരസത കാണിക്കാറില്ല എന്നതും മറ്റൊരു വാസ്തവമാണ്. ആപ്പിൾ, ബദാം, ഗോതമ്പ്, ബാർലി, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം. വർഷംതോറും നിരവധി തീർഥാടകരും ഗ്രാമത്തിലെത്തുന്നു.



 


ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ ശ്രുതിയെപ്പോലെയുള്ളവർ നടത്തുന്ന നിശബ്ദമായ പ്രവർത്തനങ്ങൾ വളരെ വലുതാണ്. പെൻഷനും മരുന്നും സർക്കാർ സേവനങ്ങളും എത്തിക്കുമ്പോൾ യഥാർഥത്തിൽ നൽകുന്നത് വിശ്വാസവും കൂടിയാണ്. ഇന്ത‍്യയിലെ ഒരു കോണിലുള്ള ഇത്തരം ഗ്രാമങ്ങൾ ഒട്ടും അകലെയല്ല എന്നുറപ്പിക്കാന്‍ ശ്രുതിയെപ്പോലെയുള്ളവർ നടത്തുന്ന ഈ പ്രയത്നം ഏറെ പ്രശംസ നൽകേണ്ട ഒന്നാണ്.

Tags:    
News Summary - Messengers on Difficult Paths: The Story of the Postal Service in the Himalayas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.