കൃ​ഷ്ണ​യും ശ്രീ​രാ​ജും

മരുമകളല്ല, മകളാണിവൾ... അകാലത്തിൽ വിധവയായ മരുമകളെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ച് താര ടീച്ചർ

വള്ളികുന്നം: ഇക്കാലമത്രയും തന്‍റെ മകന്‍റെ ജീവിത പങ്കാളിയായിരുന്ന പെൺകുട്ടിയെ മറ്റൊരു കൈകളിലേക്ക് ചേർത്തുവെയ്ക്കുമ്പോൾ താര ടീച്ചർക്ക് അതൊരു വാക്ക് പാലിക്കൽ കൂടിയായിരുന്നു. മരുമകളായല്ല, സ്വന്തം മകളെയെന്നപോലെ അവർ പുതിയൊരു ജീവിതത്തിലേക്ക് കൃഷ്ണയെ ചേർത്തുവെച്ചു.

താ​ര​ടീ​ച്ച​ർ

 വീടിന് സമീപത്തെ ദൈവപ്പുരയ്ക്കൽ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം ഹൃദയസ്പർശിയായ രംഗങ്ങൾക്ക് സാക്ഷിയായത്. വള്ളികുന്നം അരീക്കര സ്കൂളിലെ റിട്ട. പ്രഥമാധ്യാപികയാണ് താര. ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമാണ്. തന്റെ ഏകമകൻ കണ്ണൻ (34) അകാലത്തിൽ വേർപെട്ടപ്പോൾ തനിച്ചായി പോയത് മൂന്നുപേരായിരുന്നു. താരയും ഭർത്താവും സി.പി.ഐ നേതാവുമായ പി.കെ. പ്രകാശനും മരുമകൾ കൃഷ്ണയും. മകളെപ്പോലെ തന്നെ സ്നേഹിക്കുന്ന ആ അച്ഛനമ്മമാരെ വിട്ടുപോകാൻ കൂട്ടാക്കാതെ കൃഷ്ണയും അതേ വീട്ടിൽ തന്നെ തുടർന്നു.

കൃഷ്‌ണയെ അനുയോജ്യനായ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ചുനൽകണമെന്ന് പ്രകാശ്‌ താരയോട് പറഞ്ഞിരുന്നു. അതിനിടെയാണ് രോഗബാധിതനായി പി.കെ പ്രകാശ് യാത്രയായത്. മകന് പിന്നാലെ ഭർത്താവും നഷ്ടമായതോടെ ജീവിതത്തിന്‍റെ തണലറ്റ താര ടീച്ചറുടെ മനസ്സിൽ ഭർത്താവിന് നൽകിയ വാക്ക് നൊമ്പരമായി കിടന്നു.

ഒടുവിൽ ഈ ആഗ്രഹം ബന്ധുക്കളെയും കൃഷ്ണയേയും അറിയിച്ചു. സുഹൃത്തുക്കളുൾപ്പെടെ പലരുടെയും സഹായത്തോടെ കൃഷ്‌ണയെ നിർബന്ധിപ്പിച്ച് വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു. കൃഷ്‌ണ സമ്മതം അറിയിച്ചതോടെ വള്ളികുന്നം വട്ടയ്ക്കാട് സായി ദർശനയിൽ ശ്രീരാജ് ആർ.പിള്ളയുമായി വിവാഹം തീരുമാനിച്ചു. കൃഷ്ണയുടെയും ശ്രീരാജിന്‍റെയും മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം താര ടീച്ചറുടെ നേതൃത്വത്തിൽ വീടിന് സമീപത്തെ ദൈവപ്പുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം നടന്നു. കല്യാണവേദിയിൽ സർവാഭരണവിഭൂഷിതയായി നിന്ന ആ മകളെ മറ്റൊരു കൈയിലേക്ക് സന്തോഷത്തോടെ ചേർത്തുവെച്ചു. ക്ലാസ് മുറികളിൽ സ്നേഹപാഠങ്ങൾ പകർന്നുകൊടുത്ത അധ്യാപിക ജീവിതത്തിലേക്കും മറ്റൊരു സ്നേഹാധ്യായം എഴുതിചേർത്തു.

Tags:    
News Summary - “Not a Daughter-in-Law, but a Daughter”: Teacher’s Heartwarming Gesture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.