എ. അക്ഷയ
ബിസിസിഐ സീനിയർ വനിത ട്വൻറി 20: അക്ഷയ കേരള ടീമിൽ
തലശ്ശേരി: ഒക്ടോബർ 26 മുതൽ നവംബർ ഏഴ് വരെ ഉത്തർപ്രദേശ് ലഖ്നോവിൽ നടക്കുന്ന ബി.സി.സി.ഐ സീനിയർ വനിത ട്വൻറി 20 മൽസരങ്ങൾക്കുള്ള കേരള ടീമിലേക്ക് തലശ്ശേരി പെരുന്താറ്റിൽ സ്വദേശിയായ എ. അക്ഷയ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ താരം എസ്. ആശ നയിക്കുന്ന കേരള ടീമിൽ അന്താരാഷ്ട്ര താരങ്ങളായ എസ്. സജന, സി.എം.സി. നജ് ല എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. എലൈറ്റ് ഗ്രൂപ്പ് സിയിൽ ഒക്ടോബർ 26 ന് സിക്കിമുമായും 27 ന് റെയിൽവേസുമായും 29ന് പഞ്ചാബുമായും 31ന് തമിഴ്നാടുമായും നവംബർ രണ്ടിന് ത്രിപുരയുമായും നാലിന് ഗുജറാത്തുമായും ആറിന് വിദർഭയുമായും കേരളം ഏറ്റുമുട്ടും.
2018-19 സീസണിൽ റാഞ്ചിയിൽ നടന്ന അണ്ടർ 23 ഇന്ത്യ ചാലഞ്ചേഴ്സ് ട്രോഫിയിൽ ഇന്ത്യ ഗ്രീനിന് വേണ്ടി അക്ഷയ കളിച്ചിട്ടുണ്ട്. 2017-18 സീസണിൽ മുംബൈയിൽ നടന്ന 23 വയസിന് താഴെയുള്ള പെൺകുട്ടികളുടെ അന്തർ സംസ്ഥാന ടി 20 ടൂർണമെന്റിൽ ജേതാക്കളായ കേരള ടീമംഗമാണ് അക്ഷയ. 2022-23 സീസണിൽ സീനിയർ സൗത്ത് സോൺ ടി 20 ടീമംഗമായിരുന്നു.
വലം കൈയ്യൻ ടോപ് ഓർഡർ ബാറ്ററും വലം കൈയ്യൻ ഓഫ് സ്പിന്നറുമാണ് അക്ഷയ. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അക്ഷയയെ തലശ്ശേരിയിലെ കായിക അധ്യാപകനായ കെ.ജെ. ജോൺസൺ ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നത്. ഒ.വി. മസർ മൊയ്തു, ഡിജുദാസ്, എ.പി. വിനയകുമാർ, എ.കെ. രാഹുൽ ദാസ് എന്നിവരുടെ ശിക്ഷണത്തിൽ കരുത്തു കാട്ടിയ അക്ഷയ അണ്ടർ 16, അണ്ടർ 19, അണ്ടർ 23, സീനിയർ കേരള ടീമുകളിലെ സ്ഥിര സാന്നിധ്യമാണ്. തൃശൂർ കാർമൽ കോളജിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിയായ അക്ഷയ തലശ്ശേരി പെരുന്താറ്റിൽ സ്വദേശി സദാനന്ദന്റെയും ഷീജയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.