പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ... എന്ന ഗാനം ആരും മറക്കില്ല. പക്ഷേ, ആ ഗാനം പാടി ഹിറ്റാക്കിയ മച്ചാട്ട് വാസന്തി പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും പ്രയാസപ്പെട്ട് നാലുമാസമായി കിടപ്പിലാണ്. ഒരു യാത്രക്കിടെ വീണ് കാലൊടിയുകയായിരുന്നു. ഒന്നരവര്‍ഷം മുമ്പ് ടാഗോര്‍ ഹാളിലെ പരിപാടി കഴിഞ്ഞ് മടങ്ങവെ ഓട്ടോമറിഞ്ഞ് നട്ടെല്ലിന് ക്ഷതം സംഭവിച്ചത് മാറുന്നതിന് മുമ്പാണ് പുതിയ അപകടം. നാല് വര്‍ഷത്തിനിടെ നാല് വീഴ്ച. 14 വര്‍ഷമായി തൈറോയ്ഡ് രോഗി. പാടാനുള്ള പരക്കംപാച്ചിലില്‍ ചികിത്സകള്‍ മുടങ്ങി. 35 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ കടം കയറി സ്വന്തം വീടും സ്വത്തും നഷ്ടമായി.
15 മാസം താമസിച്ചത് 18 വാടക വീടുകളില്‍. രണ്ട് സഹോദരിമാരും ഒരു സഹോദരനും വേര്‍പിരിഞ്ഞു. ഒരു ജീവിതകാലം മുഴുവന്‍ പാടി സ്വരൂപിച്ച് വാങ്ങിയ ഫറോക്ക് തിരിച്ചലങ്ങാടിയിലെ ആറ് സെന്‍റിലെ ചോരുന്ന വീട്ടില്‍ ചുമരില്‍ ഇഷ്ടഗായികയായ എസ്. ജാനകിയുടെ പടം വെച്ച് കാലുനീട്ടിയിരുന്ന് അവര്‍ പാടുന്നു. മലയാളിയുടെ ഇഷ്ടഗായികമാരില്‍ ഒരാളായിരുന്ന അവര്‍ക്കിന്ന് 73 വയസ്സായി. പാട്ടുകള്‍ മറന്നിട്ടില്ല. സ്വരം ഇടറിയിട്ടില്ല. ഏകാന്തതയുടെ മുറിയില്‍ കാണാന്‍ എത്തുന്നവര്‍ക്കെല്ലാം നല്‍കാന്‍ പാട്ടിന്‍െറ സദ്യയല്ലാതെ മറ്റൊന്നും കൈയിലില്ല.
പക്ഷേ, ജീവിതം മുന്നോട്ടുപോകണമെങ്കില്‍ എഴുന്നേറ്റ് നടക്കണം. ഇനിയും നൂറായിരം സ്റ്റേജുകളില്‍ പാടണം. ജീവിക്കാന്‍ വേറെ വഴിയില്ല. കിടന്ന കിടപ്പിലാണ് മലമൂത്രവിസര്‍ജനം പോലും. മാസത്തില്‍ രണ്ടുതവണ മെഡിക്കല്‍ കോളജില്‍ പോയി കാല്‍ കെട്ടിക്കണം. തൈറോയ്ഡ് രോഗത്തിനും ചികിത്സ വേണം. മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം കൂടി മാസം പതിനായിരം രൂപയെങ്കിലും വേണം. അടുത്ത മഴക്ക് മുമ്പെങ്കിലും വീടിന്‍െറ ചോര്‍ച്ച തീര്‍ക്കണം. ദുരിതങ്ങള്‍ കണ്ടറിഞ്ഞവരുണ്ട്. മലയാളത്തിന്‍െറ മഹാനടന്‍ മമ്മൂട്ടി അടക്കം ഏറെ പേര്‍. അതുകൊണ്ടാണ് ഇതുവരെയുള്ള ചികിത്സകളെങ്കിലും നടത്തിയത്.
കോഴിക്കോട്ട് നടത്തിയ മോഹനം പരിപാടിയില്‍ സഹായം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ലഭിച്ചിട്ടില്ല. ആ പരിപാടിക്ക് തലേദിവസമാണ് കാല്‍കുഴമറിഞ്ഞ് വീണത്. 17ാം വയസ്സില്‍ തുടങ്ങിയ പാട്ടു ജീവിതമാണ്. തുച്ഛമായ തുകക്കും പ്രതിഫലമില്ലാതെയുമെല്ലാം പാടിയത് ആയിരക്കണക്കിന് വേദിയില്‍. സിനിമയില്‍ നിറഞ്ഞത് എണ്ണം പറഞ്ഞ പാട്ടുകളില്‍. ഇപ്പോഴും പാട്ടിന് ആളുകള്‍ തേടിയത്തെുന്നവരുണ്ട്. പക്ഷേ, സ്ഥിതി കണ്ടാല്‍ പിന്‍വാങ്ങും. ‘അമ്മ’യുടെ കൈനീട്ടമോ സര്‍ക്കാറിന്‍െറ പെന്‍ഷനോ ഇല്ല. സിനിമയിലെ സൗഹൃദത്തിന്‍െറ കൂട്ടുമില്ല. പാടിത്തീര്‍ത്ത അനുഭവങ്ങള്‍ മാത്രമാണ് സമ്പാദ്യം. അനുഭവിച്ച ദുരിതം വരികള്‍ തീരാത്ത ശോകഗാനമാണ്. എങ്കിലും ഒരിക്കല്‍ക്കൂടി സ്റ്റേജില്‍ കയറിപ്പാടണം, വാസന്തി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.