'പെണ്ണുങ്ങള്‍ അടയാളപ്പെടുത്തുന്ന ഭൂപടങ്ങള്‍' രചിച്ച കുടുംബശ്രീയുടെ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷൻ മെൻ്റർമാർ പുസ്തകവുമായി

കുടുംബശ്രീയുടെ അംബാസഡർമാർ 'അടയാളപ്പെടുത്തുന്ന ഭൂപടങ്ങള്‍'

കൊച്ചി: ''കർണാടകയിലെ ഗദക് ജില്ലയിലെ ദേവിഹാള്‍ പഞ്ചായത്തിലെ മഞ്ജുള എന്ന സ്ത്രീയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. പതിനേഴാമത്തെ വയസ്സില്‍ അച്ഛ​െൻറ അടുത്ത ബന്ധുവി​െൻറ മകനാണ് വിവാഹം കഴിച്ചത്. വിവാഹശേഷം മഞ്ജുളയുടെ ജീവിതം ദുരിതമായിരുന്നു. ആ വീട്ടിലെ പണികളെല്ലാം തനിയെ ചെയ്യണം. ഭര്‍ത്താവി​െൻറ അമ്മ ഉപദ്രവിക്കും. ഭര്‍ത്താവും അതിന് കൂട്ടുനില്‍ക്കും. ദിവസങ്ങള്‍ കഴിയും തോറും പ്രശ്നങ്ങള്‍ അധികമായിക്കൊണ്ടിരുന്നു. അമ്മയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതായപ്പോള്‍ ഒടുവില്‍ അവര്‍ വീട് മാറിത്താമസിച്ചു. എന്നാല്‍ അധികം വൈകാതെ മഞ്ജുളയുടെ ഭര്‍ത്താവ് മരിച്ചു. അങ്ങനെ പത്തൊന്‍പതാമത്തെ വയസ്സില്‍ ആ പെണ്‍കുട്ടി വിധവയായി..."

മലയാളികൾക്ക് ഒരുപക്ഷേ അപരിചിതമായ മറുനാടൻ ഗ്രാമീണ സ്ത്രീ ജീവിതം കോർത്തിണക്കി വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുകയാണ് 'പെണ്ണുങ്ങള്‍ അടയാളപ്പെടുത്തുന്ന ഭൂപടങ്ങള്‍' എന്ന പുസ്തകം. കുടുംബശ്രീയുടെ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷൻ്റെ (എന്‍.ആര്‍.ഒ) മെൻ്റർമാരായ 13 പേർ അയൽ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഈ പുസ്തകത്തിലൂടെ.

ജീവിതത്തിലിതുവരെ കുടുംബശ്രീ എന്‍.ആര്‍.ഒയുടെ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച കരുത്തും അനുഭവസമ്പത്തും ഉള്‍ക്കാഴ്ച്ചകളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കുടുംബശ്രീ എങ്ങനെ സ്ത്രീകളിലേക്കെത്തുന്നുവെന്നതിന്റെയും അവരില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സഹായിക്കുന്നുവെന്നതിന്റെയും പ്രതിഫലനം കൂടിയാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും.

മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ഷംല ഷുക്കൂർ, ഉമ അഭിലാഷ്, ടി.എം. ഉഷ, പ്രീതാ ടി.ബി, ഏലിയാമ്മ ആന്റണി, മിനി. വി, ചിന്നമ്മ ജോണ്‍, മഞ്ജു. പി, ആശ രാജേന്ദ്രന്‍, മായ സുരേഷ്, ജിബി വര്‍ഗ്ഗീസ്, ഷെല്‍ബി പി. സ്ലീബാ, വിജയലക്ഷ്മി എന്നീ 13 കുടുംബശ്രീ വനിതകളാണ് കുറിപ്പുകൾ എഴുതിയിരിക്കുന്നത്.

ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ കുടുബശ്രീ എൻ.ആർ.ഒ നടത്തിയ ഇടപെടലുകളിലൂടെ വന്ന മാറ്റങ്ങളുടെ നേർചിത്രം അടങ്ങുന്ന ഈ കുറിപ്പുകൾ എഡിറ്റ് ചെയ്തിരിക്കുന്നത് ഉമ അഭിലാഷാണ്. ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക പുറത്തിറക്കിയിരിക്കുന്ന പുസ്തകം നടി സ്നേഹ ശ്രീകുമാറിന് നൽകി എം. സ്വരാജ് എം.എൽ.എ പ്രകാശനം ചെയ്തു. പി.എ. പീറ്റർ, ബിനു ആനമങ്ങാട് എന്നിവർ പങ്കെടുത്തു.



Tags:    
News Summary - kudumbasree Pennungal Adayalappeduthunna Bhoopadangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT