??????????? ????? ???????

കയറില്‍ കുരുങ്ങാതെ സാബുവിന്‍റെ വിജയവഴി

കടകളില്‍ വില്‍പനക്കെത്തുന്ന കയര്‍ മാത്രം കണ്ട് പരിചയമുള്ള കുടിയേറ്റ മേഖലയില്‍ കയര്‍ ഫാക്ടറിയെന്ന സാഹസത്തിന് മുതിര്‍ന്നപ്പോള്‍ സാബുവിനെ പരിഹസിച്ചവര്‍ ഏറെയാണ്. തുടക്കത്തില്‍ കയര്‍ നഷ്ടക്കച്ചവടമായതോടെ കളിയാക്കിയവരുടെ നിര കയര്‍ പോലെ നീണ്ടു. വീട്ടുകൊടുക്കാതെ കയറില്‍ തന്നെ പിടിമുറുക്കിയ സാബു ഒടുവില്‍ വിജയത്തുമ്പിലെത്തി. കോസടി കോട്ടയരികില്‍ കെ.എന്‍. സാബു എറണാകുളത്ത് നടന്ന പ്രദര്‍ശനത്തില്‍ നിന്നുമാണ് കയര്‍ വ്യവസായം തുടങ്ങണമെന്ന താല്‍പര്യമുണ്ടാവുന്നത്.

കൊച്ചിയില്‍ കിങ്കോമെന്ന ബോട്ട് കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രദര്‍ശനം കാണുന്നത്. തുടര്‍ന്ന് തന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അങ്ങനെ പി.എം.ഇ.ജി.വൈ പ്രകാരം ബാങ്കില്‍ നിന്ന് 14 ലക്ഷം രൂപ വായ്പയെടുത്തും സഹോദരങ്ങളുടെ സഹകരണവും ഒത്തുചേര്‍ന്നപ്പോള്‍ കയര്‍ വ്യവസായമെന്ന തന്‍റെ സ്വപ്നത്തിന് ചിറകുവെച്ചു തുടങ്ങിയത്. തമിഴ്നാട്ടിലെ അരശെല്ലൂര്‍, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമെത്തിയവരാണ് ജോലിക്കാര്‍ക്ക് പരിശീലനം നല്‍കിയത്.

കമ്പത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ചകിരിനാരാണ് കയറുകളാക്കി മാറ്റുന്നത്. ആവശ്യത്തിന് ചകിരിനാരുകള്‍ ലഭിക്കാതെ വരുമ്പോള്‍ പാമ്പാടിയില്‍ നിന്ന് തൊണ്ടുകള്‍ വാങ്ങി ചതച്ച് നാരുകളാക്കി കയറുണ്ടാക്കുന്നു. ഇങ്ങനെ തയാറാക്കുന്ന കയറുകള്‍ ആലപ്പുഴയിലും ചേര്‍ത്തലയിലുമാണ് വില്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രവര്‍ത്തനം തുടങ്ങിയ കയറ് വ്യവസായം എട്ടുമാസത്തോളം നഷ്ടത്തിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ലാഭകരമായ രീതിയില്‍ കയറ് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നതായി സാബു മാധ്യമത്തോട് പറഞ്ഞു.

സാബുവിന്‍റെ സഹോദരന്‍ ബാബുവും പവിത്രനും സുരേഷ്കുമാര്‍, അനുരുദ്ധന്‍ എന്നിവരുടെ സഹായത്തോടെയാണ് കയര്‍ ഉല്‍പാദനം നടക്കുന്നത്. ആറ് സ്ത്രീകള്‍ക്കു സ്ഥിരജോലി നല്‍കാന്‍ കഴിയുന്നുണ്ട്. ഇനി അല്‍പം വിപുലീകരിക്കാനാണ് സാബുവിന്‍റെ ആലോചന. മറ്റു കയര്‍ ഉല്‍പന്നങ്ങള്‍ കൂടി നിര്‍മിച്ച് വരുമാന മാര്‍ഗമുണ്ടാക്കാനാണ് തീരുമാനം ഒപ്പം കൂടുതല്‍ പേര്‍ക്ക് ജോലി കൂടി നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ സംഘം. കയര്‍ ഉല്‍പാദത്തിന് തീരെ സാധ്യത കുറഞ്ഞ സ്ഥലത്തു നിന്നാണ് ഇവര്‍ നേട്ടം കൊയ്യുന്നതെന്നും ശ്രദ്ധേയമാകുന്നു.

 

Tags:    
News Summary - kn sabu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.