പിതാവിന് കരൾ നൽകിയ മകൾ മിർഷാനയെ ദേശീയവേദി അനുമോദിച്ചപ്പോൾ
മൊഗ്രാൽ: കരൾ മാറ്റിവെക്കലിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയ മൊഗ്രാൽ വലിയനാങ്കിയിലെ അബ്ദുൽ മുനീറിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകവഴി മകൾ മിർഷാന മാതൃകയായി. ഗുരുതരമായ കരൾരോഗം മൂലം ജീവൻതന്നെ അപകടത്തിലായിരുന്ന അബ്ദുൽ മുനീറിന് തന്റെ കരളിന്റെ ഒരുഭാഗം പകുത്തുനൽകി പുതുജീവൻ സമ്മാനിക്കാൻ മുന്നോട്ടുവരുകയായിരുന്നു 19കാരിയായിരുന്ന മകൾ മിർഷാന.
പ്ലസ് ടു പഠനത്തിനുശേഷം ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ മിർഷാന നിലവിൽ കാസർകോട് എ.സെഡ് ലേണിങ് കോളജിൽ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സ് വിദ്യാർഥിനിയാണ്. രണ്ടുമാസം മുമ്പ് മിർഷാനയുടെ നിക്കാഹും നടന്നു. സ്നേഹവും കടമയും അന്യംനിൽക്കുന്ന ഇന്നിന്റെ സാഹചര്യത്തിൽ മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി മാറിയ ഫാത്തിമ മിർഷാനയെ മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ സന്ദർശിച്ച് സ്നേഹസമ്മാനങ്ങൾ നൽകി അനുമോദിച്ചു. പ്രസിഡന്റ് എ.എം. സിദ്ദീഖ് റഹ്മാൻ സ്നേഹസമ്മാനം കൈമാറി. ജന. സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ്, എം.എ. മൂസ, ടി.കെ. അൻവർ, മുഹമ്മദ് സ്മാർട്ട്, റിയാസ് കരീം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.