കുടിയേറ്റ ഗ്രാമത്തിൽനിന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർ പദവിയിലേക്ക്; അശ്വതി ജിജിയെ വരവേൽക്കാൻ ജന്മനാടൊരുങ്ങി
ചെറുതോണി: ഹൈറേഞ്ചിലെ ഉൾനാടൻ പ്രദേശമായ മുരിക്കാശ്ശേരിയെന്ന കുടിയേറ്റ ഗ്രാമത്തിൽനിന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർ പദവിയിലേക്കുയർന്ന അശ്വതി ജിജിയെ വരവേൽക്കാൻ ജന്മനാടൊരുങ്ങുന്നു. കമീഷണറായി നിയമിച്ച വിവരമറിഞ്ഞതോടെ നാട്ടുകാരുടെയും ബന്ധുക്കളുടെയും നിലക്കാത്ത അനുമോദന പ്രവാഹമാണ്.
റിട്ട. എയർ ഫോഴ്സ് കമാന്റർ ഇടുക്കി മുരിക്കാശ്ശേരി വരമ്പൻപ്ലാക്കൽ ജിജിയുടെയും ഓമനയുടെയും മൂത്തമകളാണ്. മറ്റേത് ജോലിയേക്കാളും മഹത്തരമാണ് രാഷ്ട്രസേവനം എന്നുള്ള കാഴ്ചപ്പാടാണ് ഒരു ഐ.പി.എസ് ഓഫിസറാകാനുള്ള പ്രചോദനം നൽകിയതെന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണറായി ചുമതലയേൽക്കുന്ന അശ്വതി ജിജി പറയുന്നു.
പിച്ചവെച്ച് നടക്കുന്ന കാലം മുതൽ അശ്വതി കണ്ടുവളർന്നത് എയർഫോഴ്സ് ഉദ്യോഗസ്ഥനായി യൂനിഫോം അണിഞ്ഞുനിൽക്കുന്ന പിതാവിനെയാണ്. പിന്നീട് രാഷ്ട്രസേവനത്തിന് ഉതകുന്ന സിവിൽ സർവിസ് മേഖല തിരഞ്ഞെടുക്കാൻ അശ്വതിക്ക് പ്രചോദനമായതും ഈ സാഹചര്യങ്ങളാണ്.
എസ്.എസ്.എൽ.സിയും ഹയർ സെക്കൻഡറിയും ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ ശേഷം മൂന്നാർ ഗവ. എൻജിനീയറിങ് കോളജിൽനിന്നും ബി.ടെക്കിൽ ബിരുദം നേടി. ചെന്നൈയിൽ ഇൻഫോസിസിൽ ഉയർന്ന പദവിയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവിസ് പരിശീലനം ആരംഭിച്ചത്. 41ാം റാങ്കോടെ പരീക്ഷയിൽ തിളങ്ങിയ അശ്വതി ജിജി കേരള കേഡറിലെ 2021 ബാച്ച് ഐ.പി.എസ് ഓഫിസറാണ്. 2024ൽ അസി. ജില്ല പൊലീസ് സൂപ്രണ്ടായി പാലക്കാടായിരുന്നു ആദ്യ നിയമനം ലഭിച്ചത്. പിന്നീട് ഏറെക്കാലം കൊച്ചിയുടെ ക്രമസമാധാന ചുമതലയും വഹിച്ചു.
ഇടുക്കിയുടെ മിടുക്കിയായ അശ്വതി ജിജി കൊല്ലം സിറ്റി പൊലീസ് കമീഷണറായി ചുമതലയേൽക്കുമ്പോൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം ഇടുക്കിയിലെ മലയോര ജനതയും ഏറെ ആഹ്ലാദത്തിലാണ്. അശ്വിൻ, അശ്വന്ത് എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.