കൂ​ട്ടു​കാ​ർ​ക്കാ​യി അ​യ​ക്കാ​നു​ള്ള ആ​ശം​സ കാ​ർ​ഡു​ക​ളു​മാ​യി

ക​റ്റാ​നം സെ​ന്റ് തോ​മ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി ഫ​സ്ന ത​പാ​ൽ ഓ​ഫി​സി​ൽ എ​ത്തി​യ​പ്പോ​ൾ

ആശംസകളുടെ വിസ്മയച്ചെപ്പ് തുറന്ന് ഫസ്ന

കായംകുളം: കറ്റാനം സെന്‍റ് തോമസ് സ്കൂളിൽ രണ്ട് ബിയിൽ പഠിക്കുന്ന എസ്. അനുഗ്രഹയടക്കമുള്ള മേൽവിലാസക്കാരെ തേടി പോസ്റ്റ്മാൻ എത്തിയപ്പോൾ അധ്യാപകർ ആദ്യം ഒന്നമ്പരന്നു. ഒന്നിന് പിറകെ ഒന്നായി 39 മേൽവിലാസക്കാരുണ്ടെന്നായപ്പോൾ കൗതുകം വർധിച്ചു. അതേ കൈപ്പടയിൽ 10 അധ്യാപകരുടെ വിലാസത്തിലും കത്തുകളുണ്ടായിരുന്നു. അനുഗ്രഹയുടെ ക്ലാസിൽ പഠിക്കുന്ന ഫസ്നയാണ് ഇവർക്കെല്ലാം കത്തയച്ചതെന്ന് കണ്ടെത്തിയപ്പോഴാണ് അധ്യാപകരുടെ അമ്പരപ്പ് മാറിയത്.

സൗഹൃദങ്ങളുടെ നഷ്ടകാലങ്ങളെ തിരികെപിടിച്ചിരുന്ന ക്രിസ്മസ്-പുതുവത്സര ആശംസ കാർഡുകൾ വിപണിയിൽനിന്ന് മറയുമ്പോഴാണ് വീണ്ടെടുപ്പിന്‍റെ ഓർമച്ചെപ്പ് തുറന്ന് രണ്ടാം ക്ലാസുകാരിയുടെ ഇടപെടൽ. ഓരോ ക്രിസ്മസ്-പുതുവത്സര കാലത്തിനും അപ്പുറത്തേക്ക് സൗഹൃദത്തിന്‍റെ നൂലിഴകളെ കോർത്ത് കെട്ടിയ സ്നേഹദൂതുകളായിരുന്നു ആശംസകാർഡുകളിൽ നിറഞ്ഞത്.

എന്നാൽ, നവമാധ്യമങ്ങളുടെ വരവോടെ ക്രിസ്മസ് കാർഡുകളോടുള്ള പ്രിയവും കുറഞ്ഞു. ന്യൂജൻ തലമുറ ഇ-ഗ്രീറ്റിങ്സിലേക്ക് മാറിയതോടെ കടലാസ് കാർഡുകളും വിപണിയിൽനിന്ന് പിൻവാങ്ങി തുടങ്ങി. ഈ ഘട്ടത്തിലാണ് തപാൽ കാർഡുകളിൽ മനോഹരമായ ചിത്രം വരച്ച് കൂട്ടുകാർക്കും അധ്യാപകർക്കും അയച്ച് ഫസ്ന വിസ്മയം സൃഷ്ടിച്ചത്. കൂട്ടുകാർക്കായി ആശംസ കാർഡുകൾ അയക്കാൻ ആദ്യം കാർഡ് പേപ്പർ വാങ്ങിയിരുന്നു. പിന്നീടാണ് പോസ്റ്റ് കാർഡിൽ അയക്കാൻ തീരുമാനിക്കുന്നത്. രണ്ടാഴ്ചയെടുത്താണ് ഓരോ കാർഡിലും മനോഹരമായ ചിത്രങ്ങൾ വരച്ചത്.

മകളുടെ ആഗ്രഹത്തിന് മാതാപിതാക്കളായ കറ്റാനം ഇലിപ്പക്കുളം ഇലഞ്ഞിലിത്തറയിൽ ഫൈസൽ സലാമും സോണിയ യാക്കൂബും പിന്തുണ നൽകി. ഇത്തവണ സ്കൂൾ വിലാസത്തിലാണ് കൂട്ടുകാർക്ക് കാർഡുകൾ അയച്ചതെന്ന് ഫസ്ന പറഞ്ഞു. അടുത്ത തവണ വീടുകളിലേക്ക് അയക്കും.കാർഡുകൾ ലഭിച്ച മിക്ക കുട്ടികൾക്കും ഇത് ആദ്യാനുഭവമായിരുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടിക്കും വീണ ജോർജിനും ഫസ്നയുടെ കൈപ്പടയിൽ തയാറാക്കിയ ആശംസ കാർഡുകൾ അയച്ചിട്ടുണ്ട്.

Tags:    
News Summary - Fasna opened the awe of greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.