പങ്കാളിയുടെ, സാധാരണയിൽ കവിഞ്ഞുള്ള ടെക്സ്റ്റിങ്ങിനെക്കുറിച്ച് നിങ്ങൾക്ക് ആകാംക്ഷ വർധിക്കുന്നുണ്ടോ? ‘ഓപൺ ഫോൺ പോളിസി’ (ഫോണിന്റെ പാസ്വേഡും സോഷ്യൽ മീഡിയ ആക്സസും പങ്കുവെക്കൽ) വേണമെന്ന് നിങ്ങൾ ആവശ്യപ്പെട്ടുവോ? എങ്കിൽ ഇക്കാര്യം വായിക്കുന്നത് നന്നാവും.
സംഭാഷണംമുതൽ സ്ക്രീൻഷോട്ടുകൾവരെയും രഹസ്യങ്ങൾമുതൽ ആരോഗ്യപ്രശ്നങ്ങൾവരെയും എല്ലാത്തിന്റെയും രേഖാപുസ്തകമാണല്ലോ ഫോൺ. അതുകൊണ്ടുതന്നെ ബന്ധങ്ങളിൽ തുറന്നിട്ട ഫോണുകളുടെ പ്രധാന്യം ഏറെയാണ്.
ചില പങ്കാളികളിൽ ഓപൺ ഫോൺ പോളിസി മനോഹരമായി വർക്കാകും. പരസ്പരവിശ്വാസത്തിന്റെയും ബന്ധത്തിന്റെ ഊഷ്മളതയുടെയും തുറന്ന മനഃസ്ഥിതിയുടെയും അടയാളമാണത്. ‘പൂർണമായും സുതാര്യത പുലർത്തുന്ന ചില പങ്കാളികളുണ്ട്. അവർ അക്കൗണ്ടുകൾപോലും പങ്കുവെക്കും. എന്നാൽ, മറ്റു ചിലർ ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി വെവ്വേറെയാക്കിവെക്കും. ഇത് ഓരോരുത്തരുടെ സൗകര്യമാണ്, മറിച്ച് മറ്റുള്ളവരെ തിരുത്താനല്ല’ -മനഃശാസ്ത്ര വിദഗ്ധൻ അബ്സി സാം പറയുന്നു. സുതാര്യത, ഡിജിറ്റൽ ലോകത്തും കണക്ഷൻ, പരസ്പര ഉറപ്പ്, സൗകര്യം തുടങ്ങിയവയെല്ലാം ഓപൺ ഫോൺ പോളിസിയുടെ ഗുണങ്ങളായി പറയാം.
ജീവിതത്തിന്റെ സകല മേഖലകളിലും സമാനചിന്താഗതിക്കാരും അത്രമേൽ സിങ്കുമായ പങ്കാളികൾ തമ്മിൽ ഓരോ മിനിറ്റിലും പരസ്പരം അപ്ഡേറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇതിലൊരാൾക്ക് അത്ര താൽപര്യമില്ലെങ്കിലോ? അവിടെ പ്രശ്നങ്ങൾ വരുന്നു, സ്വന്തമായ സ്പേസ് എന്ന ചോദ്യം വരുന്നു.
‘ഓപൺ ഫോൺ പോളിസി സുതാര്യതക്ക് സമാനമാണെന്ന വാദം തെറ്റിദ്ധാരണജനകമാണ്. അത് പലപ്പോഴും നിരീക്ഷണവുമായി അടുത്തുനിൽക്കുന്നതാണ്. ബാത്ത്റൂം ലോക്ക് ചെയ്യുന്നത് രഹസ്യാത്മകതയല്ല, അടിസ്ഥാന സ്വകാര്യതക്കുള്ള അവകാശമാണ് എന്നു പറയുംപോലെയാണത്. ഫോൺ ആക്സസ് വ്യക്തിപരമായ ചോയ്സ് ആണ്, വിശ്വസ്തതാ പരീക്ഷണമല്ല’ -സൈക്കോളജിസ്റ്റ് ആന്യ ജെയ് അഭിപ്രായപ്പെടുന്നു.
ഓപൺ ഫോൺ പോളിസി ഉള്ള പല ബന്ധങ്ങളിലും പരസ്പര വിശ്വാസക്കുറവ് കാണാറുണ്ടെന്നും അവർ പറയുന്നു. ചുരുക്കത്തിൽ, ആരെങ്കിലും കള്ളത്തരം ചെയ്യാൻ തീരുമാനിച്ചാൽ അതു ചെയ്യുകതന്നെ ചെയ്യും. ഒരു ലോക് സ്ക്രീൻ ഇല്ലായ്മയും അതിനെ തടയില്ല. മാത്രമല്ല, ജീവിതത്തിൽ നിരീക്ഷണത്തിന്റെയും അടിച്ചമർത്തലിന്റെയും മുൻകാല അനുഭവങ്ങളുള്ളവർക്ക് ഇത് ഭീഷണിയായും തോന്നിയേക്കാം. ഒളിച്ചുവെക്കലിന്റെയല്ല, സ്വാഭിമാനത്തിന്റെ കാര്യമാണിത് -ആന്യ കൂട്ടിച്ചേർക്കുന്നു.
പങ്കാളി എന്തു ചെയ്തുകൊണ്ടിരിക്കുന്നു എന്ന് എപ്പോഴും അറിയുന്നതുകൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. പകരം വൈകാരികമായ സുരക്ഷിതത്വമാണ് പ്രധാനം. തുറന്നതും പ്രതിരോധാത്മകമല്ലാത്തതുമായ സംഭാഷണങ്ങളാണ് വേണ്ടത്. സംശയമോ ഭയമോ അരക്ഷിതബോധമോ ഉണ്ടെങ്കിൽ തുറന്നു ചോദിക്കുക. തീർപ്പുകളിലേക്ക് ചാടി വീഴാതിരിക്കുക. എല്ലാത്തിലുമുപരി, കുറ്റപ്പെടുത്തലിനെ മാത്രം ആശ്രയിക്കാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.