ലേഖകനും ഭാര്യയും അർബാബിന്റെ വീട് സന്ദർശിച്ചപ്പോൾ
30 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയിട്ടും ഇപ്പോഴും മനസ്സിൽ ഗൾഫിനെയും അവിടെയുള്ള അറബിയെയും സുഹൃത്തുക്കളെയും കുറിച്ചുള്ള ഓർമകളാണ്. ഒമാനിൽ അബ്ദുല്ല ബിൻ നാസർ ബിൻ സാലം അൽ മാഷരി എന്ന അറബിയുടെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ അക്കൗണ്ടന്‍റായിട്ടായിരുന്നു ജോലി. അറബി നല്ല മനുഷ്യനാണ്.
സ്വന്തം സഹോദരനെപ്പോലെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത്. ഓഫിസിൽ പല ദേശക്കാരും ഭാഷക്കാരും വരും. എന്‍റെ സുഹൃത്തുക്കളിൽ അറബികളും ഇംഗ്ലീഷുകാരും സുഡാനികളും ഈജിപ്തുകാരും പാകിസ്താനികളും ശ്രീലങ്കക്കാരും ബംഗ്ലാദേശികളും ഫിലിപ്പീൻകാരുമൊക്കെ ഉണ്ടായിരുന്നു. ഗൾഫ് വിട്ടതോടെ അവരെയെല്ലാം നഷ്ടമായല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നും.
അർബാബിന്‍റെ മൂത്ത മകൻ അഹമ്മദ് അൽ മാഷരി ഇടക്ക് ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധപ്പെടും. അപ്പോൾ അവിടത്തെ വിശേഷങ്ങളും അർബാബിനെക്കുറിച്ചുമൊക്കെ ഞാൻ അന്വേഷിക്കും.
ഒരിക്കൽ അഹമ്മദ് വിളിച്ചപ്പോൾ വളരെ വിഷമത്തോടെ പറഞ്ഞു: ‘‘ബാവയുടെ രണ്ടു കണ്ണിനും ഇപ്പോൾ തീരെ കാഴ്ചയില്ല. സ്വദേശത്തും വിദേശത്തുമുള്ള പല ഡോക്ടർമാരെയും കാണിച്ച് ഓപറേഷനൊക്കെ ചെയ്തെങ്കിലും ഫലമില്ല. കാഴ്ച ഇനി തിരിച്ചുകിട്ടില്ലെന്നാണ് എല്ലാ ഡോക്ടർമാരും പറയുന്നത്. ഇപ്പോൾ ഡ്രൈവറെ വെച്ചാണ് ബാവ വണ്ടിയോടിക്കുന്നത്. ഓഫിസിലൊക്കെ വല്ലപ്പോഴുമേ വരാറുള്ളൂ’’
ലേഖകനും അർബാബ് അബ്ദുല്ല ബിൻ നാസ്സർ ബിൻ സാലം അൽ മാഷരിയും
അതറിഞ്ഞപ്പോൾ സങ്കടം തോന്നി. പിന്നെ, അർബാബിനെ കാണണമെന്ന ചിന്തയായി. ഭാര്യ മുസ്തരിയോട് വിവരം പറഞ്ഞപ്പോൾ അവളും കൂടെ വരുന്നെന്ന് പറഞ്ഞു. പക്ഷേ, അവിടെ പോയാൽ എവിടെ താമസിക്കും? ഞാൻ തനിച്ചാണെങ്കിൽ ഏതെങ്കിലും സുഹൃത്തുക്കളുടെ കൂടെ താമസിക്കാം. അവൾ ഉണ്ടായാൽ അതു പറ്റുമോ? അപ്പോഴാണ് ഭാര്യ പറഞ്ഞത്: ‘‘നമുക്ക് അവിടെ താഹിറയുടെ കൂടെ താമസിക്കാം.’’ എന്‍റെ സുഹൃത്ത് അഹമ്മദ്ക്കയും ഭാര്യ താഹിറയും ഒമാനിലാണ് താമസം. പിന്നെ ഒട്ടും വൈകിയില്ല. പെട്ടെന്നുതന്നെ വിസിറ്റിങ് വിസയും ടിക്കറ്റും സംഘടിപ്പിച്ച് ഞാനും ഭാര്യയും ഒമാനിലേക്ക് പുറപ്പെട്ടു.
എയർപോർട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ അഹമ്മദ്ക്കയും ഭാര്യ താഹിറയും എന്‍റെ ബന്ധു സാജിതയുടെ ഭർത്താവ് താജുദ്ദീനും വാഹനവുമായി എത്തിയിരുന്നു. പെട്ടിയും കെട്ടുമൊക്കെ വണ്ടിയിൽ എടുത്തുവെച്ച് ഞങ്ങൾ അവരുടെ കൂടെപ്പോയി.
അൽഖുവൈറിൽ വലിയ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിലാണ് അഹമ്മദ്ക്കയും താഹിറയും താമസിക്കുന്നത്. അവരുടെ ഫ്ലാറ്റിൽ ഞങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. പിറ്റേ ദിവസംതന്നെ ഞാൻ ഭാര്യയെയും കൂട്ടി ഓഫിസിൽ ചെന്നപ്പോൾ അർബാബ് ഒരു സോഫയിൽ ഇരിക്കുന്നത് കണ്ടു. മനസ്സ് വല്ലാതെ വേദനിച്ചു. പഴയ പ്രസരിപ്പും ചുറുചുറുക്കുമൊക്കെ എങ്ങോ പോയ്മറഞ്ഞ് അദ്ദേഹം മെലിഞ്ഞ് ഒരു കോലമായിരിക്കുന്നു.
ഞാൻ വരുമെന്ന് അറിഞ്ഞിട്ട് വന്നതാണ്. ഓഫിസിൽ വേറെയും രണ്ടുമൂന്നു പേർ ഉണ്ടായിരുന്നു. ഞാൻ വേഗം സലാം ചൊല്ലി അർബാബിന്‍റെ കൈ ചെന്നുപിടിച്ചു. അദ്ദേഹം പതുക്കെ എഴുന്നേറ്റ് പ്രത്യഭിവാദ്യം ചെയ്തിട്ട് ചോദിച്ചു: ‘‘മിൻ ഇന്താ?’’ (നിങ്ങൾ ആരാ?)
‘‘അന (ഞാൻ) ഹംസ.’’ എന്ന് പറഞ്ഞു ഞാൻ അർബാബിനെ കെട്ടിപ്പിടിച്ചു. അദ്ദേഹം എന്നെയും കെട്ടിപ്പിടിച്ചു. ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഞാൻ മെല്ലെ അർബാബിനെ സോഫയിൽതന്നെ പിടിച്ചിരുത്തി. ഞങ്ങൾ നാട്ടുവിശേഷങ്ങളും കുടുംബവിശേഷങ്ങളും സംസാരിച്ചു. ഞാനവിടെ ഇല്ലാത്തതും ഭാര്യയുടെ വിയോഗവും കാഴ്ച നഷ്ടപ്പെട്ടതുമൊക്കെ അർബാബിനെ വല്ലാതെ തളർത്തിയിരിക്കുന്നു.
തിരിച്ചുവരുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: ‘‘വെള്ളിയാഴ്ച നീ ഭാര്യയെയും കൂട്ടി വീട്ടിൽ ഭക്ഷണം കഴിക്കാൻ വരണം. അന്ന് ഒഴിവു ദിനമായതുകൊണ്ട് മക്കളൊക്കെ അവിടെ ഉണ്ടാകും. അവരും നിങ്ങളെ കാണണമെന്ന് പറഞ്ഞിരിക്കുന്നു.’’ ഞാൻ വരാമെന്ന് സമ്മതിച്ചു.
അർബാബിന്റെ മക്കൾ ഹമീദ, ബദരിയ, ലേഖകന്റെ ഭാര്യ എന്നിവർ
അർബാബിന് എട്ടു മക്കളാണ്. നാലാണും നാല് പെണ്ണും. അവരെല്ലാം പഠിച്ചുവളർന്ന് മിനിസ്ട്രിയിലും കമ്പനിയിലുമൊക്കെ ജോലി ചെയ്യുന്നു. വിവാഹശേഷം ഓരോരുത്തരും പല സ്ഥലങ്ങളിലായി. ഒഴിവു ദിവസങ്ങളിൽ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ അർബാബിന്‍റെ വീട്ടിൽ വരും. പിന്നെ ചിരിയും വർത്തമാനവും ബഹളവുമായിരിക്കും. മക്കൾ ആരെങ്കിലും വന്നിട്ടില്ലെങ്കിൽ അദ്ദേഹം വിളിച്ച് വഴക്കുപറയും. അതു പേടിച്ച് എല്ലാവരും അവിടെ എത്തിയിരിക്കും.
വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം എന്നെയും ഭാര്യയെയും കൂട്ടാൻ അർബാബിന്‍റെ ഡ്രൈവർ വാഹനവുമായി വന്നു. ഞങ്ങൾ അതിൽ കയറി അദ്ദേഹത്തിന്‍റെ വീട്ടിലേക്കുപോയി. വാതിൽ തുറന്ന ആരോ ‘ഹംസ’ എന്ന് പറഞ്ഞതുകേട്ട് അവിടെ ഉണ്ടായിരുന്ന അർബാബിന്‍റെ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഓടിവന്നു.
വർഷങ്ങൾക്ക് ശേഷമുള്ള സമാഗമം. അതിന്‍റെ സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു. അവർ സ്നേഹപൂർവം ഞങ്ങളെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു. പിന്നെ ചിരിയും വർത്തമാനവും ബഹളവുമായി.
അർബാബും മക്കളും മരുമക്കളും പേരമക്കളും ലേഖകനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നു
സ്ത്രീകൾക്കും പുരുഷന്മാർക്കും ഇരിക്കാൻ വേറെ വേറെ മജ്‍ലിസുകൾ (സിറ്റിങ് റൂമുകൾ) ഉണ്ടായിരുന്നു. ഹൗസ് മെയ്ഡുകൾ ഓരോ മജ്‍ലിസിലും നിലത്ത് സുപ്ര (പ്ലാസ്റ്റിക് വിരിപ്പ്) വിരിച്ച് ആവിപറക്കുന്ന ചിക്കൻ ബിരിയാണിയും കറികളും സാലഡും പഴങ്ങളുമൊക്കെ കൊണ്ടുവെച്ചു.
ഞാൻ പുഷന്മാരുടെയും ഭാര്യ സ്ത്രീകളുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു. അർബാബിന്‍റെ മകൾ ബദരിയ ഭാര്യയോട് പറഞ്ഞു: ‘‘ഹംസ ആദ്യമായി ഒമാനിൽ വരുമ്പോൾ ഞാനൊക്കെ ചെറുതായിരുന്നു. 30 വർഷം ഹംസ ബാവയുടെ ഓഫിസിൽ ജോലി ചെയ്തിട്ട് ബാവക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. എല്ലാവരെക്കൊണ്ടും നല്ലതേ പറയിച്ചിട്ടുള്ളു. ബാവക്ക് ഹംസയെ വലിയ ഇഷ്ടവും വിശ്വാസവുമാണ്. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ഞങ്ങൾ ഹംസയെ കണ്ടിരുന്നത്’’. അതു കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവർക്കൊക്കെ ആ പഴയ സ്നേഹവും ബഹുമാനവും ഇപ്പോഴുമുണ്ടല്ലോ. അതു മതി.
ചിരിച്ചും വർത്തമാനം പറഞ്ഞും കുറച്ചുസമയം അവരോടൊപ്പം ചെലവഴിച്ചു. അവരെ പിരിയുന്നതിൽ വിഷമമുണ്ടായിരുന്നു. പിന്നെ, മസ്ജിദിൽനിന്നുള്ള അസർ ബാങ്ക് കേട്ടപ്പോൾ ഞങ്ങൾ പോകാൻ എഴുന്നേറ്റു. അർബാബിന്‍റെ മക്കൾ, ‘‘നിങ്ങൾ രണ്ടുപേരും വീണ്ടും വരണം’’ എന്നുപറഞ്ഞ് ഭാര്യക്ക് എന്തൊക്കെയോ ചെറിയ സമ്മാനങ്ങൾ കൊണ്ടുവന്ന് കൊടുത്തു. അവൾ അതെല്ലാം സഹർഷം സ്വീകരിച്ചു. അർബാബ് ഡ്രൈവറെ വിളിച്ച് ഞങ്ങളെ കൊണ്ടുവിടാൻ പറഞ്ഞു. ഡ്രൈവർ വാഹനവുമായി വന്നപ്പോൾ ഞങ്ങൾ അവരോട് യാത്രപറഞ്ഞ് അവിടെനിന്ന് ഇറങ്ങി.
ഞാൻ ഇടക്ക് പഴയ ഓഫിസിൽ പോകും. അങ്ങനെ പോകുന്നതിൽ രണ്ട് ഉദ്ദേശ്യമുണ്ടായിരുന്നു. അർബാബിനെയും കാണാം. അവിടെ വന്ന പഴയ സുഹൃത്തുക്കളെയും കാണാം. പക്ഷേ, എല്ലാ സുഹൃത്തുക്കളെയും കാണാൻ പറ്റിയില്ല. ചിലർ കോവിഡ് കാലത്ത് നാട്ടിലേക്ക് തിരിച്ചുപോയി. ചിലർ ഞാൻ ഇല്ലാത്തതുകൊണ്ട് വരാറില്ല. ചിലർ ഇപ്പോഴും ഇടക്ക് ഓഫിസിൽ വരാറുണ്ട്. അങ്ങനെ വരുന്നവരിൽ ഞാനുമായി അടുപ്പമുള്ള മഹമൂദ് ബിൻ സൈഫ് അൽ ഹാർത്തിയും സൗദ് ബിൻ ഹാമദ് അൽ ഹസ്നിയും ആമർ ബിൻ സൈദ് അൽ ഹസ്നിയും ഉണ്ടായിരുന്നു.
ഞാൻ ഓഫിസിൽനിന്ന് നമ്പർ വാങ്ങി അവർ മൂവരെയും വിളിച്ചു. ഞാൻ ഒമാനിൽ വന്നിട്ടുണ്ടെന്നറിഞ്ഞ് അവർ ഉടൻതന്നെ തങ്ങളുടെ വാഹനങ്ങളിൽ എന്നെ കാണാൻ ഓഫിസിലെത്തി. വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷത്തിൽ സലാം ചൊല്ലി ഞങ്ങൾ പരസ്പരം ഹസ്തദാനം നൽകുകയും കെട്ടിപ്പിടിക്കുകയും കുശലം പറയുകയും ചെയ്തു. നാട്ടുവിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ച് കുറച്ചുസമയം അവർ ഓഫിസിൽ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ അവിടെനിന്ന് പിരിഞ്ഞു.
ഒമാനിൽ ജോലിക്കുപോയ കാലംതൊട്ടേ എനിക്ക് മഹമൂദ് ബിൻ സൈഫ് അൽ ഹാർത്തിയെ അറിയാം. നല്ല സ്വഭാവവും പെരുമാറ്റവുമാണ്. ഒരു ദിവസം ഞാൻ ഭാര്യയെയും കൂട്ടി മഹമൂദിന്‍റെ വീട്ടിൽ പോയി. അദ്ദേഹവും ഭാര്യയും സ്നേഹപൂർവം ഞങ്ങളെ സ്വീകരിച്ചു.
ഞാനും ഭാര്യയും ഒമാനിൽ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾതന്നെ ഞങ്ങളെ കൂട്ടി പോകേണ്ട സ്ഥലങ്ങൾ എവിടെയൊക്കെയാണെന്ന് അവിടെയുള്ള എന്‍റെ സുഹൃത്തുക്കൾ തീമാനിച്ചിരുന്നു. അപ്രകാരം ഒഴിവുദിനമായ ഒരു വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്തുനിന്ന് കുറെ അകലെയുള്ള റമൽ ഷർഖിയ (വഹിബ സാൻഡ്) മരുഭൂമി കാണാൻ ഞാനും അഹമ്മദ്ക്കയും താജുദ്ദീനും നിഷാദും ഷുഹൈബും മുസ്തഫയും റഷീദും ഞങ്ങളുടെ ഭാര്യമാരും അവരിൽ ചിലരുടെ കുട്ടികളും അടങ്ങുന്ന കൊച്ചു സംഘം നാലു വാഹനങ്ങളിലായി പുറപ്പെട്ടു.
ജുമുഅ സമയമായപ്പോൾ വഴിയിലെ മസ്ജിദിന് സമീപം വാഹനം നിർത്തി നമസ്കരിച്ച ശേഷം അവിടെയുള്ള റസ്റ്റാറന്‍റിൽനിന്ന് ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു. മരുഭൂമിയിലെ വഴി അറിയാത്തതുകൊണ്ട് കൂടെയുള്ള വാഹനങ്ങൾ നിഷാദിന്‍റെ വാഹനത്തെ പിന്തുടർന്നു.
റെന്‍റ് എ കാർ കമ്പനി നടത്തുന്ന നിഷാദിന് ഇടക്കിടക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയി ശീലമുള്ളതുകൊണ്ട് ആ പ്രദേശത്തുള്ള വഴികളൊക്കെ സുപരിചിതമാണ്. മൺകൂനകളൊക്കെ കയറിയിറങ്ങി ആടിയുലഞ്ഞുകൊണ്ടുള്ള ആ മരുഭൂമി യാത്ര രസകരമായിരുന്നു. കുറച്ചുദൂരം ഓടിയശേഷം വണ്ടി ഒരു വളവുതിരിഞ്ഞ് ‘അൽ റഹ’ ക്യാമ്പിനു മുന്നിൽ നിർത്തി. അവിടെ ഓരോ കുടുംബവും വേറെ വേറെ മുറികൾ ബുക്ക് ചെയ്തിരുന്നു. ഞങ്ങൾ ബാഗുകളൊക്കെ എടുത്ത് അതിൽനിന്ന് ഇറങ്ങി മുറികളിലേക്ക് പോയി.
വൈകീട്ടത്തെ ചായയും കഴിച്ച് എല്ലാവരും പുറത്തെ ഹാളിൽ ഇരിക്കുകയായിരുന്നു. അപ്പോൾ നിഷാദ് പറഞ്ഞു: ‘‘സൂര്യാസ്തമയം കാണാൻ പോകുന്നവരൊക്കെ വേഗം തയാറായിക്കോളൂ’’. വലിയ മലപോലെ ഉയർന്നുകിടക്കുന്ന മൺകൂനയുടെ മുകളിൽ പോകണം സൂര്യാസ്തമയം കാണാൻ. അവിടെ നടന്നുപോകാനൊന്നും എല്ലാവർക്കും പറ്റില്ല. പിന്നെ, പോകണമെങ്കിൽ ലാൻഡ് ക്രൂസർ വേണം.
ഞങ്ങളുടെ കൂട്ടത്തിൽ ലാൻഡ് ക്രൂസറുമായി മരുഭൂമിയിൽ പോയി പരിചയമുള്ളയാൾ നിഷാദ് മാത്രമേ ഉള്ളൂ. ഒടുവിൽ നിഷാദ്തന്നെ ഞങ്ങളെ കുറേശ്ശെയായി ലാൻഡ് ക്രൂസറിൽ മൺകൂനയുടെ മുകളിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് എല്ലാവരും സൂര്യാസ്തമയം കണ്ടു. നേരം ഇരുട്ടിയപ്പോൾ നല്ല തണുപ്പായി. ഞങ്ങൾ തിരിച്ചുവന്ന് ക്യാമ്പ് ഫയറിൽനിന്ന് ദേഹമൊക്കെ ചൂടാക്കി ഭക്ഷണം കഴിച്ചു. പിന്നെ ഹാളിൽ വന്നിരുന്ന് പാതിരാത്രി വരെ പാട്ടും ചിരിയും വർത്തമാനവുമായിരുന്നു. അന്ന് അവിടെ താമസിച്ചു.
പിറ്റേന്ന് നേരംപുലരുംമുമ്പ് എല്ലാവരും എഴുന്നേറ്റ് നിഷാദിന്‍റെ കൂടെതന്നെ പോയി സൂര്യോദയവും കണ്ടു. അതൊരു പുതിയ അനുഭവമായിരുന്നു. മരുഭൂമിയിൽനിന്നുതന്നെ സൂര്യോദയവും സൂര്യാസ്തമയവും ഇതിനുമുമ്പ് കണ്ടിട്ടില്ലായിരുന്നു.
ഞങ്ങൾ സംഘം ചേർന്ന് വേറെയും പല സ്ഥലങ്ങൾ സന്ദർശിച്ചു. ബർക്കയിലെ ഇസറ ഫാം ഹൗസിൽ പോയപ്പോൾ അവിടെ എന്‍റെ മറ്റു സുഹൃത്തുക്കളായ കോളജ് അധ്യാപകൻ റാഫിയും ഭാര്യ റഫീദയും മക്കളും സലീമും കുടുംബവും പർവേസും ഭാര്യ നജീമയും മക്കളും ഷംസീറും കുടുംബവും വന്നിരുന്നു.
സുഹൃത്തുക്കൾ സിറാജും ഭാര്യ റജീനയും ഷാഫിയും ഭാര്യ ഡോ. മുൻഷിറയും കൊച്ചുമകനും ബന്ധുക്കൾ ഷംനയും ഭർത്താവ് റമീസും രണ്ടു ചെറിയ മക്കളും ലൈലയും ഭർത്താവ് ഫൈസലുമൊക്കെ എന്നെയും ഭാര്യയെയും കാണാൻ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ വന്നു. ഹാരിസിനെയും കുടുംബത്തെയും അസൈബയിലുള്ള ഒരു പാർക്കിൽവെച്ചാണ് കണ്ടത്. 27 ദിവസം ഞങ്ങൾ ഒമാനിൽ ഉണ്ടായിരുന്നു. സുഹൃത്തുക്കളുമൊത്ത് ചെലവഴിച്ച ആനന്ദപ്രദമായ ആ ദിനങ്ങളിലെ ഓർമകൾ മനസ്സിൽ എന്നുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.