ആഗ്നയാമി
ഇത് ആഗ്നയാമി. വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി. ഏഴു വയസ്സിനിടെ ഈ കൊച്ചുമിടുക്കി സ്വന്തംപേരിലാക്കിയത് നിരവധി നേട്ടങ്ങൾ. ചുറ്റുപാടും കാണുന്ന പ്രകൃതി പ്രതിഭാസങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം പ്രമേയമാക്കി സ്വന്തമായി കവിതയുണ്ടാക്കി ചൊല്ലിയിരുന്ന ആഗ്നയാമിയുടെ കവിതകൾ അമ്മ റെക്കോഡ് ചെയ്തുവെച്ചു. ഓരോ കവിതയും പുസ്തകത്തിലേക്ക് പകർത്തിയെഴുതി.
അങ്ങനെ യു.കെ.ജി വിദ്യാർഥിനിയായിരിക്കെത്തന്നെ അവളുടെ ആദ്യ കവിതാസമാഹാരവും പിറവികൊണ്ടു, ‘വർണപ്പട്ടം’. പുസ്തകത്തിന്റെ കവർ പേജിനും താളുകളിലെ കവിതകൾക്കും വർണച്ചിത്രങ്ങൾ വരച്ച് തന്റെ കഴിവ് ഒന്നുകൂടി അവൾ തെളിയിച്ചു. 30 കവിതകളുണ്ട് ഈ കൊച്ചു പുസ്തകത്തിൽ. ഒരു പട്ടംപോലെ ആകാശത്തോളം പറക്കുന്ന തന്റെ മോഹങ്ങളാണ് ‘വർണപ്പട്ടം’ എന്ന കവിതയിൽ ആഗ്നയാമി പങ്കുവെക്കുന്നത്. ‘ചിലപ്പോൾ ഇത് ലോക റെക്കോഡ് ആകാം’ എന്നാണ് പുസ്തകത്തിന്റെ അവതാരികയായി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി കുറിച്ചുവെച്ചത്. ആ വാക്കുകൾ യാഥാർഥ്യമാവുന്നതാണ് പിന്നീട് ലോകം കണ്ടത്.
2023ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന അംഗീകാരം ആഗ്നയാമിയെ തേടിയെത്തി. പിന്നാലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിന്റെ ഗ്രാൻഡ് മാസ്റ്റർ അംഗീകാരവും. അന്താരാഷ്ട്രതലത്തിൽ പലനേട്ടങ്ങളും ആഗ്നയാമി തനിക്കൊപ്പം ചേർത്തു. 2024ൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുഡ് ഫോർ തോട്ട് ഫൗണ്ടേഷൻ നൽകുന്ന ഇന്ത്യ റീഡിങ് ഒളിമ്പ്യാഡ് അവാർഡ് അംഗീകാരവും ഈ കൊച്ചു മിടുക്കി കരസ്ഥമാക്കി.
അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ‘ഉജ്ജ്വലബാല്യം’ പുരസ്കാരംകൂടി ലഭിച്ചതോടെ ആഗ്നയാമി താരമായി. ആറിനും പതിനൊന്നിനും ഇടയിൽ പ്രായപരിധിയിലുള്ള വിദ്യാർഥികളിൽ പൊതു വിഭാഗത്തിലാണ് (സാഹിത്യം) ആഗ്നയാമി വിജയം കൈവരിച്ചത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആഗ്നയാമിയുടെ ആദ്യ കഥാസമാഹാരവും പുറത്തുവന്നു. 20 ബാലകഥകളടങ്ങിയ ‘പെൻസിലും ജലറാണിയും’ കൊച്ചു ഭാവനാ ലോകത്ത് വിരിഞ്ഞ സുന്ദരമായ കഥകൾകൊണ്ട് നിറഞ്ഞിരുന്നു.
പതിനാലോളം ഭാഷകൾ ആഗ്നയാമിക്ക് വായിക്കാനറിയാം. വേനലവധിക്കാലത്ത് യൂട്യൂബിന്റെ സഹായത്തോടെയാണ് ഇത്രയും ഭാഷകൾ ഈ മിടുക്കി പഠിച്ചെടുത്തത്. സാഹിത്യ രചനകളിൽ മാത്രമല്ല, ചിത്രരചന, അഭിനയം, ലീഫ് ആർട്ട്, സംഗീതം എന്നിവയിലും മികവ് പുലർത്തുന്നു. ആഗ്നയാമിയെ കേന്ദ്ര കഥാപാത്രമാക്കി അമ്മ സംവിധാനം ചെയ്ത ‘ശ്രുതി തരംഗം’ എന്ന ഹ്രസ്വ ചിത്രത്തിന് 2022ൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നടത്തിയ ‘മിഴിവ്’ വിഡിയോ ഓൺലൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. സംസ്ഥാന ജൂനിയർ തലത്തിൽ ഒന്നാം റാങ്കോടെ ദേശീയതല അബാക്കസ് പരീക്ഷക്ക് യോഗ്യത നേടിയിട്ടുണ്ട് ആഗ്ന യാമി.
കലക്ടറാവാൻ കൊതിക്കുന്ന ആഗ്നയാമി, പുതിയ അംഗീകാരങ്ങൾ ഒപ്പം ചേർത്തുകൊണ്ടാണ് മുന്നോട്ടുള്ള ഓരോ ചുവടും നടന്നുതീർക്കുന്നത്. ബാലുശ്ശേരി സ്വദേശിയായ മാധ്യമപ്രവർത്തകൻ എസ്. ശ്രീശാന്തിന്റെയും കോഴിക്കോട് ആകാശവാണി ന്യൂസ് എഡിറ്ററും ഗ്രന്ഥകാരിയുമായ ഓമശ്ശേരി സ്വദേശിനി ശ്രുതി സുബ്രഹ്മണ്യന്റെയും മകളാണ് ആഗ്ന യാമി. ഐഷാനി ലക്ഷ്മ, ആഷ്ന ഭൗമി എന്നിവർ സഹോദരിമാരാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.