ഇരിട്ടി: കാഴ്ചയില്ലെങ്കിലും കരുത്തുറ്റ മനസ്സോടെ അന്ധതയെ അതിജീവിച്ച് മുന്നേറുകയാണ് ദമ്പതികൾ. ഇവർക്ക് വഴികാട്ടിയായി മൂന്നാം ക്ലാസുകാരനായ മകനും. കണ്ണുകൾക്ക് കാഴ്ചയില്ലെങ്കിലും ജീവിതത്തെ നിറഞ്ഞ മനസ്സോടെ കാണുന്ന ഇരിട്ടി ടൗണിൽ ലോട്ടറി വിൽപനക്കാരനായ വേണുഗോപാലും ഭാര്യയും. ജന്മനാ അന്ധത ബാധിച്ചതല്ല ഇരുവർക്കും. നാലാം ക്ലാസുകാരനായിരുന്ന വേണുഗോപാലിന്റെ കാഴ്ച ശക്തി പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. ഡോക്ടറെ കാണിച്ച് ഓപറേഷൻ ഉൾപ്പെടെ നടത്തിയെങ്കിലും ആറുമാസം കൂടി ഈ ലോകത്തെ കാണാൻ സാധിച്ചു.
അന്ധവിദ്യാലയത്തിൽ പഠിച്ച് തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്ന് ഡിഗ്രി പൂർത്തിയാക്കി. ഇതിനിടെ ബ്ലൈൻഡ് ക്രിക്കറ്റ് സ്റ്റേറ്റ് പ്ലെയർ കൂടിയായിരുന്നു ഇപ്പോൾ ടൗണിൽ ലോട്ടറി വിൽപന നടത്തുന്ന ഈ 35 കാരൻ. ഇനിയും ക്രിക്കറ്റ് കളിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. കാസർകോട് സ്വദേശികളായ വേണുഗോപാലും ഭാര്യ സരിതയും ഇപ്പോൾ ഇരിട്ടി കീഴൂരിലെ വാടക വീട്ടിലാണ് താമസം. ഇരിട്ടി കീഴൂർ വാഴുന്നവേഴ്സ് യു.പി സ്കൂളിൽ അധ്യാപികയായി ഭാര്യ സരിതക്ക് ജോലി ലഭിച്ചപ്പോഴാണ് ഇവിടെയെത്തിയത്. സരിതക്ക് മൂന്നാം വയസ്സിലാണ് കാഴ്ചശക്തി നഷ്ടപ്പെട്ടത്. മൂന്നു വയസ്സുവരെ കണ്ട കാഴ്ചകൾ ഇന്നും മനസ്സിലുണ്ട്. സരിതയും വിധിയെ തോൽപ്പിച്ച് അന്ധവിദ്യാലയത്തിൽ പഠിച്ച് ബി.എഡ് കഴിഞ്ഞ് അധ്യാപികയായി.
മൂന്നാം ക്ലാസുകാരനായ മകൻ ധ്യാനാണ് ഇവരുടെ വഴികാട്ടി. മകന്റെ തോളിൽ പിടിച്ച് ഇരുവരും രാവിലെ വീട്ടിൽനിന്നിറങ്ങും. വേണുഗോപാൽ ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലെ ടൗണുകളിലും ലോട്ടറി വിൽപനക്കിറങ്ങുമ്പോൾ ഭാര്യ സരിത സ്കൂളിൽ വിദ്യാർഥികളെ പഠിപ്പിക്കാനെത്തും. ഒപ്പം ഇതേ സ്കൂളിൽ മകനും പഠിക്കുന്നുണ്ട്. ഇപ്പോൾ വീട്ടിൽ അമ്മ ലക്ഷ്മിയുമുണ്ട്. സാധാരണ ജീവിതത്തിലെ ഓരോ കാര്യവും ഇവർക്കു പരിശ്രമമാണ്. എന്നാൽ, ആ പരിശ്രമത്തെ പരാജയമായി കാണാതെ, ജീവിതത്തെ ഏറ്റെടുക്കുന്ന മനോഭാവമാണ് ഇവരെ വേറിട്ടുനിർത്തുന്നത്. കാഴ്ച ഇല്ലെങ്കിലും കഴിവുകൾ ഇല്ലാതാവുന്നില്ലെന്നതാണ് ഇവരുടെ ജീവിതം നൽകുന്ന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.