കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും
‘മകൾ വന്നതോടെ ഞാൻ എന്നെ സ്നേഹിക്കാൻ പഠിച്ചു’; രണ്ടാമതും അമ്മയാകാനൊരുങ്ങി കിയാര
ബോളിവുഡിലെ പ്രിയ താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. താരങ്ങൾ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. കിയാരയുടെയും സിദ്ധാർത്ഥിന്റെയും നീട്ടിയ കൈകളിൽ മകൾ സാറായ ഒരു ജോടി ചെറിയ വെളുത്ത സോക്സുകൾ പിടിച്ചിരിക്കുന്ന ചിത്രമാണ് ഇരുവരും പോസ്റ്റായി പങ്കുവെച്ചത്.
‘ഒരിക്കൽ കൂടി ഏറ്റവും വലിയ സമ്മാനം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു. ഞങ്ങളുടെ ഹൃദയങ്ങൾ സ്നേഹവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. ചിത്രം പുറത്തുവന്നതോടെ കരിഷ്മ കപൂർ, കരീന കപൂർ, രാകുൽ പ്രീത് സിംഗ്, പരിണീതി ചോപ്ര, കരൺ ജോഹർ തുടങ്ങി നിരവധി താരങ്ങൾ കമന്റ് ബോക്സിൽ ആശംസകളുമായി എത്തി.കഴിഞ്ഞ ജൂലൈ 2025 ലാണ് കിയാര ആദ്യ കുഞ്ഞിന് ജന്മം നൽകിയത്.
അമ്മയാകുന്നത് ഒരു സ്ത്രീയുടെ ജീവിതം പൂർണമായും മാറ്റുമെന്ന് പറയാറുണ്ട്, പക്ഷേ അത് അനുഭവിച്ചറിഞ്ഞാൽ മാത്രമേ യഥാർത്ഥത്തിൽ മനസ്സിലാകൂ എന്നാണ് കിയാര പറയുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിൽ മാതൃത്വത്തെയും പ്രസവാനന്തര കാലത്തെയും കുറിച്ച് താരം മനസ്സ് തുറന്നിരുന്നു.
‘അമ്മയാകുന്നതിന് മുൻപും അമ്മയായതിന് ശേഷവും ഞാൻ പൂർണമായും വ്യത്യസ്തയായ ഒരു വ്യക്തിയാണ്. എല്ലാ അർത്ഥത്തിലും. ഞാൻ ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടു’ എന്നാണ് കിയാര പറഞ്ഞത്. മകൾ ജനിച്ചതോടെ തനിക്ക് വലിയൊരു ലക്ഷ്യബോധം വന്നെന്നും താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മകൾ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു. ‘എന്റെ മകൾക്ക് മാതൃകയാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് ചെയ്താൽ എന്റെ മകൾക്ക് എന്ത് തോന്നും? അവൾക്ക് എങ്ങനെ തോന്നും?’ എന്നാണ് താൻ ചിന്തിക്കാറുള്ളതെന്നും കിയാര കൂട്ടിച്ചേർത്തു.
ഒമ്പത് മാസം ഒരു കുഞ്ഞിനെ ഗർഭപാത്രത്തിൽ ചുമന്ന്, അസഹനീയമായ വേദന സഹിച്ച് കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് പ്രസവാനന്തര വീണ്ടെടുക്കൽ ആരംഭിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതുണ്ടെന്ന് കിയാര പറയുന്നു. ‘അതൊരു വലിയ വ്യക്തിത്വ മാറ്റമാണ്. പുതിയ ലോകമാണ്. ആ നിമിഷത്തിൽ, അതിലൂടെ കടന്നുപോകുന്ന സ്ത്രീക്ക് സ്വയം കരുണ കാണിക്കുന്നത് ബുദ്ധിമുട്ടാണ്. അതിന് സമയമെടുക്കും. തനിക്ക് ആറ് മാസമെടുത്തെന്ന് കിയാര പറയുന്നു.
പ്രസവത്തിന് ശേഷം ആറ് മാസത്തോളം "നിനക്ക് തന്നോട് തന്നെ കരുണ കാണിക്കൂ" എന്ന് താൻ സ്വയം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നും കിയാര പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുമായി ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ച് നിങ്ങൾ മറക്കുന്നു. നിങ്ങൾ നിങ്ങളോട് തന്നെ പറയേണ്ട കാര്യങ്ങൾ. സാറായ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം, ഞാൻ എന്നോട് തന്നെ ഉള്ള ബന്ധത്തെ പരിപോഷിപ്പിക്കാൻ പഠിച്ചു.
34 വർഷത്തിന് ശേഷം, ഞാൻ അതിരുകൾ നിശ്ചയിക്കാൻ പഠിച്ചു. എന്നോട് തന്നെ വിമർശനാത്മക സംഭാഷണങ്ങൾ നടത്താതിരിക്കാൻ ഞാൻ പഠിച്ചു. ഭയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാൻ ഞാൻ പഠിച്ചു. ഈ ആറ് മാസത്തിനുള്ളിൽ ഞാൻ ഈ കാര്യങ്ങളെല്ലാം സ്വയം പഠിക്കേണ്ടി വന്നു കിയാര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.