ബീമാപള്ളി ഉറൂസിന് കൊടിയേറിയപ്പോൾ
തിരുവനന്തപുരം: ബീമാപള്ളി ദർഗ ഷെരീഫിലെ ഈ വർഷത്തെ ഉറൂസിന് കൊടിയേറി. ഞായറാഴ്ച രാവിലെ എട്ടിന് ബീമാപള്ളി ഇമാം സബീർ സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി. തുടർന്ന് പട്ടണ പ്രദക്ഷിണം നടന്നു. 10.30ന് നടന്ന പ്രാർഥനക്ക് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകി. 11ന് ജമാഅത്ത് പ്രസിഡന്റ് എ.എൽ. മുഹമ്മദ് ഇസ്മായിൽ പതാക ഉയർത്തി.
മന്ത്രി ആന്റണി രാജു, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വി.എസ്. ശിവകുമാർ, വി. സുരേന്ദ്രൻപിള്ള, കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സലിം, നികുതികാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.എം. ബഷീര്‍, കൗൺസിലർമാരായ മിലാനി പെരേര, ജെ. സുധീര്‍, മേരി ജിപ്സി, വി.എസ്. സുലോചനൻ, ബീമാപള്ളി ചീഫ് ഇമാം നുജുമുദ്ദീൻ പൂക്കോയ തങ്ങൾ, മുത്തുക്കോയ തങ്ങൾ, ജമാഅത്ത് ജനറൽ സെക്രട്ടറി എം.കെ.എം. നിയാസ്, വൈസ് പ്രസിഡന്റ് എ. സുലൈമാൻ തുടങ്ങിയവർ സംബന്ധിച്ചു.
രാത്രി 9.30ന് ‘സൂഫി ചിന്തകൾ’ വിഷയത്തിൽ പ്രഭാഷണവും തുടർന്ന് ബുർദ മജ്ലിസും നടന്നു. ജനുവരി നാലുവരെയാണ് ഉറൂസ് ചടങ്ങുകൾ. പ്രത്യേക പ്രാർഥനകൾ, മതപ്രസംഗം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി മൂന്നുവരെ ദിവസവും രാത്രി ഏഴുമുതൽ മൗലിദ്, മുനാജാത്ത്, റാത്തീബ്, ബുർദ എന്നിവ നടക്കും.
മൂന്നുവരെ ദിവസവും രാത്രി 9.30 മുതൽ മതപ്രസംഗവുമുണ്ടാകും. സമാപന ദിവസമായ നാലിന് പുലർച്ച ഒന്നിന് നടക്കുന്ന പ്രാർഥനക്ക് ബീമാപള്ളി അസി. ഇമാം മാഹീൻ അബൂബക്കർ ഫൈസി നേതൃത്വം നൽകും. 1.30ന് പട്ടണ പ്രദക്ഷിണം. പുലർച്ച നാലിന് നടക്കുന്ന പ്രാർഥനക്ക് നുജുമുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് അന്നദാനം നടക്കും.
തിരുവനന്തപുരം: ഉറൂസിനോടുനുബന്ധിച്ച് ബീമാപള്ളിയിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ ആരംഭിച്ചു. പൂവാര്‍, കിഴക്കേകോട്ട, തമ്പാനൂര്‍ ഡിപ്പോകളിൽനിന്നാണ് സര്‍വിസുകള്‍. പ്രധാന റോഡുകളിലും ജങ്ഷനുകളിലും ബീമാപള്ളിയിലേക്കുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രഥമശുശ്രൂഷ കേന്ദ്രവും സജ്ജമാക്കി. പ്രത്യേക ആംബുലന്‍സ് സൗകര്യത്തോടെയാണ് ആരോഗ്യ യൂനിറ്റ് പ്രവർത്തിക്കുക. തീര്‍ഥാടകരുടെ പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് വിന്യാസമുണ്ട്. ഇതിനോടനുബന്ധിച്ച് കണ്ട്രോള് റൂം തുറന്നു. മാലിന്യനീക്കം ഉറപ്പാക്കാന്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ പ്രത്യേക ഡ്രൈവ് നടത്തും. ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.