ന​ളി​നാ​ക്ഷ​ൻ

തിരിച്ചുപോക്ക് നളിനാക്ഷൻ സ്റ്റൈൽ; കോഴിക്കോട്ടേക്ക് ഓടും

കൊച്ചി: മൂന്നര പതിറ്റാണ്ട് മുമ്പ് കോഴിക്കോട് പൊക്കുന്ന് സ്വദേശി നളിനാക്ഷൻ തീവണ്ടി കയറി കൊച്ചിയിൽ ഇറങ്ങിയത് കപ്പൽ പണിക്കായിരുന്നു. അടുത്തയാഴ്ച 38 വർഷത്തെ സേവനമവസാനിപ്പിച്ച് നളിനാക്ഷൻ നാട്ടിലേക്ക് മടങ്ങുന്നത്, പക്ഷെ പുതിയ ചരിത്രം രചിച്ചായിരിക്കും. 1984 സെപ്റ്റംബർ നാലിന് കോഴിക്കോടുനിന്ന് 16 രൂപയുടെ ടിക്കറ്റെടുത്ത് തീവണ്ടിയിൽ താണ്ടിയ ആ ദൂരം തിരികെ ഓടിത്തീർക്കാനാണ് ഈ 60കാരന്‍റെ തീരുമാനം.

കൊച്ചി കായലിലെ കപ്പൽശാല വിട്ട് വീട്ടിലേക്ക് മടങ്ങുന്ന റിട്ടയർമെന്‍റ് ഒരു തരത്തിൽ വേദനയാണെങ്കിലും തുടർജീവിതം ആഘോഷിക്കാൻ തന്നെയാണ് തീരുമാനം. അതിനുള്ള തുടക്കമാണിതെന്ന് നളിനാക്ഷൻ പറയുന്നു. എറണാകുളത്തുനിന്ന് ഫറോക്കിൽ പണികഴിപ്പിച്ച വീട്ടിലേക്ക് 100 മൈൽ ദൂരമുണ്ട് (160 കി.മീ).

കൊച്ചി കപ്പൽ നിർമാണശാലയിൽ ഫിറ്റർ തസ്തികയിൽ ജോലിയിൽ കയറിയ നളിനാക്ഷൻ ഷിപ്പ്ബിൽഡിങ് അസിസ്റ്റന്‍റ് എൻജിനീയറായാണ് 30ന് വിരമിക്കുന്നത്. ജൂലൈ രണ്ടിന് പുലർച്ച രണ്ടിന് പനമ്പിള്ളി നഗറിൽനിന്നാണ് കോഴിക്കോട്ടേക്ക് ഓട്ടം തുടങ്ങുക. മൂന്നിന് രാവിലെ പത്തോടെ ഫറോക്കിലെ വീട്ടിൽ എത്താനാണ് പദ്ധതി. ഷിപ്യാർഡിലെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ആറ് പേരും റണ്ണിങ് ക്ലബിലെ 14 പേരുമടക്കം 20 പേർ നളിനാക്ഷനൊപ്പം കോഴിക്കോട്ടേക്ക് ഓടുന്നുണ്ട്. കൊച്ചി -കൊടുങ്ങല്ലൂർ- ഗുരുവായൂർ- പൊന്നാനി- തിരൂർ- പരപ്പനങ്ങാടി വഴി ഫറോക്കിൽ എത്തുന്ന രീതിയിലാണ് റൂട്ട് മാപ്പ്.

2020ൽ കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ കാലമാണ് നളിനാക്ഷനെ ഓട്ടത്തിലേക്ക് എത്തിച്ചത്. പനമ്പിള്ളി നഗർ റണ്ണേഴ്സ് ക്ലബുമായി ചേർന്ന് ഓടാൻ തുടങ്ങുന്നത് അക്കാലത്താണ്. ജീവിതംതന്നെ മാറ്റിമറിച്ചു ആ തീരുമാനം. ആ കൂട്ടത്തിലെ മികച്ച ഓട്ടക്കാരിലൊരാളായി നളിനാക്ഷൻ മാറി. ഓട്ടത്തിൽ ഹരം കയറിയതോടെ മാരത്തൺ മത്സരങ്ങളിലും പങ്കെടുക്കാൻ തുടങ്ങി. മൂന്നാറിൽ കഴിഞ്ഞ മാസം നടന്ന മൂന്നാർ ഫുൾ മാരത്തണിൽ പങ്കെടുത്ത് കുന്നും മലയും ഓടിക്കയറി. 55 പ്ലസ് ഏജ് കാറ്റഗറിയിൽ രണ്ടാമനായെത്തി കപ്പും കൊണ്ടാണ് നളിനാക്ഷൻ കൊച്ചിയിലെത്തിയത്. നളിനാക്ഷന്‍റെ ഓട്ടം കണ്ട് ഭാര്യ അജയയും കൂടെ ഓടാൻ തുടങ്ങിയിരുന്നു. മൂന്നാർ മാരത്തണിലെ മത്സരത്തിലും അവർ പങ്കെടുത്തിരുന്നു. അമിത്, രജത് എന്നിവരാണ് മക്കൾ.

Tags:    
News Summary - Nalinakshan will run to Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.