രാജ്യതലസ്ഥാനത്തുനിന്ന് 250 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഒമ്പതു വർഷം മുമ്പ് കാണാതായ നജീബ് അഹമ്മദിന്റെ വീട്. പ്രശസ്തമായ ഷംസി ജമാമസ്ജിദിന് അടുത്തായാണ് താമസം. നജീബ് അപ്രത്യക്ഷനായിട്ട് ഒമ്പതു വര്‍ഷം തികയുകയാണ്.
ജന്മദിനത്തിന് മൂന്നുദിവസം മുമ്പായിരുന്നു നജീബിന്റെ തിരോധാനം. രാജ്യമെങ്ങും നജീബിനായി പോര്‍വിളി മുഴക്കിയിട്ടും സമൂഹമാധ്യമങ്ങളിൽ ഹാഷ് ടാഗുകളും പ്രതിഷേധങ്ങളും കത്തിയിട്ടും സങ്കടം ആര്‍ത്തലച്ച അവന്റെ മാതാവ് അധികാരകേന്ദ്രങ്ങള്‍ കയറിയിറങ്ങിയിട്ടും അന്വേഷണ സംഘമടക്കം ഇന്നും നിശ്ശബ്ദരാണ്. രാജ്യത്തെ അന്വേഷണ വിഭാഗങ്ങള്‍ എല്ലാം അന്വേഷിച്ചിട്ടും മറുപടി ഒന്നുമാത്രമാണ്. അറിയില്ല, കാണാതാവലിന് തെളിവുകളുമില്ല.
ഒരായിരം ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെ ഒരു മകനെ നഷ്ടപ്പെട്ട മാതാവിന്റെ വേദനയെ നജീബിന്റെ വീട്ടിൽവെച്ച് ഒറ്റനോട്ടത്തിൽതന്നെ അനുഭവിച്ചു. അന്വേഷണങ്ങൾ, കോടതികൾ, സമരങ്ങൾ, മാധ്യമവിചാരണകൾ എല്ലാം കഴിഞ്ഞിട്ടും അത്യന്തം അടിസ്ഥാനപരമായ ആ ചോദ്യം ഇന്നും പ്രതികരിക്കപ്പെടാതെതന്നെ നിൽക്കുന്നു. നജീബ് എവിടെയാണ്? എന്താണ് സംഭവിച്ചത്?
മാതാവ് ഫാത്തിമ നഫീസിന്റെയും പിതാവ് നഫീസ് അഹമ്മദിന്റെയും ധൈര്യവും വിശ്വാസവും ആശ്ചര്യപ്പെടുത്തി. അതിരുകളില്ലാത്ത കാത്തിരിപ്പാണിത്. തുടർപോരാട്ടങ്ങളെക്കുറിച്ച് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സംസാരിക്കുന്നു.
? നജീബിന്റെ തിരോധാനത്തിന് ഒമ്പതു വർഷമായി. അന്വേഷണം സി.ബി.ഐയും അവസാനിപ്പിച്ചിരിക്കുന്നു. തുടർപോരാട്ടങ്ങൾ എങ്ങനെയാണ്
മകനായുള്ള പോരാട്ടം തുടരാനാണ് തീരുമാനം. അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചതിനാൽ ഉടൻ ഹൈകോടതിയെ സമീപിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സുപ്രീംകോടതിയിലും പോകും. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ മകനുവേണ്ടി പോരാടുകയാണ് ലക്ഷ്യം. അവനെ ഞങ്ങൾക്ക് തിരികെവേണം. മറവിക്ക് വിട്ടുകൊടുത്ത് വിധിയെന്ന് വിചാരിച്ചിരിക്കാനില്ല. അത് അന്വേഷണ ഏജൻസികൾക്ക് മുന്നിൽ തോറ്റ് പോകുന്നതിനു തുല്യമാണ്. തോൽക്കാൻ തയാറല്ല. മുന്നോട്ട് ഊർജത്തോടെ പോരാടാനാണ് തീരുമാനം.
? സി.ബി.ഐ അന്വേഷണം കൃത്യമായ രീതിയിലായിരുന്നോ. നജീബിനായി വലിയ അന്വേഷണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം
സി.ബി.ഐ അന്വേഷണം ഒട്ടും ശരിയായിരുന്നില്ല. തുടക്കം മുതൽ അത് ഞാൻ പറയുന്നുണ്ടായിരുന്നു. അവർ അന്വേഷണത്തിന്റെ ഭാഗമായി ഒന്നും ചെയ്തില്ല. നിരവധി കാര്യങ്ങൾ ഞങ്ങൾ അന്വേഷണ സംഘവുമായി പങ്കുവെച്ചിരുന്നു. എന്നിട്ടും അന്വേഷണം കാര്യക്ഷമമായിരുന്നില്ല. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നജീബിനെയും കുടുംബത്തിനെയും അപകീർത്തിപ്പെടുത്തിയിട്ടും തെറ്റായ കിംവദന്തികൾ പ്രചരിച്ചിട്ടും അതുപോലും അന്വേഷിച്ചില്ല.
ക്രൈംബ്രാഞ്ചും സി.ബി.ഐയും വിശദമായ അന്വേഷണം നടത്തിയെന്നാണ് അവർ ഇത്രയും കാലം കോടതിയിലടക്കം അവകാശപ്പെട്ടത്. അത് ശരിയായിരുന്നെങ്കിൽ നജീബിനെക്കുറിച്ച് എന്തെങ്കിലും ഒരു വിവരം അവർക്ക് ലഭിക്കുമായിരുന്നു. എന്നാൽ, ഒന്നും ആർക്കും കണ്ടെത്താൻ സാധിച്ചില്ലല്ലോ? അപ്പോൾ എങ്ങനെ പറയും അന്വേഷണം ശരിയായിരുന്നെന്ന്? കേസിനെ കുറിച്ച് സി.ബി.ഐയില്‍നിന്ന് കൃത്യമായി ഒരു വിവരവും ലഭിച്ചിരുന്നില്ല. ഞാന്‍ എത്രയോ തവണ അവരെ വിളിച്ചു. അവരുടെ ഓഫിസ് കയറിയിറങ്ങി. എന്നാല്‍ അവര്‍ എന്നെ കാണാന്‍പോലും വിസമ്മതിക്കുന്നു.
പുതുതായി ഒന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. മകനെ എ.ബി.വി.പിക്കാർ ക്രൂരമായി മർദിച്ചശേഷമാണ് അവനെ ഹോസ്റ്റലിൽനിന്നും കാണാതായത്. മർദിച്ചവരെ ഒരിക്കലും പൊലീസ് വിളിച്ച് ചോദ്യംചെയ്തിട്ടില്ല. സി.ബി.ഐ ഒരിക്കലും അവരോട് ഇതേക്കുറിച്ച് ചോദിച്ചില്ല. ആരെയും അറസ്റ്റ് ചെയ്തതുമില്ല. ഇങ്ങനെയാണോ അന്വേഷണം നടക്കേണ്ടത്. മനപ്പൂർവം ചിലത് കണ്ടില്ലെന്ന് നടിക്കുകയാണ്. അന്വേഷണ സംഘത്തിലുള്ള വിശ്വാസം ഓരോ ദിവസവും കുറഞ്ഞുവരുകയാണ്.
? അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള സി.ബി.ഐ ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിച്ചതിൽ നിരാശയുണ്ടോ? എ.ബി.വി.പിക്ക് ഈ കേസുമായി ബന്ധമുണ്ടോ?
ഞാൻ എന്തിന് നിരാശപ്പെടണം. ഞാൻ ഇന്ത്യയിലാണ് താമസിക്കുന്നത്. ഞാൻ ഇന്ത്യൻ നിയമത്തിൽ വിശ്വസിക്കുന്നു. എനിക്കും മറ്റുള്ളവർക്കും അത് മനസ്സിലാകും. എല്ലാവരുടെയും മനസ്സാക്ഷി മരിച്ചിട്ടില്ലല്ലോ. നീതി ലഭിക്കുമെന്ന് എനിക്ക് വലിയ ഉറപ്പുണ്ട്. ജെ.എൻ.യുവിലെയും ജാമിഅയിലെയും വിദ്യാർഥികൾ തനിക്കൊപ്പമുള്ളപ്പോൾ എന്തിന് നിരാശപ്പെടണം. എ.ബി.വി.പിക്ക് ഈ കേസുമായി ബന്ധമുണ്ട്. അവരാണല്ലോ മകനെ ഒരു കാരണവുമില്ലാതെ മർദിച്ചത്.
അവൻ എന്ത് തെറ്റാണ് അവരോട് ചെയ്തത്. ആർക്കും ഇന്നേവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും അവനെ ഹോസ്റ്റൽ മുറിയിൽ കയറി തല്ലുകയായിരുന്നു. ഡല്‍ഹി പൊലീസോ യൂനിവേഴ്സിറ്റി അധികൃതരോ ഇതുവരെ അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. മകനെ കാണാതായത് മുതൽ നീതിക്കായി ഞങ്ങൾ തെരുവുകളിൽ അലഞ്ഞുനടന്നു. ഡൽഹിയുടെ എല്ലാ കോണിലും പ്രതിഷേധിച്ചു. ഞങ്ങളെ ഭയപ്പെടുത്താൻ വലിയ ശ്രമങ്ങൾ നടത്തി. എന്നെ റോഡിലൂടെ വലിച്ചിഴച്ചത് ഇന്നും എല്ലാവർക്കും ഓർമയുണ്ട്. അതിനിടെ വലിയ പരിക്കുകൾ ഏറ്റു. പഴയതുപോലെ നടക്കാൻ ഇപ്പോൾ സാധിക്കുന്നില്ല.
നജീബിനോട് എന്തിനായിരുന്നു ശത്രുതയെന്ന് എനിക്കും ഈ ലോകത്തിനും അറിയില്ല. ഒരു മുസ്ലിം ആയതിനാലോ ഒരു നല്ല വിദ്യാർഥി ആയതിനാേലാ ആണോ? എന്താണ് സംഭവിച്ചതെന്നും അവനോട് എന്താണ് ഇങ്ങനെ ചെയ്തതെന്നും ആരും പറയാൻ തയാറാകുന്നില്ല. അന്വേഷണ സംഘം ഉൾെപ്പടെ സർക്കാറിനെ പിന്തുണക്കുന്നു. ഒരു പാവപ്പെട്ട വ്യക്തിക്കുവേണ്ടി സത്യസന്ധമായ അന്വേഷണം നടത്താൻ കഴിയുന്നില്ല. എന്റെ മകൻ ഒരു മന്ത്രിയുടെയോ വലിയ വ്യവസായിയുടെയോ മകനായിരുന്നെങ്കിൽ പൊലീസ് അവനെ എന്നേ കണ്ടെത്തി തിരികെ ഏൽപിക്കുമായിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾ ഒരു സാധാരണ കുടുംബമായി പോയി. അതിനാൽ മകനെ തിരികെ ലഭിച്ചില്ല.
? ജെ.എന്‍.യുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ?
ജെ.എന്‍.യുവിലുള്ള വിശ്വാസം തനിക്കു നേരത്തേ നഷ്ടപ്പെട്ടതാണ്. മാനവികവിരുദ്ധമായ നിലപാടുകളാണ് ഞങ്ങളോട് സർവകലാശാല സ്വീകരിച്ചത്. നിങ്ങളുടെ മകനോ മകളോ ആണ് ഒരു ദിവസത്തേക്ക് കാണാതാകപ്പെട്ടതെങ്കില്‍ എത്രത്തോളം അസ്വസ്ഥനാവും എന്നാണ് എനിക്ക് സർവകലാശാല അധികൃതരോട് ചോദിക്കാനുള്ളത്.
? പഠനം, സ്വപ്നങ്ങൾ, ജീവിതം?
മകൻ ജീവിതത്തില്‍ വലിയ സന്തോഷങ്ങളൊന്നും അനുഭവിച്ചിട്ടില്ല. അവന്റെ എല്ലാ ബുക്കുകളും ഇവിടെ ഈ അലമാരയില്‍ ഇപ്പോഴും അങ്ങനെതന്നെയുണ്ട്. ഓരോ ഈദിനും അവന് ധരിക്കാനുള്ള പൈജാമയും കുര്‍ത്തയും ഞാന്‍ വാങ്ങിവെക്കും. അവന് വരുമെന്ന പ്രതീക്ഷയില്‍. അതിപ്പോഴും അവന്റെ അലമാരയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇപ്പോഴും പല രാത്രികളിലും ഞങ്ങൾക്ക് ഉറങ്ങാനാവുന്നില്ല. ഞെട്ടിയുണരുന്നു ഇടക്കിടക്ക്.
അപ്പോഴൊക്കെ ഞാന്‍ എന്റെ മകന് ഇപ്പോള്‍ എവിടെയാണെന്ന് ഓർക്കും. കണ്ണ് നിറയും ഒക്ടോബര്‍ 18ന് അവന്റെ പിറന്നാളാണ്. ജന്മദിനങ്ങളില് അവനെ ഞാന്‍ രാവിലെ ഉണര്‍ത്തും. അവന് ഇഷ്ടമുള്ള മധുരമുള്ള ബ്രെഡ് ഉണ്ടാക്കിക്കൊടുക്കും. അവന് ജീവിച്ചിരിക്കുന്നുണ്ടെന്നും തിരിച്ചുവരുമെന്നും തന്നെയാണ് എന്റെ പ്രതീക്ഷ. എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. ആയിരങ്ങളുടെ പ്രാർഥന അവനോടൊപ്പമുണ്ട്. അത് സ്വീകരിക്കപ്പെടും നഫീസ് കണ്ണുതുടച്ചു.
‘മകനെ തിരികെ നൽകണം’
തങ്ങളുടെ കുടുംബം കഴിഞ്ഞ ഒമ്പതു വർഷമായി നജീബിനെ കാത്തിരിക്കുകയാണെന്നും എപ്പോഴാണ് ഞങ്ങള്‍ക്ക് നീതികിട്ടുകയെന്നും നജീബിന്റെ പിതാവ് നഫീസ് അഹമ്മദ് ചോദിക്കുന്നു. രാജ്യത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം, പഠിക്കണമെന്ന് നജീബ് ആഗ്രഹിച്ചിരുന്നു. പക്ഷേ, അവൻ ഇപ്പോൾ എവിടെയാണ് എന്നുംപോലും ആർക്കും അറിയില്ല. അവനെ തിരികെ നൽകണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ഞങ്ങൾ കാത്തിരിക്കുകയാണ് അവന്റെ മടങ്ങിവരവിനായി. അല്ലാഹുവില്‍ വിശ്വാസമുണ്ട്. പ്രാർഥനയോടെ കാത്തിരിക്കുകയാണ്.
ആരായിരുന്നു നജീബ് അഹമ്മദ്
2016 ഒക്ടോബർ 15നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ നജീബിനെ കാണാതാവുന്നത്. ജെ.എന്‍.യുവിൽ എം.എസ്.സി വിദ്യാര്‍ഥിയായിരുന്നു നജീബ്. ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ സംഘടിത ആക്രമണത്തെ തുടര്‍ന്നാണ് നജീബിനെ കാണാതാവുന്നതെന്നാണ് വിവരം. രാജ്യത്തെ മൂന്ന് ഏജന്‍സികള്‍ ഇതിനകം നജീബിന്റെ തിരോധാനം അന്വേഷിച്ചു.
ആദ്യം ഡല്‍ഹി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ഒടുവില്‍ സി.ബി.ഐക്കും കൈമാറി. അവരിപ്പോള്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചതും കോടതി അംഗീകരിച്ചതും. എന്തെങ്കിലും സൂചനകൾ ലഭിച്ചാൽ കേസ് അന്വേഷിക്കണമെന്ന് കോടതി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ഒമ്പതു വർഷം കഴിഞ്ഞിട്ടും, നജീബിനെക്കുറിച്ച് ഇപ്പോഴും ഒരു സൂചനപോലുമില്ല. ജീവിനോടെയുണ്ടെന്നോ അതോ മരിച്ചെന്നോ ആര്‍ക്കും സ്ഥിരീകരിക്കാനാവുന്നില്ല. നജീബിന്റെ തിരോധാനം അന്വേഷിച്ച് സി.ബി.ഐയും നജീബ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താതെയാണ് പിന്മാറിയത്.
ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് എല്ലായിടത്തും പരിശോധന നടത്തിയിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ചു. ജെ.എൻ.യു കാമ്പസിലെ 1019 ഏക്കർ സ്ഥലത്ത് 560 പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.