അബ്ദുക്കോയയുടെ ചരിത്ര ശേഖരങ്ങൾ സൂക്ഷിച്ച
മകൻ റിയാസ്
മട്ടാഞ്ചേരി: ലോകകപ്പ് ഫുട്ബാൾ ചരിത്രം കളികൾ കണ്ടെഴുതി കൈയെഴുത്ത് ശേഖരമായി സൂക്ഷിച്ച ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി അബ്ദുക്കോയയുടെ അസാന്നിധ്യം ഈ ലോകകപ്പ് വേളയിൽ നാട്ടിൽ ചർച്ചയാകുകയാണ്. 2021 മാർച്ചിലാണ് ഇ.കെ. അബ്ദുക്കോയ മരണമടഞ്ഞത്.
12ാം വയസ്സിൽ കാൽപ്പന്തുകളിയിൽ ആകൃഷ്ടനായ അബ്ദുക്കോയ ചെറുകപ്പലിലെ റേഡിയോ ഓഫിസറായതോടെയാണ് ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളുടെ ചരിത്രം തയാറാക്കി തുടങ്ങിയത്. ഇതിനിടെ പിന്മുറക്കാരിൽനിന്ന് 1930 മുതലുള്ള ലോകകപ്പ് കാൽപ്പന്ത് കളി വിവരങ്ങളും ശേഖരിച്ചു. തുടന്നിത് 2018 വരെയുള്ള ലോകകപ്പ് ഫുട്ബാളിെൻറ സമ്പൂർണ രേഖകളുടെ സൂക്ഷിപ്പുകാരനുമായി.
ഓരോ ലോകകപ്പിലും മത്സരിച്ച രാജ്യങ്ങൾ, ഏറ്റുമുട്ടിയ ടീമുകൾ, നേടിയ ഗോളുകൾ, ഗോളടിച്ച നിമിഷങ്ങൾ, കളിക്കാർ, ചുവപ്പ്-മഞ്ഞ കാർഡുകൾ കാണിക്കപ്പെട്ട കളിക്കാരുടെ പേരുവിവരങ്ങൾ, തുടങ്ങി കളിയുടെ സർവവിവരങ്ങളും കളികണ്ട് എഴുതി ശേഖരമാക്കി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അബ്ദുക്കോയയുടെ ഫുട്ബാൾ കൈയെഴുത്ത് ചരിത്രരേഖകളെ കുറിച്ചറിഞ്ഞ് ലോക ഫുട്ബാൾ അസോസിയേഷനായ ഫിഫ തന്നെ അഭിനന്ദിച്ച് കത്തയച്ചിട്ടുട്ടുണ്ട്.
കൈയെഴുത്ത് പുസ്തകങ്ങൾ മാത്രമല്ല, ലോകകപ്പിനെക്കുറിച്ചുള്ള ഓരോ കാലയളവിലെയും പത്രവാർത്തകൾവരെ സൂക്ഷിച്ചിരുന്നു. കളി കണ്ടെഴുതണമെന്ന നിർബന്ധം കാത്തുസൂക്ഷിച്ചപ്പോൾ ഒരേസമയം രണ്ട് കളികൾ ഉള്ളപ്പോൾ സഹായത്തിന് മക്കളെയും കൂട്ടുമായിരുന്നു. ഒരിക്കൽ ലോകകപ്പിലെ ഗോളുകളുടെ എണ്ണം സംബന്ധിച്ച് വന്ന കണക്കുകളിലെ പിഴവും അബ്ദുക്കോയ ചൂണ്ടിക്കാട്ടി ഫിഫക്ക് കത്തെഴുതിയിരുന്നു.
ടൈ ബ്രേക്കറിന് പെനാൽറ്റി അനുവദിക്കുമ്പോൾ വലകുലുക്കുന്ന ഗോളുകളുടെ എണ്ണം ഫിഫ പ്രത്യേകമായി ഗോൾപട്ടികയുടെ കണക്കിൽപ്പെടുത്തി സൂക്ഷിക്കാറില്ലായിരുന്നു. എന്നാൽ, അബ്ദുക്കോയ കൃത്യമായി ആ കണക്കുകൾ എഴുതിസൂക്ഷിച്ചിരുന്നു. ഫിഫ കത്തിന് മറുപടിയും അയച്ചിരുന്നു.
അബ്ദുക്കോയയുടെ ചരിത്രശേഖരം പ്രത്യേക മുറിയിൽ നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് തോപ്പുംപടിയിലെ കെ.എസ്.എഫ്.ഇയിൽ ഡെപ്യൂട്ടി മാനേജറായ മകൻ പി.എ. റിയാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.