പഠനത്തിലും ജോലിയിലും ശാരീരിക അവശതകൾ തടസ്സമല്ലെന്ന് തെളിയിച്ച് മുന്നേറുന്ന ചെറുപ്പക്കാരൻ, പാലക്കാട് ചിറ്റൂർ തത്തമംഗലം സ്വദേശി അബ്ദുൽ റഷീദ്. സെറിബ്രൽ പാൾസി ശരീരത്തെ തളർത്തിയെങ്കിലും റഷീദിലെ സംരംഭകന് മുന്നേറാൻ അതൊന്നും ഒരു തടസ്സമായിരുന്നില്ല. ലൈറ്റ് ആൻഡ് സൗണ്ട്, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളുടെ ചുമതലക്കാരനാണ് ഈ 29കാരനിപ്പോൾ.
നേരത്തെ പിതാവ് മുഹമ്മദ് റഫിയായിരുന്നു ഈ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. എന്നാൽ, പിന്നീട് അബ്ദുൽ റഷീദ് ഇതിന്റെ ചുമതല ഏറ്റെടുത്തു. വേറിട്ട ആശയങ്ങൾ ഉൾപ്പെടുത്തി സ്ഥാപനത്തെ മുന്നോട്ടു നയിച്ചു. പിന്നീട് അബ്ദുൽ റഷീദിനും കുടുംബത്തിനും പിന്നോട്ടുനോക്കേണ്ടി വന്നിട്ടില്ല.
ഇരട്ടക്കുട്ടികളിൽ ഒരാളായ അബ്ദുൽ റഷീദിന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് മാതാപിതാക്കളായ മുഹമ്മദ് റഫിയും സമീനയും ചെറുപ്പത്തിലേ വഴികാട്ടികളായി. അച്ഛനുമമ്മയും സഹോദരനും കൈപിടിപ്പ് കൂടെനിന്നപ്പോൾ കുഞ്ഞിലേതന്നെ പ്രതീക്ഷകളും അബ്ദുൽ റഷീദിൽ വളർന്നുവന്നു. എസ്.എസ്.എൽ.സിയും പ്ലസ് ടുവുമൊക്കെ നിഷ്പ്രയാസം മറികടന്ന് ചിറ്റൂർ ഗവ. കോളജിൽനിന്ന് ബിരുദവുമെടുത്തു. ഇതോടെ അബ്ദുൽ റഷീദിലെ നൂതന സംരംഭകനും ചിറകുമുളച്ചു.
മോട്ടോർ ഘടിപ്പിച്ച വീൽചെയറിലാണ് റഷീദിന്റെ യാത്രകൾ. ആദ്യ ദിവസങ്ങളിൽ മുഹമ്മദ് റഫി വീൽചെയറിനു പിറകെ സ്കൂട്ടറിൽ കൂട്ടുപോകുമായിരുന്നുവെങ്കിലും പിന്നീട് അതുമാറി ഒറ്റക്കായി സഞ്ചാരം. ഇനിയൊരു കാർ സ്വന്തമായി ഓടിക്കണം, ബിസിനസ് കൂടുതൽ വിപുലപ്പെടുത്തണം -അബ്ദുൽ റഷീദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.