ശുഭാൻഷു ശുക്ല
ന്യൂഡൽഹി: ഇന്ത്യൻ ജനതയുടെ മുഴുവൻ പ്രതീക്ഷകളുമേന്തിയാണ് ശുഭാൻഷു ശുക്ല ബഹിരാകാശ ദൗത്യത്തിനൊരുങ്ങിയത്. കാത്തിരിപ്പിനൊടുവിൽ അദ്ദേഹം ആ സ്വപ്നം സഫലമാക്കി. അന്താരാഷ്ട്ര ബഹിരകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും ഈ ലഖ്നോ സ്വദേശി സ്വന്തമാക്കി. ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ് ക്യാപ്റ്റനായ ശുഭാൻഷുവിന് 10 വർഷത്തെ കരിയറിനിടയിൽ 2000 മണിക്കൂർ യുദ്ധവിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്.
വിദ്യാർഥിയായിരിക്കെ ഒരു വ്യോമപ്രദർശനം കണ്ടതോടെയാണ് ശുഭാൻഷുവിന് വിമാനങ്ങളോടും ആകാശയാത്രയോടും കമ്പം കയറിയതെന്ന് മൂത്ത സഹോദരി സുചി ശുക്ല പറഞ്ഞു. വിമാനങ്ങളുടെ വേഗവും ശബ്ദവും അദ്ദേഹത്തെ ഭ്രമിപ്പിച്ചു. പറക്കാനുള്ള ആഗ്രഹം അദ്ദേഹം വീട്ടുകാരുമായി പങ്കുവെച്ചു. ലക്ഷ്യത്തിലേക്കുള്ള പ്രയാണമായിരുന്നു പിന്നീട്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളാണ് സഹോദരൻ സഫലീകരിച്ചതെന്ന് സുചി ശുക്ല പറഞ്ഞു. പ്രിയപ്പെട്ട കാരറ്റ് ഹൽവയും ചെറുപയർ പരിപ്പ് ഹൽവയും ബഹിരാകാശ യാത്രയിൽ അദ്ദേഹം ഒപ്പം കരുതിയിട്ടുണ്ടെന്നും സഹോദരി കൂട്ടിച്ചേർത്തു.
2027ൽ വിക്ഷേപണം നടത്താനിരിക്കുന്ന ഇന്ത്യയുടെ കന്നി മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിലേക്ക് 2019ലാണ് ശുഭാൻഷു ശുക്ല തെരഞ്ഞെടുക്കപ്പെട്ടത്. സഹപൈലറ്റുമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അങ്കാട് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരും ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെന്ററിലും ബംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ ആസ്ട്രോണറ്റ് ട്രെയിനിങ് ഫെസിലിറ്റിയിലുമാണ് ഇവർ പരിശീലനം നേടിയത്.
1985 ഒക്ടോബർ 10ന് ലഖ്നോവിലാണ് ശുഭാൻഷു ജനിച്ചത്. സിറ്റി മോണ്ടിസോറി സ്കൂളിലെ (സി.എം.എസ്) വിദ്യാഭ്യാസത്തിനുശേഷം നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. 2006ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്ന ശുഭാൻഷു സുഖോയ്-30 എം.കെ.ഐ, മിഗ് -29, ജഗ്വാർ, ഡ്രോണിയർ -228 വിമാനങ്ങൾ പറത്തി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ എം.ടെക്കും നേടി.
നാഷനൽ ഡിഫൻസ് അക്കാദമിയിലെ പ്രവേശനം യാദൃശ്ചികമായിരുന്നുവെന്ന് പിതാവ് ശംഭു ശുക്ല ഓർമിച്ചു. സി.എം.എസിലെ സഹപാഠികൾ എൻ.ഡി.എ അപേക്ഷാഫോം വാങ്ങിയിരുന്നു. എന്നാൽ, അതിലൊരാൾക്ക് ഏതാനും ദിവസത്തെ പ്രായക്കൂടുതൽ ഉള്ളതുകൊണ്ട് അപേക്ഷിക്കാനായില്ല. തുടർന്നാണ് ശുഭാൻഷുവിനോട് അപേക്ഷിക്കുന്നോയെന്ന് ചോദിച്ചത്. അങ്ങനെ ശുഭാൻഷുവും അപേക്ഷ സമർപ്പിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സി.എം.എസിൽ കണ്ടുമുട്ടിയ കാമ്നയാണ് ശുഭാൻഷുവിന്റെ ഭാര്യ. ആറു വയസ്സുകാരൻ കിയാഷാണ് മകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.