നാസറുദ്ദീൻ മുസ്തഫ
അൽഐൻ: തിരുവനന്തപുരം നാവായിക്കുളം സ്വദേശി നാസറുദ്ദീൻ മുസ്തഫ 40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നു. 1983ൽ 17ാം വയസ്സിൽ അബൂദബി മിൽക്കോ കമ്പനിയിൽ പിതാവിനോടൊപ്പം ജോലിയിൽ പ്രവേശിച്ചു. 1999 വരെ അബൂദബിയിലും 1999 മുതൽ 2023 വരെ അൽഐനിലും സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. അൽഐനിലെ കായിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ഇദ്ദേഹം. നിരവധി സന്നദ്ധ സംഘടനകളിലെ സജീവപ്രവർത്തകൻ കൂടിയാണ്.
ക്രിക്കറ്റ് കളിയിൽ അതിയായ താല്പര്യം ഉണ്ടായിരുന്നതിനാൽ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിവിധ രാജ്യക്കാരായ സുഹൃത്തുക്കളെ ഉൾപ്പെടുത്തി ക്രിക്കറ്റ് ടീം ഉണ്ടാക്കി കളിതുടങ്ങിയ അദ്ദേഹം പിന്നീട് നിരവധി ടൂർണമെന്റുകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അബൂദബിക്കാരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ ആകുകയും പിന്നീട് കൂടെയുള്ളവർ സ്നേഹത്തോടെ പേരിനൊപ്പം ക്യാപ്റ്റൻ ചേർക്കുകയും ചെയ്തു. ഇപ്പോൾ ക്യാപ്റ്റൻ നാസർ എന്നപേരിലാണ് അറിയപ്പെടുന്നത്.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ സജീവ പ്രവർത്തകനായിരുന്നു. കായിക മത്സരങ്ങളിലും വളന്റിയർ കമ്മിറ്റിയിലും സജീവമായി ഉണ്ടാകാറുള്ള ഇദ്ദേഹം നബ്രാസ് അൽഐൻ എന്ന സ്പോർട്സ് സംഘടനയുടെ നേതൃത്വവും വഹിക്കുന്നുണ്ട്.
വിവിധ കോൺഗ്രസ് കൂട്ടായ്മകളെ ഒന്നിപ്പിച്ച് ഇൻകാസ് അൽഐൻ രൂപാന്തരപ്പെട്ടപ്പോൾ തിരുവനന്തപുരം ജില്ല പ്രസിഡന്റായ നാസറുദ്ദീന്റെ പ്രവർത്തനം ജില്ല കമ്മിറ്റിയുടെയും സ്റ്റേറ്റ് കമ്മിറ്റിയുടെയും പ്രശംസ നേടി. പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്ന നാസറുദ്ദീൻ ഗൾഫിലെയും നാട്ടിലെയും ഇൻകാസിന്റെ വിവിധ കമ്മിറ്റികളിൽ സജീവ സാന്നിധ്യമാണ്. ഭാര്യ: ഹസീന. മക്കൾ: അസ്ഹർ, അൻസിയ. മരുമകൻ: സമീർ. മരുമകൾ: ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.