മുന്നയും ഷമീറും

മൊബൈൽ സ്ക്രീനിലൂടെ ചിരിപ്പിക്കുന്ന മൊട്ടക്കാക്കയും മുന്നയും

‘മുന്നയും മൊട്ടക്കാക്കയും’, ഒഴിവു സമയങ്ങളിൽ മൊബൈൽ സ്ക്രീനിലൂടെ ചിരിപ്പിക്കാനെത്തുന്ന രണ്ടു സുന്ദര മുഖങ്ങൾ മാത്രമല്ല യു.എ.ഇയിലെ പ്രവാസികൾക്കിന്നിവർ. മറിച്ച് തങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗം കൂടിയാണിരുവരും. പ്രവാസത്തിന്റെ പ്രയാസങ്ങളും സന്തോഷങ്ങളും നർമത്തിൽ ചാലിച്ച് എല്ലാവരെയും ആശ്വസിപ്പിക്കാൻ കഴിയുന്ന രണ്ടു സുഹൃത്തുക്കളെന്നേ ഇരുവരെയും വിളിക്കാൻ കഴിയൂ.

അതാണ് അവരുടെ വീഡിയോകൾക്കടിയിൽ വരുന്ന കമന്റുകൾ പറയുന്നത്. സാധാരണ കണ്ടന്റ് ക്രിയേറ്റേഴ്സ് നേരിടുന്ന ന​ഗറ്റീവ് കമന്റുകൾ തങ്ങൾക്ക് നേരിടേണ്ടി വരാറില്ലെന്നാണ് ഇതിനവർ പറയുന്ന ന്യായം. അതു തന്നെയാണ് യാഥാർഥ്യവും. ഷമീർ എന്നാണ് നല്ലൊരു ​ഗായകൻ കൂടിയായ ആലുവക്കാരൻ ‘മൊട്ടക്കാക്ക’യുടെ യഥാർഥ പേര്. ഷമീർ പ്രവാസം തുടങ്ങിയിട്ട് 20 വർഷത്തോളമായി. 11 വർഷം മുന്നേ 2013ൽ കടൽകടന്നെത്തിയ മുന്നയുടെ പേര് അയ്യൂബ് എന്നുമാണ്.

അബൂദബിയിൽ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്ത മുന്ന അബൂദബി സായുധ സേനയുടെ ഓഫീസ് മെസഞ്ചറായും സ്വകാര്യ സ്ഥാപനത്തിനു കീഴിലും പ്രവർത്തിച്ചിരുന്നു. അതിനിടെ കൊവിഡ്​ കാലത്ത്​ ഒരു വർഷത്തോളം റൂമിൽ തന്നെ കഴിയേണ്ടി വന്നതോടെയാണ് ടിക്ടോക് വഴി വീഡിയോകൾ ചെയ്ത് തുടങ്ങിയത്. പഠന കാലത്ത് സ്കൂളിൽനിന്ന് ലഭിച്ച ബെസ്റ്റ് ആക്ടർ അം​ഗീകാരം റൂമിലെ പാകിസ്താനി പയ്യനെ കൂടെക്കൂട്ടി വീഡിയോ ചെയ്യാൻ പ്രചോദനമായി.


കോവിഡ്​ വന്നതോടെ ജോലിയിൽ നിന്നും നിരവധി പേരെ പിരിച്ചു വിട്ടപ്പോൾ ജോലി നഷ്ടമായതോടെയാണ് അജ്മാനിലേക്ക് വണ്ടി കയറുന്നത്. മുന്ന അജ്മാനിൽ എത്തിയെന്ന് വീഡിയോയിൽ കണ്ട മൊട്ടക്കാക്ക വീഡിയോക്ക് താഴെ കമന്റ് ഇട്ടു, ‘ഒന്ന് കാണാൻ ആഗ്രഹമുണ്ട്..’ അങ്ങനെ ആദ്യമായി കണ്ടപ്പോൾ ഷമീറിനെ അയ്യൂബ് വിളിച്ച പേരാണ് ‘മൊട്ടക്കാക്ക..’. അവിടെ നിന്ന് തുടങ്ങിയ ആ സൗഹൃദമാണ് എല്ലാവരുടേയും പ്രയപ്പെട്ട സോഷ്യൽമീഡിയ കൂട്ടുകെട്ടിന്റെ പിറവിക്ക് പിന്നിലുള്ളത്. ഇന്ന് ബിസിനസ് പങ്കാളികൾ കൂടിയാണ് ഇരുവരും.

ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ കുറവായതു കൊണ്ടുതന്നെ ഏത് വിഡിയോ, എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കുന്നതിലും വലിയ പ്രയാസം അനുഭവിക്കാറില്ല ഇരുവരും. മുന്നിൽ വരുന്ന സംഭവങ്ങൾ പെട്ടെന്ന് തന്നെ ചർച്ച ചെയ്ത് തിരക്കിനിടയിൽ ഒഴിവുസമയം കണ്ടെത്തി വിഡിയോകൾ നിർമിക്കും. വിഡിയോ എഡിറ്റ് ചെയ്യുന്നതും ഇരുവരും ചേർന്നു തന്നെയാണ്.

ഗായകൻ കൂടിയായ മൊട്ടക്കാക്ക കൊച്ചിൻ ​ഗോൾഡൻ ഹിറ്റ്സ് എന്ന പേരിൽ സ്വന്തമായൊരു ട്രൂപ്പ് തന്നെ നടത്തിയിരുന്നു. 2004-05 കാലഘട്ടങ്ങളിൽ നിരവധി ട്രൂപ്പുകളിൽ പാടിയിട്ടുമുണ്ട് ഈ കലാകാരൻ. ഭാര്യ ശബാനയും മുഹമ്മദ് യാസിദ്, മുഹമ്മദ് യാസീൻ, മുഹമ്മദ് യാഫിസ് എന്നീ മൂന്ന് ആൺമക്കളുമാണ് ഷമീറിന്റെ കൊച്ചുകുടുംബം. 2008ൽ സൗദിയിൽ പ്രവാസ ജീവിതം തുടങ്ങി പിന്നീട് യു.എ.ഇയിലെത്തി ഷാർജയിലും ശേഷം അജ്മാനിലും റെസ്റ്റോറന്റ് തുടങ്ങുകയായിരുന്നു.

ഷെമീർ

കോവിഡ്​ കാലത്തെ മുന്നയുടെ വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന മൊട്ടക്കാക്ക ഒരിക്കലും ഇരുവരും ഒന്നിക്കുമെന്ന് അന്ന് ചിന്തിച്ചുപോലും കാണില്ല. ഒടുവിലിപ്പോൾ ‘ഞാൻ മൊട്ടക്കാക്കയുടെ ഫാൻ ആയി’ എന്നാണ് മുന്ന പറയുന്നത്. ‘ഞാനിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സത്യസന്ധനായ പച്ചയായ ഒരു മനുഷ്യൻ... സ്നേഹിക്കാൻ മാത്രം അറിയുന്ന, ഒരാളെയും പറ്റിക്കാൻ അറിയാത്ത മനുഷ്യൻ..’.

മൊട്ടക്കാക്കയെകുറിച്ച് ഒരുപാട് പറയാനുണ്ട് മുന്നക്ക്. പ്രവാസത്തിനിടയിൽ ജോലി തേടി നടക്കുന്ന സമയം ‘എന്റെ കൂടെ കൂടുന്നോ? ഞാൻ ജോലി തരാം..’ എന്നൊരാൾ പറഞ്ഞ്, പിന്നീടയാൾ ഏറ്റവും പ്രിയ കൂട്ടുകാരനായി മാറിയതിലെ മുഴുവൻ സന്തോഷവും മുന്നയുടെ വാക്കുകളിൽ കാണാം. ഇന്ന് മൊട്ടക്കാക്കയുടെ സ്ഥാപനത്തിലെ മാനേജർ കൂടിയാണ് മുന്ന. മലപ്പുറം ജില്ലയിലെ ആതവനാട് സ്വദേശിയായ മുന്നക്ക് ഒരു മോളാണുള്ളത്. അലൈഹ. ജസ്‌നയാണ് മുന്നയുടെ ഭാര്യ.

അയ്യൂബ്

വിഡിയോകളും തങ്ങളേയും ഒരുപാട് പേർക്ക് ഇഷ്ടമാണെന്നറിയുന്നതിലെ സന്തോഷവും ഇരുവരും മറച്ചുവെക്കുന്നില്ല. ഒരുപാട് പേർക്ക് ഇഷ്ടമാണെന്നും വീഡിയോ കാണുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും വിഷമങ്ങൾ മറന്ന് പോവാറുണ്ടെന്ന്​ കേൾക്കുന്നതാണ് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നും ഇരുവരും പറയുന്നു. ‘തമ്മിൽ വഴക്ക് വരെ ഉണ്ടാകാവാറുണ്ടെങ്കിലും, ആരും അതിൽ ഇടപെട്ട് വഷളാക്കാറില്ല, അതിനാൽ പത്ത് മിനുട്ടിന് താഴെ മാത്രമേ ഞങ്ങളുടെ ഇടിയിലെ വഴക്കുകൾക്ക് ആയുസ്സുള്ളു..’ -മുന്ന പറയുന്നു. എല്ലാ വീഡിയോകളും അവസാനിപ്പിക്കുന്നതിനും ഇരുവർക്കും ഒരു പ്രത്യേക ശൈലിയുണ്ട്...അവർ പറയുന്ന പോലെ തന്നെ, ‘അതെ നല്ലൊരു ഇതാണത്... താങ്ക് യൂ...’

Tags:    
News Summary - Motta Kakka and Munna making people laugh through their mobile screens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.