മോഹന പ്രസാദ്
കോട്ടയം അയ്മനം സ്വദേശിയായ മോഹന പ്രസാദ് മുപ്പത്തിയൊന്ന് വർഷം മുമ്പാണ് ബഹ്റൈനിലെത്തിയത്. സ്വഭാവത്തിലെ സൗമ്യതയും ഏറ്റെടുക്കുന്ന പ്രവൃത്തിയിലെ സമർപ്പണവും മുഖമുദ്രയാക്കിയ മോഹനപ്രസാദ്, പ്രവാസത്തിന്റെ തുടക്കകാലം മുതൽ തന്നെ ബഹ്റൈൻ മലയാളികളുടെ മാതൃസംഘടനയായ ബഹ്റൈൻ കേരളീയ സമാജത്തിലെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് സമാജം സംഘടിപ്പിക്കുന്ന ഒട്ടുമിക്ക പരിപാടികളുടെയും സംഘാടക സമിതിയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി.
സമാജം വാർഷിക കലണ്ടറിലെ സുപ്രധാന പരിപാടികളായ ഓണാഘോഷം, ബാലകലോത്സവം, കേരളോത്സവം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം നിസ്വാർഥവും ആത്മാർഥവുമായ പ്രവർത്തനങ്ങളുടെ കൈയൊപ്പ് കാണാം. ആയിരത്തോളം കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്ന സമാജം മലയാളം പാഠശാലയുടെ ക്ലാസ് കോഓഡിനേറ്ററും ജോയന്റ് കൺവീനറുമാണ് മോഹന പ്രസാദ്.മുപ്പത്തിയൊന്നു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മോഹനപ്രസാദിന് ബഹ്റൈൻ കേരളീയ സമാജവും സമാജം മലയാളം പാഠശാലയും സ്നേഹോഷ്മളമായ യാത്രയയപ്പാണ് നൽകിയത്.
മെംബേഴ്സ് നൈറ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള മെമന്റോ നൽകി ആദരിച്ചു. പാഠശാലയിൽ നടന്ന ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ പൊന്നാട അണിയിക്കുകയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ഏതൊരു സംഘടനയുടെ ശക്തി മോഹനപ്രസാദിനെപ്പോലെ നിസ്വാർഥ സേവനം നടത്തുന്ന പ്രവർത്തകരാണെന്ന് സമാജം പ്രസിഡന്റ് പറഞ്ഞു. ഉഷാകുമാരിയാണ് ഭാര്യ. സ്വാതി മോഹൻ (ദുബൈ), ശ്രുതി മോഹൻ (ബഹ്റൈൻ) എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.