സൽമാഖാനോടൊപ്പം അബ്ദുറോസിക്
അസീല നിഷാദ്
ലോകത്തിലെ ഏറ്റവും ചെറിയ ഗായകൻ അബ്ദു റോസിക്കാണ് ഇപ്പോൾ ദുബൈയിലെ താരം. സോഷ്യൽ മീഡിയയിൽ സെൻസേഷനായ താജിക് ഗായകനായ അബ്ദുറോസിക്കിപ്പോൾ ഇൻറർനെറ്റ് സെൻസേഷൻ കൂടിയാണ്. ഫർഹാദ് സാംജിയുടെ വരാനിരിക്കുന്ന ആക്ഷൻ കോമഡി ചിത്രമായ ഭായിജാൻ എന്ന് വിളിക്കുന്ന 'കഭി ഈദ് കഭി ദീപാവലി' എന്ന ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം പ്രധാന വേഷത്തിലെത്തിയിരിക്കുകയാണ് റോസിക്ക്. അടുത്ത വർഷത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. വെറും മൂന്നടി മാത്രം നീളമുള്ള റോസിക്കിനെ ചോട്ടു ഭായിജാൻ എന്നാണ് ആളുകൾ സ്നേഹത്തോടെ വിളിക്കുന്നത്. ഇന്ന് യു.എ.ഇയിൽ എല്ലാവരുടെയും പ്രിയപ്പെട്ട കുഞ്ഞനുജനായി മാറിയിരിക്കുകയാണ് ഈ ചെറിയ വലിയ ഗായകൻ.
ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഈ പതിനെട്ടുകാരന് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. സൽമാൻ ഖാനോടൊപ്പം ഭായിജാൻ എന്ന പടത്തിൽ പ്രധാന വേഷത്തിലാണ് റോസിക് എത്തുന്നത്. എന്നാൽ, റോസിക്കിന്‍റെ വേഷത്തിന്‍റെ വിശദാംശങ്ങൾ സർപ്രൈസായി തന്നെയാണുള്ളത്. ആരാധകർ പൊതുവേ സ്നേഹത്തോടെ ഭായിജാൻ അല്ലെങ്കിൽ മൂത്ത സഹോദരൻ എന്നാണ് സൽമാൻ ഖാനെ വിളിക്കാറ്. ഇതുകൊണ്ടാവണം കബി ഈദ് കബി ദിവാലി എന്ന് പേരിട്ടിരുന്ന ചിത്രത്തിന്‍റെ പേര് ഭായിജാൻ എന്നാക്കിയത്. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള സൽമാൻ ഖാന്‍റെ ഫാമിൽ ഇക്കഴിഞ്ഞ ജൂൺ മാസമാണ് ചിത്രീകരണം തുടങ്ങിയത്.
താജിക്കിസ്ഥാൻ ബാങ്കെന്‍റ മേഖലയിലെ തോട്ടക്കാരുടെ ദരിദ്ര കുടുംബത്തിലാണ് റോസിക് ജനിച്ചത്. റിക്കറ്റ്സ് എന്ന രോഗം മൂലമാണ് റോസിക്കിന്‍റെ വളർച്ച നിലച്ചത്. കുട്ടിക്കാലത്ത് പ്രാദേശിക ബസാറിൽ പാട്ടുകൾ പാടിക്കൊണ്ടാണ് റോസിക് ഉപജീവനം നടത്തിയിരുന്നത്. പലപ്പോഴും ഒരു ദിവസം രണ്ട് ദിർഹമിൽ കുറവ് വരുമാനം മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇന്ന് ലോകം അറിയുന്ന പ്രശസ്ത ഗായകനും സോഷ്യൽ മീഡിയ സ്റ്റാറും അതിലുപരി നടനും ഒക്കെയാണ് റോസിക്ക്. കഠിനാധ്വാനവും സ്വന്തം കഴിവിലുള്ള വിശ്വാസവുമാണ് തന്നെ ലോകം അറിയുന്ന സൂപ്പർ സ്റ്റാറാക്കിയതെന്ന് യു.എ.ഇയുടെ പ്രിയപ്പെട്ട ചോട്ടു ഭായിജാൻ പറയുന്നു.
അടുത്തിടെ എ.ആർ റഹ്മാനും ഗാനരചയിതാവും നിർമ്മാതാവുമായ റെഡ് വണ്ണുമായും സഹകരിച്ച് റോസിക്ക് ഗാനമാലപിച്ചിരുന്നു. ജെന്നിഫർ ലോപ്പസ്, നിക്കി മിനാജ്, എൻറിക് ഇഗ്ലേഷ്യസ് തുടങ്ങിയ അന്താരാഷ്ട്ര പോപ്പ് ഐക്കണുകൾക്കൊപ്പം ചെയ്ത ഹിറ്റുകളും ശ്രദ്ധേയമായിരുന്നു. സെലിബ്രിറ്റി ഇൻഫ്ലുവൻസർ ഓഫ് ദി ഇയർ അവാർഡും റോസിക് നേടിയിട്ടുണ്ട്. സൽമാൻ ഖാനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് അബ്ദു റോസിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.