ലോക വേദിയിൽ മലയാളി തിളക്കം; ഇൻസ്റ്റഗ്രാം റിങ്സ് അവാർഡ് സ്വന്തമാക്കി മലപ്പുറത്തിന്റെ ഫുട്ബോൾ വിസ്മയം മുഹമ്മദ് റിസ്വാൻ
ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കായി ഇൻസ്റ്റഗ്രാം ഏർപ്പെടുത്തിയ പ്രശസ്തമായ ഇൻസ്റ്റഗ്രാം റിങ്സ് അവാർഡ് 2026ൽ ഇടംനേടി മലയാളി ഫ്രീസ്റ്റൈൽ ഫുട്ബോൾ താരം മുഹമ്മദ് റിസ്വാൻ. ലോകമെമ്പാടുമുള്ള 25 വിജയികളിൽ ഒരാളായാണ് റിസ്വാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഈ അവാർഡ് നേടുന്ന രണ്ട് ഇന്ത്യക്കാരിൽ ഒരാൾ കൂടിയാണ് റിസ്വാൻ. ചാനൽ മോഡലായ ഭവിഷ്യ മാണ്ഡവയാണ് പുരസ്കാരം നേടിയ മറ്റൊരു ഇന്ത്യൻ താരം.
പിന്തുടരുന്നവരുടെ എണ്ണം നോക്കാതെ, ഒറിജിനാലിറ്റിയും സർഗ്ഗാത്മകതയും വഴി ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്ന പ്രൊഫൈലുകളെ ആദരിക്കാനായി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ ആഗോള അവാർഡ് പ്രഖ്യാപിച്ചത്. മലപ്പുറത്തെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ വച്ച് പന്ത് തട്ടി വെള്ളച്ചാട്ടത്തിലേക്ക് തൊടുക്കുന്ന വീഡിയോയിലൂടെ 2023 നവംബറിലാണ് റിസ്വാൻ ഇൻസ്റ്റഗ്രാമിൽ തരംഗമായത്.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലായ ഈ റീൽ 600 മില്യണിലധികം ആളുകളാണ് കണ്ടത്. 2024 ജനുവരിയിൽ ഈ വീഡിയോക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരവും ലഭിച്ചു. നിലവിൽ ഇൻസ്റ്റഗ്രാമിൽ 2.7 മില്യൺ ഫോളോവേഴ്സാണ് റിസ്വാനുള്ളത്.
സ്വന്തമായി ഏജൻസികളോ പരമ്പരാഗത വഴികളോ ഇല്ലാതെ തന്റെ കഴിവ് കൊണ്ട് മാത്രം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നതിനാണ് റിസ്വാനെ ഇൻസ്റ്റഗ്രാം ആദരിച്ചത്. തന്റെ മലയാളി വേരുകളെ തനതായ ഫ്രീസ്റ്റൈൽ ശൈലിയുമായി സമന്വയിപ്പിച്ച് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കാൻ റിസ്വാന് സാധിച്ചു. കായിക രംഗത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച അദ്ദേഹം, ഇന്ത്യയിലെ മുന്‍നിര ഫ്രീസ്റ്റൈൽ ഫുട്ബോൾ അംബാസഡർമാരിൽ ഒരാളാണെന്ന് ഇൻസ്റ്റഗ്രാം ക്രിയേറ്റേഴ്സ് ക്ലബ് കുറിച്ചു.
ഇൻസ്റ്റഗ്രാം റിങ്സ് അവാർഡ് വിജയികൾക്ക് വൻ ആനുകൂല്യങ്ങളും പ്രത്യേകതകളുമാണ് പ്ലാറ്റ്ഫോമിൽ ലഭിക്കുക. അയർലണ്ടിലെ കാനിമര മാർബിളിൽ തീർത്ത നാലില വെന്റയം (Four-leaf clover) പതിപ്പിച്ച യഥാർത്ഥ മോതിരം, ഫൈലിന്റെ പശ്ചാത്തല നിറം മാറ്റാനുള്ള പ്രത്യേക സൗകര്യം, ഇൻസ്റ്റഗ്രാം സ്റ്റോറികൾക്ക് സാധാരണയുള്ള പിങ്ക് ഗോൾഡ് റിങ്ങിന് പകരം ഗോൾഡൻ കളർ റിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.