കൂട്ടുകാരന്റെ ഡയറിക്കുറിപ്പ് തുണയായി; ബംഗാളി ബാലൻ ആര്യാൻ ഇനി ശ്രീരാഗിന്റെ സഹപാഠി
നാദാപുരം: ക്ലാസ് മുറിയിൽ കുറിച്ചിട്ട ഒരു കൊച്ചു ഡയറിക്കുറിപ്പിലൂടെ അന്യസംസ്ഥാന തൊഴിലാളിയുടെ മകന് സ്കൂൾ വിദ്യാഭ്യാസത്തിന്റെ വാതിലുകൾ തുറന്നുകിട്ടി.
വളയം ഗവ. എച്ച്.എസ്.എസ്. അഞ്ചാം ക്ലാസ് വിദ്യാർഥി ശ്രീരാഗിന്റെ സഹാനുഭൂതിയും അധ്യാപകരുടെയും രക്ഷിതാവിന്റെയും ഇടപെടലുമാണ് ബംഗാൾ സ്വദേശിയായ ആര്യാൻ മുല്ല എന്ന ഭിന്നശേഷിക്കാരനായ ബാലനെ വീണ്ടും അക്ഷരലോകത്തെത്തിച്ചത്.
മനസ്സുതൊട്ട ഒരു അനുഭവം ഡയറിയിൽ കുറിക്കണം എന്ന അധ്യാപിക റംലയുടെ നിർദേശത്തെത്തുടർന്നാണ് അഞ്ചാം ക്ലാസുകാരൻ ശ്രീരാഗ് തന്റെ അനുഭവം എഴുതിയത്. ഒരുകാൽ മുട്ടിനു താഴെ മുറിച്ചുമാറ്റിയ നിലയിൽ താൻ കണ്ടുമുട്ടിയ സമപ്രായക്കാരനായ ബാലന്റെ നിസ്സഹായാവസ്ഥയും അവനെ എങ്ങനെയെങ്കിലും സ്കൂളിലെത്തിക്കണമെന്ന ആഗ്രഹവുമായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്.
ശ്രീരാഗിന്റെ അച്ഛനും ഓട്ടോ ഡ്രൈവറുമായ സുനിലാണ് വളയം അങ്ങാടിയിൽ വെച്ച് കാൽമുറിച്ച കുട്ടിയെ ഒക്കത്തെടുത്തു വരുന്ന ഒരാളെ ശ്രദ്ധിച്ചത്. തുടർന്ന് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ സുനിൽ മകനെയും കൂട്ടി ഇവരുടെ താമസസ്ഥലം സന്ദർശിച്ചിരുന്നു. ഈ കാഴ്ചയാണ് ശ്രീരാഗിന്റെ കുഞ്ഞുമനസ്സിൽ മായാത്ത മുറിവായത്.
ക്ലാസ് മുറിയിലെ പരിശോധനക്കിടെ ശ്രീരാഗിന്റെ ഡയറിക്കുറിപ്പ് വായിച്ച അധ്യാപിക റംല, വിഷയം മറ്റ് അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് പ്രധാനാധ്യാപകൻ ടി. മഹേഷിന്റെ നിർദേശപ്രകാരം അധ്യാപകരായ കെ.സി. ലിജേഷ്, സി. നിഖിൽ, സി.പി. പ്രമിത എന്നിവർ കുട്ടിയുടെ വാടകവീട്ടിലെത്തി കാര്യങ്ങൾ തിരക്കി.
പശ്ചിമബംഗാൾ സ്വദേശികളായ ഷാജഹാൻ മുല്ല - കാശ്മീര മുല്ല ദമ്പതികളുടെ മകനാണ് ആര്യാൻ മുല്ല. നാലാം വയസ്സിലുണ്ടായ അപകടത്തെത്തുടർന്നാണ് ആര്യാന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നത്. നാട്ടിൽ നാലാം ക്ലാസ് വരെ പഠിച്ച കുട്ടി, പിന്നീട് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയെങ്കിലും ജീവിതപ്രാരാബ്ധങ്ങൾ കാരണം തുടർപഠനം മുടങ്ങുകയായിരുന്നു.
വിവരങ്ങൾ മനസ്സിലാക്കിയ അധ്യാപകർ ആര്യാന് സ്കൂളിൽ പ്രവേശനം നൽകാമെന്ന് ഉറപ്പുനൽകി. തുടർന്ന് സുനിലിന്റെ ഓട്ടോയിൽ ആര്യാൻ സ്കൂളിലെത്തിത്തു. ശ്രീരാഗിന്റെ ക്ലാസിൽത്തന്നെ ആര്യാന് അഡ്മിഷനും നൽകി. സുനിൽ വാങ്ങിനൽകിയ പുതിയ യൂനിഫോമും സ്കൂളിൽ നിന്ന് ലഭിച്ച പുസ്തകസഞ്ചിയും ചേർത്ത് ഇരുവരുമിരിക്കുമ്പോൾ, ആ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് വിജയത്തിന്റെ പുതുഅധ്യായമായിരുന്നു.
മഹേഷ്: ഹെഡ്മാമാസ്റ്റർ
നാദാപുരം: ഒരു മാസമായി ക്ലാസ്സിൽ എത്തുന്ന ആര്യാന് സ്കൂളും വിദ്യാർഥികളും, അധ്യാപകരും എല്ലാ പിന്തുണയും നൽകുന്നു. സ്കൂളിൻ്റെ അപരിചിതത്വമൊക്കെ വിട്ട് മാറി സാധാരണ വിദ്യാർഥിയായി ആര്യൻമാറി. ഭാഷയും ഗണിതവുമെല്ലാം പ്രത്യേകമായി പഠിപ്പിക്കുന്നു.മെഡിക്കൽ കോളജിലെ വിദഗ്ദ ഡോക്ടർമാരുടെ ഉപദേശപ്രകാരം വിദഗ്ദ ചികിത്സക്കുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
റംല ടീച്ചർ
നാദാപുരം: ക്ലാസിൽ നൽകുന്ന വ്യത്യ സ്തപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നൽകിയ ഡയറി എഴുത്ത് പ്രവർത്തനത്തിൽ ശ്രീരാഗിൻ്റെ ഡയറിയിലെ കുറിപ്പുകൾ ഏറെ ഹൃദയസ്പർശിയായി തോന്നി.അതിൽ പ്രകടമായ കുഞ്ഞു മനസ്സിൻ്റെ ആകുലതകൾ എന്നെയും ആകർഷിക്കുകയും സഹപ്രവർത്തകരുമായി ആലോചിച്ച് ആര്യൻ്റെ വീട്ടിലെത്തി കാര്യങ്ങൾ പഠിക്കുന്നതിൽ എത്തിക്കുകയും ചെയ്തു.
സുനിൽ; (ശ്രീരാഗിന്റെ പിതാവ്)
നാദാപുരം: വളയം ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളിയായ സുനിൽ കാല് മുറിച്ചു മാറ്റപ്പെട്ട ഒരു കുട്ടിയുമായി നടക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ഇവരുടെ താമസസ്ഥലം കണ്ടു പിടിക്കുക എന്നതായി തന്റെ ലക്ഷ്യം. മകനെയും കൂട്ടി ഒരു ദിവസം അവരുടെ താമസസ്ഥലത്തേക്ക് പോയി. വളരെ ദരിദ്രമായ ഒരു കെട്ടിടത്തിൽ കിടക്കുന്ന കുട്ടിയുടെ അവസ്ഥ എന്നെ വല്ലാതെ സങ്കടപ്പെടുത്തി. ഞാൻ എന്റെ മകനോടൊപ്പം ഒരു മാസത്തോളമായി കുട്ടിയെ സ്കൂളിൽ എത്തിക്കുന്നു. എത്രയും പെട്ടെന്ന് ഒരു കൃത്രിമക്കാലിൽ മറ്റു കുട്ടികൾക്കൊപ്പം നടക്കാൻ കഴിയട്ടെ എന്നാണ് എന്റെ ഇപ്പോഴത്തെ പ്രാർഥന. അതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.