നീലഗിരി കോളജ് കാമ്പസിൽ നടന്ന സ്നേഹസ്വരം വയോജന സംഗമത്തിൽ അതിഥികളും അധികൃതരും വേദിയിൽ

മുത്തശ്ശിമാർക്ക് കൂട്ടായി 1700 പേരക്കുട്ടികൾ; സ്നേഹക്കടലായി കാമ്പസ്; ഊഷ്മളതയുടെ കൂട്ടൊരുക്കി നീലഗിരിയുടെ 'സ്നേഹസ്വരം'

താളൂർ: മതിൽക്കെട്ടുകൾക്കുള്ളിൽ ഒറ്റപ്പെട്ടുപോയ വാർധക്യങ്ങൾക്ക് കൂട്ടിരിക്കാൻ ഒരു കാമ്പസ് ഒന്നടങ്കം പേരക്കുട്ടികളായപ്പോൾ താളൂരിൽ പിറന്നത് സ്നേഹത്തിന്റെ പുതിയൊരു ചരിത്രം. നീലഗിരി കോളജ് കാമ്പസിൽ സംഘടിപ്പിച്ച 'സ്നേഹസ്വരം' രണ്ടാം പതിപ്പിൽ 600 മുത്തശ്ശീ മുത്തശ്ശന്മാർക്ക് തണലായി 1700 വിദ്യാർഥികളാണ് കൈകോർത്തത്. വയനാട്, നീലഗിരി ജില്ലകളിലെ 17 വൃദ്ധസദനങ്ങളിൽ നിന്നുള്ള അന്തേവാസികളാണ് കാമ്പസിന്റെ അതിഥികളായെത്തിയത്.

വൃദ്ധസദനങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ജീവിതങ്ങൾക്ക് പുറംലോകത്തെ കാഴ്ചകൾ സമ്മാനിക്കാൻ പ്രത്യേക ടൂറിസ്റ്റ് ബസുകളാണ് കോളജ് അധികൃതർ ഒരുക്കിയത്. ഓരോ കേന്ദ്രത്തിലുമെത്തി വയോജനങ്ങളെ കൈപിടിച്ച് ബസിൽ കയറ്റി കാമ്പസിലേക്ക് എത്തിച്ചു. കവാടത്തിൽ വിദ്യാർഥികൾ നൽകിയ ഊഷ്മളമായ സ്വീകരണത്തിൽ പല മുത്തശ്ശിമാരുടെയും കണ്ണുകൾ ഈറനണിഞ്ഞു. അതിഥികൾ എന്നതിലുപരി സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് വിദ്യാർഥികൾ ഓരോരുത്തരെയും ചേർത്തുപിടിച്ചത്.


കാമ്പസിലെ ഓരോ മുതിർന്ന പൗരനും തുണയായി ഓരോ വിദ്യാർഥിയുണ്ടായിരുന്നു. അവർക്ക് ഭക്ഷണം വിളമ്പിക്കൊടുത്തും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും വിദ്യാർഥികൾ സ്നേഹം പങ്കിട്ടു. കലാപരിപാടികളിൽ കാഴ്ചക്കാരായി മാത്രമല്ല, മുത്തശ്ശിമാരെ സ്റ്റേജിൽ കൂടെക്കൂട്ടാനും അവർ മറന്നില്ല. മുത്തശ്ശിമാരുടെ പാട്ടിനൊപ്പം ചുവടുവെച്ചും ആവേശമേകിയും വിദ്യാർഥികൾ കാമ്പസിനെ ഒരു വലിയ കുടുംബമാക്കി മാറ്റി. പ്രശസ്ത ഗായകൻ റാസയുടെ സംഗീതവിരുന്ന് കൂടി ചേർന്നതോടെ ആഘോഷം ആവേശത്തിലായി.

2018ൽ 500 പേരെ പങ്കെടുപ്പിച്ച് തുടങ്ങിയ 'സ്നേഹസ്വരത്തിന്റെ' തുടർച്ചയായാണ് ഏഴ് വർഷങ്ങൾക്കിപ്പുറം 600 പേരെ ഉൾപ്പെടുത്തി രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്. ഓരോ അന്തേവാസിക്കും നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റും സ്നേഹസമ്മാനങ്ങളും നൽകിയാണ് യാത്രയാക്കിയത്. വയോജനങ്ങളെ തിരികെ വൃദ്ധസദനങ്ങളിൽ എത്തിക്കുന്നത് വരെ വിദ്യാർഥികൾ അവർക്കൊപ്പം തുണയായി നിന്നു.


കോളജ് എം.ഡി.യും സെക്രട്ടറിയുമായ ഡോ. റാഷിദ് ഗസ്സാലി, റവ. ഫാദർ പോൾ ജേക്കബ്, പ്രിൻസിപ്പൽ ഡോ. ബാല ഷൺമുഖ ദേവി, ഡീൻ പ്രൊഫ. ടി. മോഹൻ ബാബു, ബ്രഹ്മാകുമാരി ശീലാ ബെഹൻജി, ഡോ. എം. ദുരൈ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തങ്ങളെ ചേർത്തുപിടിച്ച ആ സ്നേഹസ്പർശത്തിന്റെ ഓർമകളുമായി, നിറഞ്ഞ മനസ്സോടെയാണ് ക്യാമ്പസിന്റെ പടികൾ ഇറങ്ങിയത്.


 


Tags:    
News Summary - Grandparents gather for 1700 grandchildren; Campus becomes an ocean of love; Nilgiris' 'Snehaswaram' creates a warm atmosphere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-20 06:18 GMT