കോഴിക്കോട്: ഒടുവിൽ ആ നിയമ പോരാട്ടത്തിന് ചരിത്രംകുറിച്ച പരിസമാപ്തിയാകുന്നു. ട്രാൻസ്ജെൻഡർ ദമ്പതികളായ സഹദ് -സിയാപവൽ എന്നിവർ ഫയൽ ചെയ്ത കേസിലെ ഹൈകോടതി വിധിയനുസരിച്ച് കെ-സ്മാർട്ട് സോഫ്റ്റ് വെയറിൽ മാറ്റംവരുത്താൻ സർക്കാർ ഉത്തരവായി.
കുട്ടിയുടെ മാതാവിന്റെ പേര് (Name of Mother), പിതാവിന്റെ പേര് (Name of Father) എന്നീ കോളങ്ങൾക്കുപുറമെ, ‘മാതാപിതാക്കളുടെ പേര്’ (Name of Parents) എന്ന കോളംകൂടി ഉൾപ്പെടുത്തി സോഫ്റ്റ് വെയറിൽ ക്രമീകരണം വരുത്താനാണ് ഇൻഫർമേഷൻ കേരള മിഷന് (ഐ.കെ.എം) തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ നിർദേശം നൽകിയത്. ഏതാനും ദിവസത്തിനകം സോഫ്റ്റ് വെയർ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ സഹദ്-സിയാപവൽ ദമ്പതികളുടെ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭ്യമാകും.
ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കളായ സഹദിനും സിയക്കും 2023ൽ ആണ് പെൺകുഞ്ഞ് ജനിക്കുന്നത്. പുരുഷനായി മാറാൻ സഹദ് സ്തനങ്ങൾ നീക്കി ഹോർമോൺ ചികിത്സ ആരംഭിച്ച ഘട്ടത്തിലായിരുന്നു ഐ.വി.എഫ് ചികിത്സയിലൂടെ ഗർഭം ധരിച്ചത്. സിയ അതിനകം തന്നെ സ്ത്രീയായി മാറിയിരുന്നു. കുഞ്ഞ് ജനിക്കുമ്പോഴേക്കും സഹദിന്റെ പുരുഷനിലേക്കുള്ള മാറ്റവും പൂർത്തിയായി.
അതോടെ ജനന സർട്ടിഫിക്കറ്റിലെ മാതാവ്, പിതാവ് എന്നീ കോളങ്ങൾ വില്ലനായി. മാതാവിന്റെ പേരിന്റെ സ്ഥാനത്ത് ബയോളജിക്കൽ മാതാവായ സഹദിന്റെയും പിതാവായി സിയ പവലിനെയും രേഖപ്പെടുത്താനേ കഴിയൂവെന്ന് കോഴിക്കോട് കോർപറേഷൻ വ്യക്തമാക്കിയതോടെയാണ് ഇവർ നിയമ പോരാട്ടത്തിനിറങ്ങിയത്.
പിതാവിന്റെ പേരായി സഹദിനെയും മാതാവായി സിയയെയും രേഖപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. അതിനു കഴിയില്ലെങ്കിൽ മാതാവിന്റെയും പിതാവിന്റെയും പേരുകൾ പ്രത്യേകം രേഖപ്പെടുത്തുന്നതിന് പകരം ജനന സർട്ടിഫിക്കറ്റിൽ ‘മാതാപിതാക്കൾ’ എന്ന കോളം വേണമെന്നായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.