സാലിഹ് അൽജഅ്ഫറാവി
ഒരിക്കലും മടക്കമുണ്ടാകില്ലെന്ന് കരുതിയ മണ്ണിൽ ഒരിക്കൽക്കൂടി തിരിച്ചെത്താനായ അത്യാവേശത്തിലായിരുന്നു അവർ. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പ്രിയപ്പെട്ട എന്തെല്ലാം തിരയാനുണ്ട് അവർക്ക്. പിടഞ്ഞുവീണ ഉറ്റവരും ചാരമാക്കപ്പെട്ട സമ്പാദ്യങ്ങളും മുതൽ പാതിവഴിയിൽ മുറിഞ്ഞുപോയ സ്വപ്നങ്ങൾ വരെ... മൂടിക്കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ ചിലപ്പോൾ, അന്ന് കൂടെയുറങ്ങാൻ കിടന്ന പിഞ്ചുമക്കളും മാതാപിതാക്കളും മുതൽ ജീവിതത്തിന്റെ മറുപാതി വരെ അർധ ജീവനോടെ ഒരിറ്റ് ജീവജലം കാത്തിരിപ്പുണ്ടാകും.
സ്നേഹത്തോടെ കരുതിവെച്ചിരുന്ന വിലപ്പെട്ട പലതും പൊടിപിടിച്ച് കോൺക്രീറ്റ് കൂനകളിലുണ്ടാകും. യുദ്ധവിരാമ പ്രഖ്യാപനം വന്നതിൽ പിന്നെ ഒരൊഴുക്കായിരുന്നു. വിശപ്പടക്കാൻ ഒരു നേരത്തേ ഭക്ഷണം അപ്പോഴും അതിർത്തിക്കപ്പുറത്ത് ട്രക്കുകളിൽ അനുമതി കാത്ത് കെട്ടിക്കിടക്കുകയാണെന്ന് അവർക്കറിയാം. പൈദാഹം തീർക്കാൻ കുടിവെള്ള സ്രോതസ്സുകൾ അധിനിവേശ ശക്തികൾ തരിപ്പണമാക്കിയെന്നുമറിയാം. അത്യുഷ്ണത്തിൽ അഭയമാകേണ്ട വീടുകളും അയൽക്കാരിൽ പലരും ഇപ്പോഴില്ല. എന്നിട്ടും സമീപകാലത്ത് ലോകം സാക്ഷിയായ തിരിച്ചുവരവുകളിലെ ഏറ്റവും സുമോഹന കാഴ്ചകളായിരുന്നു ഗസ്സയിലെങ്ങും.
അവയും ഒപ്പം ഈ കുഞ്ഞു തുരുത്തിന്റെ തീരാനഷ്ടങ്ങളും ഒപ്പിയെടുക്കാൻ ഇറങ്ങിയതായിരുന്നു ഗസ്സയുടെ സ്വന്തം മാധ്യമ പ്രവർത്തകനായ സാലിഹ് അൽജഅ്ഫറാവി. രണ്ടു വർഷത്തിനിടെ എണ്ണമറ്റ കൂട്ടക്കുരുതികൾ ലോകത്തിനു മുന്നിലെത്തിച്ച കണ്ണും കാമറയുമായിട്ടായിരുന്നു ഇറക്കം. ഗസ്സ സിറ്റിയിൽ സബ്റ തെരുവിനരികെ സംഘർഷം പൊട്ടിപ്പുറപ്പെട്ടെന്ന് അറിഞ്ഞ് അങ്ങോട്ട് പുറപ്പെട്ട അദ്ദേഹത്തെ കുറിച്ച് ഏറെ നേരം സൂചനകളുണ്ടായിരുന്നില്ല.
രാത്രിയോടെ ആശുപത്രിയിൽ മൃതദേഹം എത്തിയപ്പോഴാണ് അറുകൊലയെ കുറിച്ച് കൂടപ്പിറപ്പുകളും ഉറ്റവരും അറിയുന്നത്. ഏഴു തവണ വെടിയുണ്ടയേറ്റിരുന്നു ശരീരത്തിൽ. ഉടനീളം മർദനമേറ്റ പാടുകളും. മാധ്യമ പ്രവർത്തകന്റെ ജാക്കറ്റ് അണിഞ്ഞ് ഒരു ട്രക്കിന്റെ പിറകിൽ കെട്ടിയ നിലയിലായിരുന്നു ശരീരം. അധിനിവേശ ശക്തികൾപോലും ചെയ്യാനറക്കുന്ന ക്രൂരത ഏറ്റുവാങ്ങിയായിരുന്നു സാലിഹ് രക്തസാക്ഷിത്വം പുൽകിയത്.
സമൂഹ മാധ്യമത്തിൽ ഒരു കോടി ഫോേളാവേഴ്സ് ഉള്ള, ഏത് മരണമുഖത്തും ഗസ്സയിലെ അധിനിവേശ കാഴ്ചകൾ ലോകത്തെ അറിയിച്ചുകൊണ്ടിരുന്ന സാലിഹ് ആകസ്മിക ഇരയൊന്നുമായിരുന്നില്ല. പാട്ടുകാരനായും സാമൂഹിക പ്രവർത്തകനായും പൊതുരംഗത്തെത്തിയ അവൻ 2018ലാണ് മാധ്യമ പ്രവർത്തനം കരിയറായി തെരഞ്ഞെടുക്കുന്നത്. ഫ്രീലാൻസറായി പ്രാദേശിക മാധ്യമങ്ങൾക്ക് വാർത്തകളും വിഡിയോകളും ഫോട്ടോകളും നൽകിയ അവൻ സമൂഹമാധ്യമത്തിലും നിറസാന്നിധ്യമായി. സാലിഹ് അപ്ഡേറ്റ് ചെയ്ത ഓരോ വാർത്തയും വിശേഷവും പലർ പങ്കുവെച്ച് ലോകമെങ്ങും എത്തി.
വെടിനിർത്തൽ നിലവിൽവന്ന അന്നു രാത്രിയിലും അവന്റെ വകയുണ്ടായിരുന്നു ഇതേ കുറിച്ച പോസ്റ്റ്. നാട്ടിലെ കൊച്ചുകൊച്ചു സന്തോഷങ്ങളിലേക്ക് കാമറ തുറന്നുവെക്കാൻ മടി കാണിക്കാത്ത അവൻ ഏറെയും ഒപ്പിയെടുത്തത് ഗസ്സയിലെ ഇസ്രായേൽ വംശഹത്യയുടെ നെഞ്ചുലക്കുന്ന കാഴ്ചകളായിരുന്നു. വംശഹത്യ അതിന്റെ എല്ലാ ഭീകരതയോടെയും താണ്ഡവമാടിയ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അവൻ വിശ്രമമില്ലാതെ ഓടിനടന്നു.
ബോംബ് വീഴുന്നിടത്ത് പലരും പലപ്പോഴും അറച്ചുനിന്നപ്പോഴും കൂസാതെ അവിടെയെത്തി. അതിനിടെ, മൂത്ത സഹോദരൻ നാജിയെ ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയതും മാതാവിന് അർബുദബാധ തിരിച്ചറിഞ്ഞതും അവന്റെയുള്ളിൽ നോവുപടർത്തി. പിതാവുകൂടി രോഗിയായതിൽ പിന്നെ വീട്ടിലെ അന്നവും അഭയവും സാലിഹ് തന്നെയായി. മാതാവിന്റെ ചികിത്സക്കടക്കം വിദേശത്തേക്ക് പോകാൻ അവസരം ലഭിച്ചപ്പോഴും അവന് പോകാൻ മനസ്സുവന്നില്ല. ഗസ്സയും ഗസ്സയിലെ മനുഷ്യരുമായിരുന്നു അവന് ജീവവായു. അതൊഴിവാക്കി എവിടെയും പോയൊളിക്കാൻ മനഃസാക്ഷി അനുവദിച്ചില്ല.
ഓരോ നാളും അവന്റെ അപ്ഡേഷനുവേണ്ടി ഫലസ്തീനികൾ കാത്തുനിൽക്കുന്നത് സ്വാഭാവികമായും ചിലരെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. മുമ്പ് അനസ് ശരീഫ്, ഇസ്മാഈൽ ഗൂൽ, ഹസൻ ഇസ് ലെയ്ഹ് എന്നിങ്ങനെ മുൻനിര മാധ്യമ പ്രവർത്തകർക്കെല്ലാം വധഭീഷണി ഉയരുകയും വൈകാതെ അവർ കൊല്ലപ്പെടുകയും ചെയ്തപ്പോൾ ഒരുനാൾതന്നെയും അവർ ലക്ഷ്യംവെക്കുമെന്ന് സാലിഹിന് ഉത്തമബോധ്യമുണ്ടായിരുന്നു. രണ്ടുവർഷം നീണ്ട നിലക്കാത്ത കൂട്ടക്കൊലയുടെ നാളുകൾ കഴിഞ്ഞ് അധിനിവേശത്തിന് തൽക്കാലം കടിഞ്ഞാൺവീണതിന്റെ പിറ്റേന്ന് ഗസ്സയുടെ മനവും മാനവും പുതിയ സന്തോഷങ്ങളിലേക്ക് ഉണരാൻ കാത്തിരിക്കുമ്പോഴായിരുന്നു ഇത് സംഭവിക്കുന്നത്.
ഇസ്രായേൽ സേന മടങ്ങിയാലും ഗസ്സക്ക് സമാധാനം അരുതെന്ന് ഉറപ്പാക്കി അവർ ചെല്ലും ചെലവും നൽകി വളർത്തിയെടുത്ത ഒരു പറ്റം കൂലിപ്പടയുടെ ഇരയായിരുന്നു സാലിഹ്. ഇത്രയും നാളിൽ തങ്ങൾക്ക് സാധിക്കാത്തത് അവർ അനായാസം സാധിപ്പിച്ചുകൊടുത്തു. മുമ്പ് 250ലേറെ മാധ്യമപ്രവർത്തകർ ഇസ്രായേൽ ഭീകരതക്കിരയായപ്പോൾ ഉണ്ടാകാത്ത ഞെട്ടലാണ് ഈ വാർത്ത ഗസ്സയിലെ ഓരോ ഫലസ്തീനിയിലും ഉണ്ടാക്കിയത്. അഥവാ, ഗസ്സയിൽനിന്ന് ഇസ്രായേലും അവരുടെ സേനയും മടങ്ങിയാലും അവർ കെട്ടഴിച്ചുവിട്ട ഭൂതം ബാക്കിയുണ്ട്. തങ്ങൾക്ക് ഹിതമല്ലാത്തത് ചെയ്യുന്ന ആരും സുരക്ഷിതരാകില്ല. ഗസ്സയെ സാധാരണ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുപോകുന്നതൊന്നും തങ്ങൾ ഇനിയും സമ്മതിക്കുകയും ഇല്ല.
ഈ രണ്ടുവർഷത്തിനിടെ നെതന്യാഹുവിന്റെ പട്ടാളം വളർത്തിയ ഗുണ്ടാസംഘങ്ങളെയാണ് ഗസ്സയിപ്പോൾ ഭയക്കുന്നത്. ഇസ്രായേൽ നൽകിയ വാഹനങ്ങളും അത്യാഡംബര മൊബൈൽ ഫോണുകളും ഉപയോഗിച്ച് യാസിർ അബൂശബാബ് നേതൃത്വം നൽകുന്നതടക്കം മൂന്നോളം സായുധ സംഘങ്ങൾ അതിസുരക്ഷിതരായി എല്ലായിടത്തും കറങ്ങിനടക്കുന്നുണ്ട്. അവർക്ക് ഉപയോഗിക്കാനും പണമുണ്ടാക്കാനും മയക്കുമരുന്നടക്കം എത്തിച്ചുനൽകുന്നു.
ഭക്ഷണം മുട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇസ്രായേൽ മേൽനോട്ടത്തിൽ ഇതിനകം സുരക്ഷിതമാക്കിയ കേന്ദ്രങ്ങളിൽ അമേരിക്കൻ ഭക്ഷ്യ ഏജൻസി നേരിട്ട് വലിയ ശേഖരവും എത്തിച്ചുനൽകിയിട്ടുണ്ട്. അതിന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി അമേരിക്കൻ ചാനൽ സി.എൻ.എൻ നൽകിയ റിപ്പോർട്ട് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. എല്ലാം ശരിവെച്ചാണിപ്പോൾ സാലിഹ് കൊല്ലപ്പെടുന്നത്. മിലീഷ്യകളെ മുന്നിൽ നിർത്താൻ കൊലപാതകം തുടരാൻ ഗസ്സയുടെ 56-58 ശതമാനം ഭൂമിയിലും ഇസ്രായേൽ സൈന്യം ഇപ്പോഴുമുണ്ട്. വെടിനിർത്തലിന്റെ ഒന്നാം നാൾ 40ഓളം സിവിലിയന്മാരെ കൊന്ന അവർ ഇപ്പോഴും അറുകൊല തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.