പ്രതീകാത്മക ചിത്രം
കോട്ടയം: കേരളത്തിലെ വയോധികരിൽ വീഴ്ചകളും അതേതുടർന്നുള്ള പരിക്കും മരണവും കൂടുന്നതായി പഠനം. സെന്‍റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്‍റെ (സി.ഡി.എസ്) കേരള ഏജിങ് സർവേയെ അവലംബമാക്കി പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. എസ്. ഇരുദയ രാജൻ, യമുന ദേവി എന്നിവർ 2004 മുതൽ 2019 വരെയാണ് പഠനം നടത്തിയത്. ഇരുദയ രാജൻ എഡിറ്ററായ സ്പ്രിങ്ങർ നേച്ചർ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഹാൻഡ്ബുക് ഓഫ് ഏജിങ്, ഹെൽത്ത് ആൻഡ് പബ്ലിക് പോളിസി, പേഴ്സ്പെക്ടിവ് ഫ്രം ഏഷ്യ എന്ന ഗ്രന്ഥത്തിൽ ഈ ഗവേഷണഫലമുണ്ട്. സംസ്ഥാനത്ത് വയോധികരുടെ എണ്ണം കൂടുന്നതിനാൽ വരുംവർഷങ്ങളിൽ വീഴ്ചകളുടെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും എണ്ണം വർധിച്ചേക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
സ്ത്രീകളിലാണ് വീഴ്ച കൂടുതലായി കണ്ടുവരുന്നത്. പ്രായമായ ഓരോ അഞ്ച് സ്ത്രീകളിലും ഒരാൾക്ക് വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ട്. വീണത് മൂലമുള്ള പരിക്കുകളും സ്ത്രീകളിലാണ് കൂടുതൽ (60 ശതമാനത്തിലധികം). സ്ത്രീകളിൽ തന്നെ വിധവകളാണ് കൂടുതൽ വീഴുന്നത്.
വീഴ്ചയിൽ പ്രായം ഒരുപ്രധാന ഘടകമാണ്. 70 വയസ്സിനും അതിൽ കൂടുതലുമുള്ളവരിൽ വീഴ്ചയുടെ തോത് കൂടുതലാണ്. പ്രായമായവർക്ക് വീഴ്ച മൂലമുള്ള പരിക്കുകളിൽനിന്ന് സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കുന്നു. മൂന്നിലൊന്ന് പേർക്ക് പൂർണമായി സുഖംപ്രാപിക്കാൻ സാധിച്ചിട്ടില്ല. പ്രായം കൂടുന്തോറും വീഴ്ചക്ക് ശേഷമുള്ള അതിജീവനം കുറയുന്നതായും പഠനം പറയുന്നു. മുൻ സർവേയിൽ ഒരുതവണ വീണ 11.5 ശതമാനം പേർ അടുത്തസർവേ വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ മരിച്ചിട്ടുണ്ട്. മുമ്പ് വീഴ്ച സംഭവിച്ചവർക്ക് വീണ്ടും വീഴ്ചയുണ്ടാകാനുള്ള സാധ്യത രണ്ടോ മൂന്നോ ഇരട്ടിയാണ്.
വാർധക്യത്തിലെ വീഴ്ചകൾ വൈകല്യം, സ്വാതന്ത്ര്യനഷ്ടം, മരണനിരക്ക് വർധിപ്പിക്കൽ തുടങ്ങിയ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടുന്നു. പലരെയും വീഴ്ചയിലേക്ക് നയിച്ചത് സാമൂഹിക ഒറ്റപ്പെടലും മറ്റു രോഗബാധകളുമാണ്. മരുന്നുകളുടെ ഉപയോഗം വീഴ്ചകൾക്കുള്ള ഒരു പ്രധാന കാരണമാണ്.
ഒന്നിലധികം രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടുകളുമുള്ള 70 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് വീഴ്ചയുടെ നിരക്കും സാധ്യതകളും കൂടുതൽ. അതിനാൽ, ഈ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക ഇടപെടലുകൾ ആവശ്യമാണ്. ആരോഗ്യ വിദഗ്ധർ പ്രായമായ രോഗികൾക്കും കുടുംബങ്ങൾക്കും ഇത് സംബന്ധിച്ച ബോധവത്കരണം നൽകേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
2004- 2019 വരെ വിവിധ ഘട്ടങ്ങളിലായി നടന്ന സർവേ.
4940 മുതിർന്ന പൗരൻമാർ സർവേയിൽ സംബന്ധിച്ചു (2272 പുരുഷന്മാരും 2668 സ്ത്രീകളും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.