റിയാദ് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ ലക്ഷക്കണക്കിന് പ്രവാസികൾക്ക് പ്രിയങ്കരമായി തീർന്ന ബത്ഹയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് രാവും പകലും ജീവിതം ചെലവിട്ടയാളാണ് അബ്ദുക്ക. ഈ സഹവാസം കൊണ്ട് ബത്ഹയുടെ കാമുകനായി മാറുകയായിരുന്നു മലപ്പുറം വാഴക്കാട്ട് നിന്ന് ജീവിതം തിരഞ്ഞുവന്ന അബ്ദു. അതുകൊണ്ടാണ് 75-ാം വയസ്സിൽ പ്രവാസത്തോട് വിടപറയേണ്ടിവരുേമ്പാഴും ഉള്ളിലിരുന്ന് ആ കാമുകൻ പിരിയാൻ വയ്യെന്ന് മന്ത്രിക്കുന്നത്.
32 വർഷം പിന്നിട്ട പ്രവാസത്തിലെ 27 വർഷവും ചെലവിട്ടത് ബത്ഹയിലാണ്. ജോലിയും ഉറക്കവുമെല്ലാം ബത്ഹയുടെ ഹൃദയഭാഗത്ത് തന്നെയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ബത്ഹ നഗരത്തെ പിരിയാനെ പറ്റുന്നില്ലെന്ന് അബ്ദുക്ക പറയുന്നു. ബത്ഹ കേരള മാർക്കറ്റിലെ സഫ മക്ക പോളിക്ലിനിക്കിന്റെ കവാടത്തിൽ രോഗാതുരരായി എത്തുന്നവർക്ക് വഴികാട്ടുകയായിരുന്നു അബ്ദുക്കയുടെ ജോലി. ആവശ്യക്കാരെ വരവേൽക്കാൻ നിൽക്കുന്ന അദ്ദേഹത്തിന്റെ ചിരി സുപരിചിതമാണ് റിയാദിലെ പ്രവാസി സമൂഹത്തിന്.
1993-ലാണ് സൗദിയിലെത്തുന്നത്. വിവിധ പ്രാവശ്യകളിലും വ്യത്യസ്ത സ്ഥാപനങ്ങളിലും ജോലി ചെയ്ത് ഒടുവിലെത്തിയത് സഫ മക്ക പോളിക്ലിനിക്കിൽ. ബത്ഹയുടെ ഹൃദയഭാഗത്തുള്ള സഫ മക്കയിലെ ജോലിയാണ് ബത്ഹയെ ദൈനം ദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ലഹരിയാക്കിയത്. കടലിലേക്ക് ചെറു പുഴകൾ ഒഴുകിയെത്തുമ്പോലെ വാരാന്ത്യങ്ങളിൽ നഗരത്തിെൻറ വിവിധ ചെറുപട്ടങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വ്യത്യസ്ത ദേശക്കാരായ മനുഷ്യരെ ഇനി കാണാനാകില്ല. അവരുടെ കലപിലകളും ട്രാഫിക് പൊലീസ് വാഹനത്തിൽനിന്നുള്ള അച്ചടക്ക ആഹ്വന അനൗൺസ്മെന്റുകളും ഇനി കാതുകൾ ആസ്വദിക്കില്ലെന്ന നഷ്ടബോധം പേറുന്നുണ്ട് തിരിച്ചുപോകുമ്പോൾ.
പ്രവാസം സ്വീകരിക്കുമ്പോൾ നാട് നഷ്ടപ്പെട്ടെന്നായിരുന്നു ചിന്ത, ഇപ്പോൾ പ്രവാസം അവസാനിപ്പിക്കുമ്പോൾ അതിനേക്കാൾ വലിയ വിരഹവേദനയാണ് പേറുന്നതെന്നും അബ്ദുക്ക ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഭാര്യ അസ്മാബി, മക്കൾ ഫസ്ന, ഫസീല എന്നിവരടങ്ങിയതാണ് കുടുംബം. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഓഫീസിെൻറ താക്കോൽ സൂക്ഷിപ്പും ഓഫിസിൽ എത്തുന്നവർക്ക് ആവശ്യമായ സേവനം നൽകലും കൂടി അബ്ദുക്കയുടെ ചുമതലയായിരുന്നു. നീണ്ട കാലം നൽകിയ സേവനത്തിെൻറ പശ്ചാത്തലത്തിൽ മീഡിയ ഫോറം അബ്ദുക്കയ്ക്ക് യാത്രയപ്പ് നൽകി. നജിം കൊച്ചുകലുങ്ക്, വി.ജെ. നസറുദീൻ, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, നാദിർഷ റഹ്മാൻ, മുജീബ് ചങ്ങരംകുളം എന്നിവർ റിംഫിെൻറ സമ്മാനം കൈമാറി. ആരോഗ്യവും സാഹചര്യവും അനുവദിച്ചാൽ ഓർമകളുടെ ഞരമ്പുകൾ പടർന്നുകിടക്കുന്ന ബത്ഹയിലേക്ക് തിരിച്ചുവരണമെന്നതാണ് അബ്ദുക്കയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.