സ്വന്തമായി കാർ നിർമിച്ച് 10-ാം ക്ലാസുകാരൻ; അജ്ലാന് നാടിന്റെ ആദരം
കക്കോടി: സ്വന്തമായി കാർ നിർമ്മിച്ച് ശ്രദ്ധേയനായ ജി.എച്ച്.എസ്.എസ്. നരിക്കുനിയിലെ പത്താം ക്ലാസ് വിദ്യാർഥി അജ്ലാനെ റോട്ടറി ക്ലബ് ആദരിച്ചു. വിദ്യാർഥികളിലെ ശാസ്ത്ര-സാങ്കേതിക താൽപര്യങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റോട്ടറി ക്ലബ് ഏർപ്പെടുത്തിയ ഇന്നൊവേഷൻ അവാർഡാണ് ദേശീയ എൻജിനീയറിങ് ദിനാചരണത്തിന്റെ ഭാഗമായി സമ്മാനിച്ചത്.
നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സജീവൻ അജ്ലാന് അവാർഡ് സമ്മാനിച്ചു. സ്വന്തം ആശയത്തിൽ രൂപകൽപന ചെയ്ത് നിർമിച്ച കാർ അജ്ലാന്റെ സാങ്കേതിക മികവിന്റെയും സർഗാത്മകതയുടെയും തെളിവാണെന്ന് അഭിപ്രായപ്പെട്ടു. ചെറുപ്രായത്തിൽ തന്നെ ശാസ്ത്ര-സാങ്കേതിക മേഖലയിൽ താൽപര്യം പ്രകടിപ്പിച്ച് ഒരു പ്രായോഗിക മാതൃക സൃഷ്ടിക്കാൻ അജ്ലാന് കഴിഞ്ഞത് മറ്റ് വിദ്യാർഥികൾക്കും പ്രചോദനമാകുന്നതാണ്.
സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ കാഷ് അവാർഡ് സെക്രട്ടറി ശാലിനി കൈമാറി. പ്രധാനാധ്യാപിക എം. സിന്ധു ഉദ്ഘാടനം ചെയ്തു. സീനിയർ അസി. അബ്ദുൽ ബഷീർ, കെ.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.