രാഷ്ട്രീയ രംഗത്തെ വിവാദ നായകർ മുതൽ സംഗീത ഇതിഹാസങ്ങൾ വരെ; 2026-ൽ ലോകം ഏറ്റവുമധികം ഗൂഗിളിൽ സെർച്ച് ചെയ്ത വ്യക്തികൾ ആരൊക്കെ?
2026 അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രമാണ് ഉള്ളത്. ഈ വർഷം ലോകം ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്ത വ്യക്തികൾ ആരൊക്കെയാണെന്ന കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. രാഷ്ട്രീയ രംഗത്തെ വിവാദ നായകർ മുതൽ വിടപറഞ്ഞ സംഗീത ഇതിഹാസങ്ങൾ വരെ ഇടംനേടിയ ഈ വർഷത്തെ ഗൂഗിൾ സെർച്ച് ലിസ്റ്റിൽ ഏറ്റവും മുന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2026-ൽ ലോകമെമ്പാടും ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ പ്രമുഖരുടെ ചുരുക്കപ്പട്ടികയിൽ ഡൊണാൾഡ് ട്രംപിനെ കൂടാതെയുള്ള മറ്റ് സെലിബ്രേറ്റികൾ ആരൊക്കെയാണെന്ന് നോക്കാം.
1. ഡൊണാൾഡ് ട്രംപ്
തുടർച്ചയായ മൂന്നാം വർഷമാണ് ഡൊണാൾഡ് ട്രംപ് ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നയങ്ങളും രാഷ്ട്രീയ പ്രസ്താവനകളും നിരന്തരം വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. ട്രംപിന്റെ പുതിയ തീരുമാനങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമറിയാൻ ലോകം കാണിക്കുന്ന കൗതുകമാണ് ഗൂഗിൾ സെർച്ചിൽ അദ്ദേഹത്തെ വീണ്ടും ഒന്നാമതെത്തിച്ചത്.
2. ഡോളി പാർടൺ
ഈ വർഷത്തിന്റെ തുടക്കത്തിൽ അന്തരിച്ച കൺട്രി സംഗീതത്തിന്റെ രാജ്ഞി ഡോളി പാർടൺ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. ക്വീൻ ഓഫ് കൺട്രി എന്നറിയപ്പെടുന്ന ഈ പാട്ടുകാരിയുടെ വിയോഗം ലക്ഷക്കണക്കിന് ആരാധകരെയാണ് കണ്ണീരിലാഴ്ത്തിയത്. സംഗീതത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാംസ്കാരിക രംഗത്തെ സ്വാധീനത്തിലൂടെയും അവർ ലോകമെമ്പാടും പ്രിയപ്പെട്ട വ്യക്തിയായിരുന്നു.
3. ആൻ ഹാത്വേ
2026-ൽ അഞ്ച് പ്രധാന സിനിമകളുമായി തിളങ്ങിയ ഹോളിവുഡ് താരം ആൻ ഹാത്വേയാണ് മൂന്നാം സ്ഥാനത്ത്. മദർ മേരി, ദി ഡെവിൾ വെയർ പ്രഡ 2 തുടങ്ങി വ്യത്യസ്തമായ ചിത്രങ്ങളിലൂടെയും ഗർഭകാലത്തെ വിശേഷങ്ങളിലൂടെയും താരം വർഷം മുഴുവൻ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.
4. ഹെയ്ഡൻ പനേറ്റിയർ
അപകടകരമായ രീതിയിൽ അമിതമായി മരുന്നുപയോഗിച്ചതിനെ തുടർന്നുണ്ടായ അപ്രതീക്ഷിത മരണം ലോകത്തെ ഞെട്ടിച്ച നടി ഹെയ്ഡൻ പനേറ്റിയർ പട്ടികയിൽ നാലാമതുണ്ട്. ബാലതാരമായി അഭിനയരംഗത്തെത്തി നിരവധി ഹിറ്റ് പരമ്പരകളിലൂടെ പ്രശസ്തയായ നടിയുടെ വിയോഗം ആരാധകരെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
5. ജോൺ എഫ്. കെന്നഡിയും കരോലിൻ ബെസെറ്റ് കെന്നഡിയും
അമേരിക്കയുടെ ചരിത്രത്തിലെ എക്കാലത്തെയും പ്രശസ്തരായ പ്രണയ ജോഡികളെക്കുറിച്ചുള്ള എഫ്.എക്സിന്റെ ലവ് സ്റ്റോറി എന്ന പരമ്പര പുറത്തിറങ്ങിയതോടെയാണ് ഇവർ വീണ്ടും ചർച്ചകളിൽ സജീവമായത്. കരോലിൻ ബെസെറ്റിന്റെ ഫാഷൻ ശൈലി ഈ വർഷത്തെ പ്രധാന ട്രെൻഡുകളിൽ ഒന്നായി മാറിയതോടെ ജനങ്ങൾ ഇവരെ ഗൂഗിളിൽ വ്യാപകമായി തിരഞ്ഞു.
ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശ്രദ്ധ ഏതൊക്കെ വിഷയങ്ങളിലേക്കും വ്യക്തികളിലേക്കുമാണ് തിരിഞ്ഞതെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.