75 ദിവസം ഇന്ത്യ ചുറ്റി കണ്ടത് ഓട്ടോയിൽ; നാട്ടിലേക്ക് മടങ്ങിയപ്പോൾ ഓട്ടോയെയും കൂടെക്കൂട്ടി ബ്രിട്ടീഷ് ദമ്പതികൾ
ഒരു യാത്രക്ക് ശേഷം ചിത്രങ്ങളും മറ്റ് വസ്തുക്കളും ഓർമക്കായി പലരും എടുത്ത് വക്കാറുണ്ട്. എന്നാൽ യാത്ര ചെയ്ത വണ്ടി തന്നെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയാലോ. ഇന്ത്യയിലെത്തിയ ഹെലന്‍, മിക്ക് എന്നീ ബ്രിട്ടീഷ് ദമ്പതികളാണ് ഇത്തരത്തിൽ തങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ അപ്പാടെ തിരികെ നാട്ടിലേക്ക് കൊണ്ടുപോയത്. 75 ദിവസം കൊണ്ട് ഇന്ത്യയിലെ 4,218 കിലോമീറ്റർ താണ്ടിയ തങ്ങളുടെ പ്രിയപ്പെട്ട ഓട്ടോറിക്ഷയെ ഉപേക്ഷിക്കാൻ മനസ്സില്ലാതായതോടെയാണ് ദമ്പതികൾ അതിനെ കപ്പൽമാർഗം ബ്രിട്ടനിലെത്തിച്ചത്. സംഭവം സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ നിരവധി പേർ പ്രതികരണവുമായെത്തി.
ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ബജാജ് ഓട്ടോറിക്ഷയിലായിരുന്നു ഇരുവരും ഇന്ത്യ ചുറ്റിക്കണ്ടത്. 'ടിമ്മി ദ ടിൻ കാൻ' (Timmy the Tin Can) എന്നായിരുന്നു ഓട്ടോറിക്ഷക്ക് നൽകിയ പേര്. മുൻവശത്തെ കാർട്ടൂൺ കണ്ണുകളും ചിരിക്കുന്ന മുഖവും ഓട്ടോറിക്ഷക്ക് പ്രത്യേക രൂപം നൽകി. ചെന്നൈയിലാണ് ഓട്ടോ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവിധ നഗരങ്ങളും സംസ്ഥാനങ്ങളും പിന്നിട്ട യാത്രയിൽ ആഗ്രയും ലോകപ്രശസ്തമായ താജ്മഹലുമെല്ലാം അവർ സന്ദർശിച്ചു. 75 ദിവസം നീണ്ട യാത്രയിൽ 4,218 കിലോമീറ്ററാണ് ദമ്പതികൾ സഞ്ചരിച്ചത്. തങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി അവർ ഈ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചു.
തിരികെ നാട്ടിലേക്ക് പോകുന്ന വേളയിലാണ് ഓട്ടോറിക്ഷയെ എന്തുചെയ്യുമെന്ന ചോദ്യം ഉയർന്നത്. ഇത്രയും നാൾ തങ്ങളോടൊപ്പം സഞ്ചരിച്ച വാഹനത്തെ ഇന്ത്യയിൽ ഉപേക്ഷിക്കാൻ ദമ്പതികൾക്ക് താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന് ഓട്ടോറിക്ഷ കപ്പൽമാർഗം ബ്രിട്ടനിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള നടപടികൾ പൂർത്തിയാക്കാന്‍ ആറ് മാസമെടുത്തെന്നാണ് ദമ്പതികൾ പറയുന്നത്.
ഒക്ടോബർ 23നാണ് ലണ്ടനിലെ ലണ്ടൻ ഗേറ്റ്‌വേ തുറമുഖത്ത് ടിമ്മി എത്തിയത്. ആറുമാസത്തെ കാത്തിരിപ്പിനുശേഷം തങ്ങളുടെ പ്രിയപ്പെട്ട വാഹനത്തെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ദമ്പതികൾ. സംഭവത്തിന്‍റെ വിശദാംശങ്ങൾ വ്യവസായി ഹർഷ് ഗോയങ്ക എക്സിലൂടെ പങ്കുവെച്ചതോടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഇന്ത്യൻ നിരത്തുകളിൽനിന്ന് ബ്രിട്ടീഷ് തീരത്തേക്കുള്ള ഓട്ടോറിക്ഷയുടെ യാത്ര കൗതുകകരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എന്നാൽ ടിമ്മിയുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ബ്രിട്ടന്‍റെ നിരത്തുകളിലൂടെ ഓടിക്കാൻ ആവശ്യമായ നടപടികൾ ദമ്പതികൾക്ക് പൂർത്തിയാക്കേണ്ടതുണ്ട്. മറ്റൊരു രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്ത ഒരു വാഹനം അവിടത്തെ നിരത്തുകളിൽ നിയമപരമായി ഓടിക്കാൻ അനുമതി ലഭിക്കേണ്ടതുണ്ട്. അതിനാൽ ടിമ്മിക്ക് ബ്രിട്ടനിലെ നിരത്തുകളിൽ ഓടിത്തുടങ്ങാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
ഇന്ത്യയിലെ തിരക്കേറിയ നിരത്തുകളിലൂടെ 4,218 കിലോമീറ്റർ സഞ്ചരിച്ച ഒരു ഓട്ടോറിക്ഷ ഇപ്പോൾ ബ്രിട്ടനിലും പുതിയ യാത്രക്ക് ഒരുങ്ങുകയാണ്. ഒരു വിനോദയാത്രയുടെ ഓർമക്കായി ഒരു രാജ്യം കടന്ന് പ്രിയപ്പെട്ട വാഹനത്തെ കൂടെക്കൂട്ടിയ ദമ്പതികളുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.