‘ഭീകരവേട്ട’യിൽ പ്രസിദ്ധനായ അസം പൊലീസ് ഉദ്യോഗസ്ഥന് കേന്ദ്രത്തിന്റെ പുരസ്കാരം

ഗുവാഹത്തി: ഭീകര സംഘടനകൾക്കെതിരെ നിരവധി ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയ ഗുവാഹത്തി പൊലീസ് കമ്മീഷണർ ഡോ. പാർത്ഥ സാരഥി മഹന്തക്ക് കേന്ദ്രത്തിന്റെ പരമോന്നത പുരസ്കാരം. ഭീകരവിരുദ്ധ, ലഹരി വിരുദ്ധ ദൗത്യങ്ങളിലെ മികവിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക് 2026 ലഭിച്ചത്. അസം പൊലീസിൽ 'സൂപ്പർ കോപ്പ്' എന്നറിയപ്പെടുന്ന മഹന്ത ഉൾപ്പെടെ സംസ്ഥാനത്ത് നിന്ന് 19 പേരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്.

ഗുവാഹത്തിയുടെ ക്രമസമാധാന ചുമതലക്കൊപ്പം അസം പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ ഇൻസ്പെക്ടർ ജനറലായി പ്രവർത്തിക്കുന്ന മഹന്തയുടെ നേതൃത്വത്തിലാണ് സമീപ വർഷങ്ങളിലെ നിർണായക ഓപ്പറേഷനുകൾ. 2023 മാർച്ചിൽ വീണ്ടും സജീവമാക്കിയ എസ്.ടി.എഫ് 2024 ഡിസംബർ വരെ 254 ഓപ്പറേഷനുകൾ നടത്തുകയും 41 കേസുകൾ രജിസ്റ്റർ ചെയ്ത് 482 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഈ കാലയളവിൽ ഭീകര സംഘടനകൾ, മാവോയിസ്റ്റുകൾ, ഉൾഫ-ഐ, മണിപ്പൂർ കേന്ദ്രമായുള്ള വിമത ഗ്രൂപ്പുകൾ എന്നിവയുമായി ബന്ധമുള്ള 21 പേരെ പിടികൂടി. ഇതിൽ ഐസിസിന്റെ ഇന്ത്യൻ തലവൻ എന്നാരോപിച്ച് 2024ൽ ഹാരിസ് അജ്മൽ ഫാറൂഖിയെയും കൂട്ടാളി അനുരാഗ് സിങ്ങിനെയും അറസ്റ്റ് ചെയ്തതാണ് രാജ്യശ്രദ്ധ നേടിയത്.

ലഹരി മാഫിയക്കെതിരെ എസ്.ടി.എഫിന്റെ ഐ.ജി ആയ മഹന്തയുടെ നേതൃത്വത്തിൽ റെക്കോർഡ് വേട്ടയാണ് നടന്നത്. രാജ്യത്താകെ 490 പേർക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്.

Tags:    
News Summary - Assam Cop Central Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.