പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുന്നില്ലെന്ന് എപ്പോഴെങ്കിലും നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ആറ്റുനോറ്റ് ഒരു ഫ്രീ ടൈം കിട്ടിയാൽ അത് വേണ്ടപ്പെട്ടവർക്കൊപ്പം ചെലവഴിക്കാതെ ഓഫിസ് ജോലിയുടെ തീരാത്ത ഭാഗം തീർക്കാനോ വസ്ത്രം അടുക്കിവെക്കാനോ ഒക്കെ പോകാറുണ്ടോ?
അതെ എന്നാണെങ്കിൽ അതിനെ വിളിക്കേണ്ട പേരാണ് ‘സമയദാരിദ്ര്യം’. ഇത് വെറും ബിസി മാത്രമല്ല. ചെയ്തുതീർക്കേണ്ട കാര്യങ്ങളാൽ ദിവസം മുഴുവൻ കെട്ടിമറിഞ്ഞു നിൽക്കേണ്ടിവരുന്നതുകാരണം നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടവരുമായി ചെലവിടാൻ സമയമില്ലാത്ത ദുരവസ്ഥയാണ് സമയദാരിദ്ര്യം. കോവിഡ് മഹാമാരിക്കുശേഷം ഈ സാമൂഹിക യാഥാർഥ്യം ഏറെ രൂക്ഷമായിട്ടുണ്ട്. 24 മണിക്കൂർ ഒന്നിനും തികയാത്ത അവസ്ഥ. സമയദാരിദ്ര്യമെന്ന അവസ്ഥ പലരുടെയും വ്യക്തിബന്ധങ്ങളെ മാറ്റിമറിക്കുന്നതായി മനഃശാസ്ത്ര വിദഗ്ധർ പറയുന്നു.
ദാരിദ്ര്യം അനുഭവപ്പെടുന്ന വഴി
ഒട്ടേറെ ജോലികളാൽ കലണ്ടർ നിറഞ്ഞുകവിയുന്ന അവസ്ഥയല്ല സമയദാരിദ്ര്യം. നമുക്ക് നിയന്ത്രണാധികാരമുള്ള സമയത്തിന്റെ കുറവാണത്. വിശ്രമിക്കാനും ശാന്തമായിരിക്കാനും മറ്റു കാര്യങ്ങളൊന്നും തലയിലില്ലാതെ പ്രിയപ്പെട്ടവർക്കൊപ്പം ഇരിക്കാനും കഴിയുന്ന സമയമാണത്. ജോലിയുമായി ബന്ധപ്പെട്ടായിരിക്കില്ല, വീടുമായി ബന്ധപ്പെട്ട മറ്റു ജോലികളാകും പലപ്പോഴും സമയം നഷ്ടമാക്കുന്നത്. സ്ത്രീകളാണ് സമയദാരിദ്ര്യത്തിന്റെ വലിയ ഇരകൾ.
15-59 വയസ്സിനിടയിലുള്ള സ്ത്രീകൾ അഞ്ചു മണിക്കൂറിലധികം വീട്ടുജോലികൾ ചെയ്യുന്നുവെന്നാണ് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ ടൈം യൂസ് സർവേ 2024 പറയുന്നത്. പുരുഷന്മാരെക്കാൾ മൂന്നു മണിക്കൂർ കൂടുതലാണിത്. ചെറിയ കുട്ടികളും പരിചരണം ആവശ്യമുള്ളവരും ഉണ്ടെങ്കിൽ അതിന്റെ അധിക ബാധ്യതയും സ്ത്രീകൾക്കായിരിക്കും.
‘ദാരിദ്ര്യ’ നിർമാർജനം എങ്ങനെ?
പല വീട്ടുജോലികളും ദമ്പതിമാർക്ക് ഒന്നിച്ച് ചെയ്തുകൊണ്ട് ‘ഒന്നിച്ചുള്ള സമയം’ കണ്ടെത്താം. പാത്രം കഴുകുന്നതും വസ്ത്രം മടക്കിവെക്കുന്നതും വ്യായാമവുമെല്ലാം ഇങ്ങനെ പരീക്ഷിക്കാം. കുറേ സമയം ഒന്നിച്ചുണ്ടാവുന്നതിനെക്കാൾ കിട്ടിയ സമയം ഗുണകരമായി വിനിയോഗിക്കണം. ‘എനിക്കു വേണ്ടി സമയം കണ്ടെത്തിയതിന് നന്ദി’ എന്ന് പങ്കാളിയോട് പറയുന്നതിന് ‘ഐ ലവ് യു’ എന്നതിനോളം ശക്തിയുണ്ട്. ജോലിയും വീടും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്ന ടെക്നോളജിയെ ഒരു പരിധിയിൽ കവിഞ്ഞ് പ്രോത്സാഹിപ്പിക്കാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.