കാര്യങ്ങൾ ചെയ്തു തീർക്കാൻ ചുവരിലെ ക്ലോക്കിനേക്കാൾ, തന്റെ ആന്തരിക ബോധത്തെ ആശ്രയിക്കുന്ന ‘ഇവന്റ് ടൈമേഴ്സും’ ക്ലോക്ക് സമയത്തെ അടിസ്ഥാനമാക്കി എല്ലാം ചിട്ടപ്പെടുത്തി നീങ്ങുന്ന ‘ക്ലോക്ക് ടൈമേഴ്സും’ തമ്മിലെന്താണ് വ്യത്യാസം?
ദിനചര്യകളും പ്രഫഷണൽ കാര്യങ്ങളും ചെയ്യുന്നതിന് സമയത്തെ വരുതിയിലാക്കാൻ പലരും പലവഴികളാണ് തേടാറ്. ജോലി ചെയ്തു തീർക്കാൻ സമയക്രമം നിശ്ചയിക്കുന്നത് പലരും പല രൂപത്തിലുമാണ്. സമയത്തെ കൈകാര്യം ചെയ്യുന്നതിന്റെ രീതിയനുസരിച്ച് ആളുകൾ പ്രധാനമായും രണ്ടു തരക്കാരാണെന്ന് ബിഹേവിയറൽ സയൻസ് വിദഗ്ധർ പറയുന്നു.
ഓരോ കാര്യം ചെയ്തുതീർക്കാൻ ചുവരിലെ ക്ലോക്കിനേക്കാൾ, തന്നിലെ ആന്തരിക ട്രിഗറിനെ ആശ്രയിക്കുന്ന ‘ഇവന്റ് ടൈമേഴ്സും’ ക്ലോക്ക് സമയത്തെ അടിസ്ഥാനമാക്കി എല്ലാം ചിട്ടപ്പെടുത്തി നീങ്ങുന്ന ‘ക്ലോക്ക് ടൈമേഴ്സും’ ആണ് ഇതിൽ പ്രധാനം.
തങ്ങളുടെ ദിനം ക്ലോക്കിനെ അടിസ്ഥാനപ്പെടുത്തി സംവിധാനംചെയ്യുന്നവരാണ് ക്ലോക്ക് ടൈമർ. അഞ്ചിന് എഴുന്നേൽക്കുക, എട്ടിന് ഭക്ഷണം കഴിക്കുക...എന്നിങ്ങനെ ദിനചര്യകളെല്ലാം ഒരേസമയത്തായി ഇവർ ചെയ്തു തീർക്കും. അതേസമയം, ചെയ്തു തീർക്കേണ്ട ജോലിക്കും പ്രവർത്തനത്തിനും അനുസരിച്ച് സമയം നീക്കിവെക്കുന്നവരാണ് ഇവന്റ് ടൈമർ. അതിന് ക്ലോക്കിലെ സമയത്തിന് അവർ കാര്യമായ പരിഗണന നൽകില്ല. ആദ്യം ചെയ്തുതുടങ്ങിയ കാര്യം തീർത്ത ശേഷമേ അവർ അടുത്തതിലേക്ക് പോകൂ. അതായത്, ആദ്യത്തേതിന് എത്ര സമയമെടുത്താലും അടുത്തത് തീർക്കേണ്ട സമയമായാലും അതിലേക്ക് പ്രവേശിക്കില്ല എന്നർഥം.
ടെൻഷനില്ലാതെയും അവസാന നിമിഷങ്ങളിലെ കൂട്ടപ്പൊരിച്ചിലില്ലാതെയും കാര്യങ്ങൾ ചെയ്തുതീർക്കുന്നവരാണ് ക്ലോക്ക് ടൈമേഴ്സ്. ഇത്തരക്കാർക്ക് സമയത്തിൽ മികച്ച നിയന്ത്രണമുണ്ടാകും. കാര്യക്ഷമതയും ഏറെയായിരിക്കും. മാനസികസമ്മർദം കുറവായിരിക്കും. അതേസമയം, ഒട്ടും അയവില്ലാത്ത സമയക്രമം കാരണം അതിന്റേതായ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്.
ദിനചര്യയിലും ഡെഡ് ലൈൻ ജോലികളിലും ഇത്തരക്കാർക്ക് മികവു പുലർത്താൻ പറ്റും. അതേസമയം, ക്രിയേറ്റിവ് ജോലികൾ പോലുള്ളവയാണെങ്കിൽ ഇവന്റ് ടൈമേഴ്സ് തിളങ്ങും. കാരണം അത്തരക്കാർ ഒന്നിൽ മുഴുകിക്കഴിഞ്ഞാൽ സ്ഥലകാല ബോധങ്ങളിൽനിന്ന് മാറി അവരുടേതായ ലോകത്തായിരിക്കും. അയവുള്ള സമയക്രമത്തിൽ ഇവന്റ് ടൈമർമാർ ഇഷ്ടത്തോടെ ജോലി ചെയ്യും. അതേസമയം, തുടക്കത്തിലും അവസാനത്തിലും അവരെ സമ്മർദം അലട്ടാറുണ്ട്.
ദിനചര്യയിൽ, ഇവന്റ് ടൈമർമാർ തളർന്നാൽ വിശ്രമിക്കുകയും വിശന്നാൽ ഭക്ഷണം കഴിക്കുകയും ചെയ്യും. ദിവസം എങ്ങനെയാണോ അവർക്ക്, അതിന് അനുസരിച്ചാണ് അവർ നീങ്ങുക. അതേസമയം, പ്രഫഷനൽ ജീവിതത്തിലാണെങ്കിൽ, ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയിൽ ഹരം കയറിയാൽ ഭക്ഷണം വൈകുന്നതും ഉറക്കം വൈകുന്നതുമൊന്നും കണക്കിലെടുക്കാതെ ലക്ഷ്യമെത്തുംവരെ പ്രവർത്തിക്കും.
ക്ലോക്ക് ടൈമർമാരാകട്ടെ, വൈകീട്ട് അഞ്ചിന് ജോലി തീർന്നിട്ടില്ലെങ്കിൽ അവരത് അടുത്ത ദിവസത്തെ ഷെഡ്യൂളിലേക്ക് കൃത്യമായി ചാർട്ട് ചെയ്തു വെക്കും. എന്നാൽ, വ്യക്തി ജീവിതത്തിലാകട്ടെ, വിശന്നാലുമില്ലെങ്കിലും കൃത്യസമയത്ത് ഭക്ഷണം കഴിച്ചിരിക്കും. എന്ത് മൂഡ് ആണെങ്കിലും ‘ഒമ്പതു മുതൽ 10 വരെ’ ടി.വി കണ്ടിരിക്കും.
ചുരുക്കത്തിൽ, രണ്ടിലേതാണ് മികച്ചതെന്ന് പറയാനാകില്ലെങ്കിലും ജോലിയുടെ സ്വഭാവമനുസരിച്ച് ഏതാണ് തങ്ങൾക്ക് പറ്റിയ ശൈലിയെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. അക്കാദമിക്, കോർപറേറ്റ്, ഭരണപരമായ ജോലികളിലാണ് ക്ലോക്ക് ടൈമേഴ്സിന്റെ മികച്ച പെർഫോമൻസ്. എന്നാൽ, ഫ്രീലാൻസേഴ്സ്, കലാകാരന്മാർ, ഗവേഷകർ തുടങ്ങിയവർ പലരും ഇവന്റ് ടൈമർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.